Thursday, March 30, 2017

ദ്രൗപതിയുടെ പ്രതികാരം -7



അന്ന് ഫീൽഡിൽ നിന്ന് കുട്ടികളെ  മടക്കി കൊണ്ടുവരാനായി രവി സർ അർജുനനെ ചുമതലപെടുത്തി . ദ്രൗപതിയും കൂട്ടുകാരികളുമൊത്തു മടങ്ങി വരുകയായിരുന്നു അർജുനൻ .
"ഇവിടെ റേഞ്ച് ഒട്ടുമില്ല ! കുറേ നേരമായി ഞാൻ അമ്മയെ വിളിക്കാൻ ശ്രമിക്കുന്നു ."ദ്രൗപതി മൊബൈൽ ഫോണ്‍ ചെരിച്ചു നോക്കികൊണ്ട്‌ പ്രിയയോടു പറഞ്ഞു .
"ഇവിടെ എങ്ങനെ റേഞ്ച് കിട്ടാനാ ?നമ്മളിപ്പോൾ കാടിന് നടുവിലാണ് .അത്യാവശ്യമാണെങ്കിൽ ഹോട്ടലിൽ ചെന്നിട്ടു വിളിക്കാം .അർജുനൻ മറുപടി നൽകി .പ്രിയക്കത് ഒട്ടും രസിചില്ലെന്നു അവളുടെ മുഖം വ്യക്തമാക്കി .
"പക്ഷെ ,എനിക്കിപ്പോ വിളിക്കണമെങ്കിലോ ?"ദ്രൗപതി തർക്കിച്ചു .
ഇതെന്തു വാശിയാണെന്നോർത്തു അവൻ മിണ്ടാതെ നിന്നു  .അവർ മുന്നോട്ടു പോയി .ദ്രൗപതി   അവരോടൊപ്പം  നടക്കുന്നില്ലെന്ന് കുറച്ചു കഴിഞ്ഞാണ്  അവർക്ക് മനസിലായത് .അവർ തിരിഞ്ഞു നോക്കിയപ്പോൾ മൊബൈൽ ഉയർത്തിപ്പിടിച്ചു  നിൽക്കുകയായിരുന്നു അവൾ .
അർജുനൻ പുറകിലേക്ക് ഓടിച്ചെന്നു അവളുടെ കൈ പിടിച്ചു .
"തനിക്കെന്താ  കാര്യം പറഞ്ഞിട്ട് മനസിലാകാത്തത് .ഇവിടെ റേഞ്ച് കിട്ടില്ല !"അവൻ ദേഷ്യപ്പെട്ടു .
"ആരോട് ചോദിച്ചിട്ട താനെന്റെ കയ്യിൽ കയറി പ്പിടിച്ചത് ",ജ്വലിക്കുകയായിരുന്നു ദ്രൗപതി! അപ്പോഴേക്കും ബാക്കിയുള്ളവർ ഓടിയെത്തി .അർജുനൻ അവളുടെ ദേഹത്ത് നിന്നും കയ്യെടുത്തു .
"ഇയാളെന്തിനാ എന്നോട് ചൂടാവുന്നത് .ഞാനല്ലല്ലോ ഫോണ്‍ വെച്ച്  കളിച്ചോണ്ട് നിന്നത് ?"അർജുനൻ ദേഷ്യത്തിൽ ചോദിച്ചു .
"എടി ,അയാൾ  നിന്നെ തിരിച്ചു വിളിക്കാൻ ......"വിദ്യ അർജുനന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു .
"അതിനു...? ദേഹത്ത് തൊടാതെ വിളിക്കാൻ അറിയില്ലേ ?"  ,ദ്രൗപതി ഇടയ്ക്കു കയറി പറഞ്ഞു. അവളുടെ കണ്ണുകളിൽ അപ്പോഴും എരിയുന്ന  തീ ! ഒരു ആഗ്നേയാസ്ത്രം പോലെ അത് അർജുനന്റെ ഹൃദയത്തിൽ കൊണ്ടു .അവന്റെ  പതർച്ചക്കു  കാരണം അവളുടെ ദേഷ്യമായിരുന്നില്ല .പെട്ടെന്നുള്ള അവളുടെ മനമ്മാറ്റമായിരുന്നു .പ്രിയ അവളുടെ തോളത്തു തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു .അവൾ നോക്കിയപ്പോൾ പുറകെ  വരുന്നവരും മുൻപേ പോയവരും ഇപ്പോൾ അവരെ ശ്രദ്ധിച്ചു കൊണ്ട് നില്ക്കുകയാണ് .ചിലർ കാര്യങ്ങൾ അറിയാനായി  അടുത്തേക്ക് വരുന്നുണ്ട് .പ്രിയ പറഞ്ഞു "ഇത് വലിയ പ്രശ്നമാക്കണ്ട .ഇപ്പോൾ തന്നെ എല്ലാരും  ശ്രദ്ധിച്ചു തുടങ്ങി .ദ്രൗപതി  തണുത്തു .അവൾ ചുറ്റും നോക്കി .എന്നിട്ട് അർജുനനെ നോക്കി .
"തന്റെ മൊബൈൽ താ "
അർജുനൻ അമ്പരന്നു .'ഇത്രയും നേരം താണ്ഡവമായിരുന്നു .ഇപ്പോളിതാ ഒന്നുമറിയാത്ത പോലെ നിന്ന് മൊബൈൽ ചോദിക്കുന്നു '.
"എന്റെ മൊബൈൽ തന്നെ വേണാവോ ?",അവൻ ഒന്ന്  ഇരുത്തി ചോദിച്ചു .
"കൊടുത്തേക്കു സാറെ ,ഇനി അടുത്ത പൂരം തുടങ്ങും മുൻപ് അതങ്ങൂ കൊടുത്തേക്കു ",വിദ്യ ഇടപെട്ടു .ദ്രൗപതി അർജുനന്റെ കയ്യിൽ  നിന്ന് മൊബൈൽ വാങ്ങി .അതും ഉയർത്തിപ്പിടിച്ചു റേഞ്ച് നോക്കി നോക്കി അവൾ  കുറച്ചു ദൂരം നടന്നു . ഒന്നും മനസിലാകാതെ ബാക്കിയുള്ളവർ അവളെ കാത്ത് നിന്നു. 
                                                            --------------------------------
 രാത്രി ഡിന്നർ കഴിഞ്ഞു റൂമിലേക്ക്‌ മടങ്ങുമ്പോൾ അർജുനൻ ഇടനാഴിയിൽ  നിൽക്കുന്നത് ദ്രൗപതി കണ്ടു.  അവൾ അവന്റെ അടുത്തേക്ക് ചെന്നു .
"ഞാൻ ഇന്ന് ദേഷ്യപ്പെട്ടത്തിൽ വിഷമമുണ്ടെന്നറിയാം ."ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് .ദ്രൗപതി !. അവൾ തുടർന്നു ."ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു ! പ്രിയ ....."അവൾ നിർത്തി ,എന്നിട്ടവന്റെ ഭാവം ശ്രദ്ധിച്ച  ശേഷം തുടർന്നു ." ഇന്ന്  ഫീൽഡിൽ വെച്ച് നമ്മളെ  ഒരുമിച്ചു കണ്ടതിനു ശേഷം അവൾ എന്നോട് ............നമ്മൾ തമ്മിൽ എന്താ ബന്ധമെന്ന് ചോദിച്ചു ?",അവൾ ഒന്നുകൂടെ അവന്റെ മുഖം ശ്രദ്ധിച്ചു .അവന്റെ താത്പര്യം കൂടിയതായി കണ്ടു  തുടർന്ന് ,"ഞാൻ പറഞ്ഞു നോക്കി ,നമ്മൾ തമ്മിൽ അങ്ങനെ ഒന്നുമില്ലെന്ന് .പക്ഷെ അവൾക്കു വിശ്വാസം വന്നില്ല ,അതുകൊണ്ട് അവളെ വിശ്വസിപ്പിക്കാൻ ....................".അവൾ നിർത്തി .
"നമ്മൾ തമ്മിൽ ഒന്നുമില്ലേ ?"അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവൻ ചോദിച്ചു .അവൾ കുറച്ചു നേരം ആ കണ്ണുകളിൽ നോക്കി നിന്ന ശേഷം പറഞ്ഞു "പക്ഷെ അത്.......... ബാക്കിയുള്ളവരെ അറിയിക്കേണ്ട കാര്യമുണ്ടോ ?"അവൾ അവന്റെ മുഖത്ത് നോക്കി ചിരിച്ചു .അവൻറെ മുഖത്തും ആ ചിരി പടർന്നു .അവൾ തിരിഞ്ഞു നടന്നു .അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു ,അവൾ മായുന്നതുവരെ  .

                                                         -------------------------------------

"നീയിതുവരെ എവിടെയായിരുന്നു ?"റൂമിലേക്ക്‌ കയറിയപ്പോൾ പ്രിയ ചോദിച്ചു .
"ഞാൻ നിതിനെക്കാണാൻ .....",ദ്രൗപതി മറുപടി നൽകി .
"നിതിനെ കാണാനോ ? എങ്കിൽ ഇതായിരിക്കും എട്ടാമത്തെ അത്ഭുതം !"  കളിയാക്കി .
"അതെന്താ അങ്ങനെ പറഞ്ഞത് ?എനിക്ക് മാത്രം നിതിനെ കാണാൻ പാടില്ലേ ?",ദ്രൗപതി പറഞ്ഞത് മീനാക്ഷിയെ ഉദ്ദേശിച്ചായിരുന്നു .
" എന്നെ ഇതിനിടയിലേക്ക് കൊണ്ട് വരണ്ട "മീനാക്ഷി പറഞ്ഞു ,"നിങ്ങൾ ക്ലാസ്സിൽ കീരിയും പാമ്പും അല്ലെ ?അതുകൊണ്ടാ അവൾ അങ്ങനെ പറഞ്ഞത് "
പ്രിയ സംശയം മാറാതെ ചോദിച്ചു" നീ ഈ രാത്രി അവന്റെ മുറിയിൽ പോയതെന്തിനാ ?"
"ആര് മുറിയിൽ പോയി .ഞാൻ അവനെ കോറിഡോറിൽ വച്ചാ കണ്ടത് .എന്റെ ഈ മൊബൈലിനു എന്തോ പ്രശ്നം. കാൾ പോകുന്നില്ല .അത് ശരിയാക്കാൻ കൊടുത്തു .അവനു ഈ കാര്യങ്ങളിലൊക്കെ നല്ല അറിവാണല്ലോ ",ദ്രൗപതിയുദെ വിശദീകരിച്ചു.
ദ്രൗപതി ലാപ് തുറന്നു മൊബൈൽ ഖടിപ്പിച്ചു എന്തൊക്കെയോ ചെയ്തു ,മൂന്നുപേരും കിടന്നു കഴിഞ്ഞു .."ഇപ്പോൾ എന്ത് ചെയ്യുകയാ ?"വിദ്യ കിടന്നുകൊണ്ട് ചോദിച്ചു .
"അവൻ ഇതിലെ ഡാറ്റ എടുത്തിട്ടുണ്ടോ എന്ന് നോക്കുവാ ,നിങ്ങൾ കിടന്നോ ഞാൻ വരാം  ",മീനാക്ഷി ഉറങ്ങിയത് കൊണ്ട് അവിടെ മറ്റു തർക്കങ്ങൾ ഒന്നും   ഉണ്ടായില്ല .പക്ഷെ രാത്രി ഏറെ വൈകിയും അവരുടെ മുറിയിലെ ലൈറ്റുകൾ അണഞ്ഞില്ല  .

No comments:

Post a Comment