രാത്രി വിടവാങ്ങുവാനൊരുങ്ങി... വേർപാടിൽ വിതുമ്പിയ ഭൂമി തൻ കണ്ണുനീർ, രാവിന്റെ മാറിൽ തണുത്ത മഞ്ഞുതുള്ളിയായി ! കണ്ണിലൊളിപ്പിച്ച കിനാവുകൾ ചിന്നി തെറിച്ചു, തിരികെ നടന്നുപോം രാവിൻറെ മടിയിൽ മയങ്ങാൻ വെമ്പി ! കരഞ്ഞു തളർന്നുറങ്ങിയ ഭൂമിയെ പ്രഭാതം തലോടി. സൂര്യകിരണമേറ്റു മഞ്ഞുതുള്ളിയും പൊട്ടിച്ചിരിച്ചു.. ഭൂമി ഇനി പകലിനു സ്വന്തം !!
മഴയും മനസ്സും
മഴ മനസ്സിൽ പടർത്തിയ ഭാവങ്ങൾ.. മിന്നലിന്റെ വെളിച്ചവും കാർമേഘത്തിന്റെ ഇരുളും ഇടിയുടെ ഭയവും മഴത്തുള്ളിയുടെ കുളിരും.. വർണങ്ങൾ നിരവധിയുള്ള മഴച്ചിത്രം ... ആ ചിത്രം .. തൂലികയിലൂടെ
Wednesday, July 22, 2020
Tuesday, July 21, 2020
ചിറകില്ലാ പക്ഷി
ഇനിയും ഒടുങ്ങാത്ത ദാഹമാണെനിക്ക് !
ഋതുക്കൾ മാഞ്ഞതറിയാതെ മഴക്കാറ് തേടിപ്പോമെ-
ന്നിണപ്പക്ഷിയിന്നു തളർന്നുറക്കമായി !
ഏതോ മരുപ്പച്ച തേടി പുലരിക്ക് മുന്നേ പറന്നിട്ടും,
സന്ധ്യയ്‌ക്കൊപ്പം തിരികെയണഞ്ഞെൻ
കൊക്കിലിറ്റമൃതം അലിവോടെ തന്നിട്ടും,
ഇനിയുമൊടുങ്ങാത്ത ദാഹമാണെനിക്ക് !
മഴയും മരുപ്പച്ചയും വേണ്ട, കൊക്കിലിറ്റിറ്റു വീഴും
നിൻ സ്നേഹത്തിന് ദയയും വേണ്ട !
ഒരു പകൽ മുഴുക്കെ എന്നരികത്തൊരു
ചിറകടി ശബ്ദം കേട്ടാൽ മതി ...
Monday, March 30, 2020
രാത്രി
പൂത്തവാനവും നിലാവും കൂടെ നീയും !!
രാത്രിയെ പ്രണയിക്കാൻ എനിക്ക് ഇതൊക്കെ മതി.
ഒരിക്കൽ അവൾ തന്നമുറിവുകൾ മറക്കാനും.
Tuesday, February 25, 2020
നായകർ
കൂരിരുൾ ഒരു കിരണത്തെ പെറ്റ പോൽ,
കാർമേഘം കുളിർകാറ്റായ പോൽ,
പട്ടിണിയിൽ പിറന്നു ദാരിദ്ര്യം വളർത്തിയ
ചിലരുണ്ട് കൂട്ടത്തിൽ.
കയ്യിൽ തീപന്തമേന്തി ഒഴുക്കിനെ വെട്ടിയവർ,
പുത്തൻ ചാലുകൾ തീർത്തവർ,
മരണം വിധിച്ച മാമൂല്‍പ്രിയരെ,
സ്വന്തം ചിതയിലെരിച്ചു ഇന്നും നമ്മെ
വെളിച്ചത്തിലേയ്ക്കു നയിക്കുന്നവർ !
കാർമേഘം കുളിർകാറ്റായ പോൽ,
പട്ടിണിയിൽ പിറന്നു ദാരിദ്ര്യം വളർത്തിയ
ചിലരുണ്ട് കൂട്ടത്തിൽ.
കയ്യിൽ തീപന്തമേന്തി ഒഴുക്കിനെ വെട്ടിയവർ,
പുത്തൻ ചാലുകൾ തീർത്തവർ,
മരണം വിധിച്ച മാമൂല്‍പ്രിയരെ,
സ്വന്തം ചിതയിലെരിച്ചു ഇന്നും നമ്മെ
വെളിച്ചത്തിലേയ്ക്കു നയിക്കുന്നവർ !
-അനഘ
Tuesday, November 14, 2017
Tuesday, October 24, 2017
താജ് മഹൽ
"മഹൽ പണ്ടൊരു മന്ദിരമത്രെ...!"
മറിച്ചിടുന്നു ചരിത്ര താളുകളിന്ന്
മദം പൂണ്ടൊരാനയും 'മത' ഭ്രമം
പൂണ്ട കാവൽ ചെന്നായ്യ്ക്കളും.
ചരിത്രമവർ പഠിപ്പിക്കട്ടെ !
പ്രാണവായുപോലുമില്ല പിഞ്ചു -പൈതങ്ങൾക്കീ മണ്ണിൽ ...
പ്രാണപ്രിയതൻ ഓർമ്മയ്ക്ക്
നൽകുമോ വില ?
അരവയർ മുറുക്കി അന്നം വിളയിച്ച-
വനത്താഴത്തിൽ അരിയല്ല.. പാഷാണം
ശ്വാസമെടുക്കുന്നതേ പുണ്യമെന്നാകിൽ
ശവമഞ്ചത്തിനുണ്ടോ വില ?
പേരിലൊരു ഖാൻ ഉണ്ടോ ?? വേരറുക്കും!
പടപൊരുതനാളുണ്ടോ പടിയടക്കും..
ആമിറിനില്ല വില ഷാരൂഖിനും പിന്നെ
മണ്മറഞ്ഞു പോയൊരു ഷാജഹാനും
ഒറ്റ രാത്രി കൊണ്ടില്ലം വെളുപ്പിക്കും ഒറ്റ
നാണയം കൊണ്ടും ഖജനാവ് നിറയ്ക്കും
ഒറക്കമില്ലാ രാവുകൾ ഊട്ടിയുറപ്പിച്ച
വെണ്ണക്കൽ സൗദങ്ങൾക്കുണ്ടോ വില ?
തലയറുക്കുന്നു നാവറുക്കുന്നു, ഗീതാ
സൂക്തങ്ങൾ കാവിയാൽ മറയ്ക്കുന്നു..
വിരലറ്റ് പോയവന്റെ വേദനയ്ക്കെന്ത് വില
വിലമതിക്കാനാവാത്ത പ്രതിഭക്കും ...!
നികുതിക്ക് വിലവർധന, പിന്നെയതിനും നികുതി..?
ഭാരതാംബെ നിന്റെ ഓർമ്മ മന്ദിരം തീർക്കുവാൻ
ചക്രവർത്തിമാരിതാ കൊള്ളയടിക്കുന്നു..
നാളെ കാമധേനുക്കൾ ഇന്ത്യയുടെ ചരിത്രമെഴുതട്ടെ...!
Thursday, October 5, 2017
പറയാതറിഞ്ഞുവെങ്കിൽ !!
നഷ്ട പ്രണയങ്ങളേക്കാൾ ഏറെ നൊമ്പരപ്പെടുത്തുന്നതാണു പറയാതെ പോയ പ്രണയങ്ങൾ ... തുടിക്കുന്ന ഹൃദയത്തിൽ മുൾച്ചങ്ങല മുറുക്കിയ പോലെ കഠിനമായ വേദന തരുന്നു ഇത്തരം പ്രണയങ്ങൾ ..പറയാതെ പോയ പ്രണയത്തെ പറ്റി ഒരു സുഹൃത്തിന്റെ നിർദ്ദേശവും ആശയവും ഉൾക്കൊണ്ടെഴുതിയ വരികൾ .......
പ്പൂപോൽ വിരിഞ്ഞെന്റെ പ്രണയമെങ്കിൽ !
നിന്റെ ചിരി വീണ തേൻകുടം കാക്കുവാൻ
നിർവൃതിയോടതിൻ ഇതൾ കൂമ്പിയേനെ.
മിഴി മൂടി മയങ്ങവേ നീ കണ്ട
കനവുകളിലൊന്നെന്റെ പ്രണയമെങ്കിൽ!
ഹൃദയമിടിപ്പിന്റെ പിടിവിട്ട താളവും,
നിന്നനുരാഗവും ഞാനിന്നറിഞ്ഞേനെ.
അലസമായി മറിച്ചിടും അക്ഷരത്താളിൽ
ആരോ കുറിച്ചിട്ട കവിതയെങ്കിൽ ! അനുരാഗം,
അതാത്മാവും ആത്മാവും മൊഴിയാൽ
പറയാതറിഞ്ഞുവെങ്കിൽ !
ഉദയത്തിനൊപ്പം ഉണരാൻ കൊതിച്ച,
കാറ്റിലിതളറ്റു വീണൊരു പൂവിന്നു ഞാൻ .
ഉള്ളിലൊതുക്കിയതിൻ ഉഷ്ണമോ, കണ്ണീരോ
കയ്പുനീരാക്കിയെൻ പൂന്തേനിനെ !
ഒപ്പം നടക്കാനായില്ല , ചിത്തമാ -
ശിച്ചതൊക്കെയും വ്യർത്ഥമായി ,ഇന്നീ-
കടൽ തീരത്തിൽ നീ പിന്നിട്ടുപോം
കാലടി പിന്തുടരുവതെൻ കർത്തവ്യമായി !
കണ്ണീർ തുടക്കവേ ഞാനറിയുന്നു , ഈ
കടലും ഞാനുമിന്നൊരുപോലെ !
അലകടൽ ! അതിലകമേ നിറയും നീർച്ചുഴികളും,
അണയാക്കനൽ നെഞ്ചിലെരിച്ചു, വദനം വിരിച്ചിന്നു ഞാനും !
നേരമിതു വൈകി, സന്ധ്യയും മയങ്ങി ,
പനിനീർച്ചെടിയിലോ ? മുള്ളുകൾ ബാക്കിയായി
അസ്തമയച്ചന്തം തിരയിലലിഞ്ഞ പോൽ -
കടലെടുക്കട്ടെ ! ഇന്നെൻ മോഹങ്ങളെല്ലാം !
നന്ദി മാത്രമേ ബാക്കിയുള്ളു , ഇനി ചൊല്ലാൻ.
നന്ദി നീ വച്ചു നീട്ടിയ അതിഥിവേഷത്തോടും .
നിനച്ചതെല്ലാം നടക്കുമോ ? ജീവിതം തിരക്കഥയില്ലാ -
നാടകം ! നായകനാവാൻ കൊതിച്ചതേയെൻ തെറ്റ് !
Subscribe to:
Posts (Atom)

