Thursday, March 30, 2017

മകൾ

മകളായിരുന്നു നീ....
മണ്ണിന്റെ മകൾ!
പിച്ചവെച്ച പച്ചമണ്ണിനെ
പ്രാണൻ പോകും വരെയും
നെഞ്ചോടു ചേർത്തവൾ.

മഴയുടെ മകൾ !
കൂരമേൽ വീണ
മഴയുടെ താളത്തെ
വിജയകുതിപ്പിനു തുണയായി മാറ്റിയവൾ.

ആകാശത്തിന്റെ മകൾ!
തുറന്ന വാതിലിലൂ-
ടാകാശം കണ്ടു കിടന്നവൾ,
താരങ്ങളിൽ സ്വപ്നങ്ങളെഴുതിയവൾ.
അഗ്നിയുടെ മകൾ !

അപമാനത്തിൻ കൂരമ്പുകളെ
അണയാനാളമായി നെഞ്ചിലെരിച്ചവൾ.

അമ്മയുടെ മകൾ!
കഴുകൻ കണ്ണുകളോടു -
ശിരം കാട്ടിയോരമ്മചിറകിൻ
ചൂടേറ്റു വളർന്നവൾ.

മകളാണിന്നും....
ദേശത്തിന്റെ മകൾ!
നീതി തേടുന്നോരമ്മ -
മാനസത്തിൻ നീറ്റലായി മാറിയവൾ.

വിധിയുടെ മകൾ!
പകയുടെയെരിതീയിൽ
വെന്തു വെണ്ണീറായി
നീതി നേടും മുന്നേ
മണ്ണോടു ചേർന്നവൾ.

മകളായിരിക്കുമെന്നും ...
പൊരുതാനൊരു പടവാളായി
വഴികാട്ടാൻ വഴിവിളക്കായി
പെരുകിടും തിന്മയെ
എരിയിക്കാൻ തീനാളമായി
കൂടെയുണ്ടാവുമെന്നും .....


No comments:

Post a Comment