Wednesday, July 22, 2020

കാലം

രാത്രി വിടവാങ്ങുവാനൊരുങ്ങി... വേർപാടിൽ വിതുമ്പിയ ഭൂമി തൻ കണ്ണുനീർ, രാവിന്റെ മാറിൽ തണുത്ത മഞ്ഞുതുള്ളിയായി ! കണ്ണിലൊളിപ്പിച്ച കിനാവുകൾ ചിന്നി തെറിച്ചു, തിരികെ നടന്നുപോം രാവിൻറെ മടിയിൽ മയങ്ങാൻ വെമ്പി ! കരഞ്ഞു തളർന്നുറങ്ങിയ ഭൂമിയെ പ്രഭാതം തലോടി. സൂര്യകിരണമേറ്റു മഞ്ഞുതുള്ളിയും പൊട്ടിച്ചിരിച്ചു.. ഭൂമി ഇനി പകലിനു സ്വന്തം !!

Tuesday, July 21, 2020

ചിറകില്ലാ പക്ഷി

ഇനിയും ഒടുങ്ങാത്ത ദാഹമാണെനിക്ക് !
ഋതുക്കൾ മാഞ്ഞതറിയാതെ മഴക്കാറ് തേടിപ്പോമെ-
ന്നിണപ്പക്ഷിയിന്നു തളർന്നുറക്കമായി !
ഏതോ മരുപ്പച്ച തേടി പുലരിക്ക് മുന്നേ പറന്നിട്ടും,
സന്ധ്യയ്‌ക്കൊപ്പം തിരികെയണഞ്ഞെൻ
കൊക്കിലിറ്റമൃതം  അലിവോടെ തന്നിട്ടും,
ഇനിയുമൊടുങ്ങാത്ത ദാഹമാണെനിക്ക് !
മഴയും മരുപ്പച്ചയും വേണ്ട, കൊക്കിലിറ്റിറ്റു വീഴും
നിൻ സ്നേഹത്തിന് ദയയും വേണ്ട !
ഒരു പകൽ മുഴുക്കെ എന്നരികത്തൊരു 
ചിറകടി ശബ്ദം കേട്ടാൽ മതി ...


Monday, March 30, 2020

രാത്രി



പൂത്തവാനവും നിലാവും കൂടെ നീയും !!
രാത്രിയെ പ്രണയിക്കാൻ എനിക്ക് ഇതൊക്കെ മതി.
ഒരിക്കൽ അവൾ തന്നമുറിവുകൾ മറക്കാനും.

Tuesday, February 25, 2020

നായകർ

കൂരിരുൾ ഒരു കിരണത്തെ പെറ്റ പോൽ,
കാർമേഘം കുളിർകാറ്റായ പോൽ,
പട്ടിണിയിൽ പിറന്നു ദാരിദ്ര്യം വളർത്തിയ
ചിലരുണ്ട് കൂട്ടത്തിൽ.

കയ്യിൽ തീപന്തമേന്തി ഒഴുക്കിനെ വെട്ടിയവർ,
പുത്തൻ ചാലുകൾ തീർത്തവർ,
മരണം വിധിച്ച മാമൂല്‍പ്രിയരെ,
സ്വന്തം ചിതയിലെരിച്ചു ഇന്നും നമ്മെ
വെളിച്ചത്തിലേയ്ക്കു നയിക്കുന്നവർ !

                                                                     -അനഘ