Tuesday, October 24, 2017

താജ് മഹൽ



"മഹൽ പണ്ടൊരു മന്ദിരമത്രെ...!"
മറിച്ചിടുന്നു ചരിത്ര താളുകളിന്ന്
മദം പൂണ്ടൊരാനയും 'മത' ഭ്രമം
പൂണ്ട കാവൽ ചെന്നായ്യ്ക്കളും.
ചരിത്രമവർ പഠിപ്പിക്കട്ടെ !

പ്രാണവായുപോലുമില്ല പിഞ്ചു -പൈതങ്ങൾക്കീ മണ്ണിൽ ...
പ്രാണപ്രിയതൻ ഓർമ്മയ്ക്ക്
നൽകുമോ വില ?

അരവയർ മുറുക്കി അന്നം വിളയിച്ച-
വനത്താഴത്തിൽ അരിയല്ല.. പാഷാണം
ശ്വാസമെടുക്കുന്നതേ പുണ്യമെന്നാകിൽ
ശവമഞ്ചത്തിനുണ്ടോ വില ?

പേരിലൊരു ഖാൻ ഉണ്ടോ ?? വേരറുക്കും!
പടപൊരുതനാളുണ്ടോ പടിയടക്കും..
ആമിറിനില്ല വില ഷാരൂഖിനും പിന്നെ
മണ്മറഞ്ഞു പോയൊരു ഷാജഹാനും

ഒറ്റ രാത്രി കൊണ്ടില്ലം വെളുപ്പിക്കും ഒറ്റ
നാണയം കൊണ്ടും ഖജനാവ് നിറയ്ക്കും
ഒറക്കമില്ലാ രാവുകൾ ഊട്ടിയുറപ്പിച്ച
വെണ്ണക്കൽ സൗദങ്ങൾക്കുണ്ടോ വില ?


തലയറുക്കുന്നു നാവറുക്കുന്നു, ഗീതാ
സൂക്തങ്ങൾ കാവിയാൽ മറയ്ക്കുന്നു..
വിരലറ്റ് പോയവന്റെ വേദനയ്ക്കെന്ത് വില
വിലമതിക്കാനാവാത്ത പ്രതിഭക്കും ...!

നികുതിക്ക് വിലവർധന, പിന്നെയതിനും നികുതി..?
ഭാരതാംബെ നിന്റെ ഓർമ്മ മന്ദിരം തീർക്കുവാൻ
ചക്രവർത്തിമാരിതാ കൊള്ളയടിക്കുന്നു..
നാളെ കാമധേനുക്കൾ ഇന്ത്യയുടെ ചരിത്രമെഴുതട്ടെ...!

Thursday, October 5, 2017

പറയാതറിഞ്ഞുവെങ്കിൽ !!


നഷ്ട പ്രണയങ്ങളേക്കാൾ ഏറെ നൊമ്പരപ്പെടുത്തുന്നതാണു പറയാതെ പോയ പ്രണയങ്ങൾ ... തുടിക്കുന്ന ഹൃദയത്തിൽ മുൾച്ചങ്ങല മുറുക്കിയ പോലെ കഠിനമായ വേദന തരുന്നു ഇത്തരം പ്രണയങ്ങൾ ..പറയാതെ പോയ പ്രണയത്തെ പറ്റി ഒരു സുഹൃത്തിന്റെ നിർദ്ദേശവും ആശയവും ഉൾക്കൊണ്ടെഴുതിയ വരികൾ .......


പുലരി വെളിച്ചത്തിൽ പൂത്ത പനിനീർ-
പ്പൂപോൽ വിരിഞ്ഞെന്റെ പ്രണയമെങ്കിൽ !
നിന്റെ ചിരി വീണ തേൻകുടം കാക്കുവാൻ 
നിർവൃതിയോടതിൻ ഇതൾ കൂമ്പിയേനെ.

മിഴി മൂടി മയങ്ങവേ നീ കണ്ട 
കനവുകളിലൊന്നെന്റെ പ്രണയമെങ്കിൽ!
ഹൃദയമിടിപ്പിന്റെ പിടിവിട്ട താളവും,
നിന്നനുരാഗവും ഞാനിന്നറിഞ്ഞേനെ.

അലസമായി മറിച്ചിടും അക്ഷരത്താളിൽ 
ആരോ കുറിച്ചിട്ട കവിതയെങ്കിൽ !  അനുരാഗം,
അതാത്മാവും ആത്മാവും മൊഴിയാൽ 
പറയാതറിഞ്ഞുവെങ്കിൽ !

ഉദയത്തിനൊപ്പം ഉണരാൻ കൊതിച്ച,
കാറ്റിലിതളറ്റു വീണൊരു പൂവിന്നു ഞാൻ .
ഉള്ളിലൊതുക്കിയതിൻ ഉഷ്ണമോ, കണ്ണീരോ 
കയ്പുനീരാക്കിയെൻ പൂന്തേനിനെ !

ഒപ്പം നടക്കാനായില്ല , ചിത്തമാ -
ശിച്ചതൊക്കെയും വ്യർത്ഥമായി ,ഇന്നീ-
കടൽ തീരത്തിൽ നീ പിന്നിട്ടുപോം 
കാലടി പിന്തുടരുവതെൻ കർത്തവ്യമായി !

കണ്ണീർ തുടക്കവേ ഞാനറിയുന്നു , ഈ 
കടലും ഞാനുമിന്നൊരുപോലെ !
അലകടൽ ! അതിലകമേ നിറയും നീർച്ചുഴികളും,
അണയാക്കനൽ നെഞ്ചിലെരിച്ചു, വദനം വിരിച്ചിന്നു ഞാനും !

നേരമിതു വൈകി, സന്ധ്യയും മയങ്ങി ,
പനിനീർച്ചെടിയിലോ ? മുള്ളുകൾ ബാക്കിയായി 
അസ്തമയച്ചന്തം തിരയിലലിഞ്ഞ പോൽ -
കടലെടുക്കട്ടെ ! ഇന്നെൻ മോഹങ്ങളെല്ലാം !

നന്ദി മാത്രമേ ബാക്കിയുള്ളു , ഇനി ചൊല്ലാൻ.
നന്ദി നീ വച്ചു നീട്ടിയ അതിഥിവേഷത്തോടും .
നിനച്ചതെല്ലാം നടക്കുമോ ? ജീവിതം തിരക്കഥയില്ലാ -
നാടകം ! നായകനാവാൻ കൊതിച്ചതേയെൻ തെറ്റ് !



Friday, September 29, 2017

ഇര

അവൾ ഇരയത്രെ !

വെള്ളിക്കൊലുസിന്റെ തന്നനം താളത്തിൽ,
ബന്ധം മറന്നൊരു ബന്ധുവിനിര !

കൊച്ചരിപ്പല്ലിന്റെ കുഞ്ഞു മന്ദഹാസത്തിൽ 
കാമം ഊറിത്തിളച്ചോരാ ക്രൂരന്റെയിര !

അമ്മ തയ്പ്പിച്ചു നൽകിയ പുത്തനുടുപ്പതിൽ 
രക്തം പുരട്ടിയ ഭ്രാന്തന്റെയിര !

ഏങ്ങിക്കരഞ്ഞ നിൻ കണ്ണീരു കാണാത്ത,
കരുണതൻ ഉറവയില്ലാത്തൊരന്ധന്റെയിര !

'അമ്മേ'യെന്നലറി-ക്കരയുമുന്നേ നിന്നാ-
ത്മാവു ഭഞ്ജിച്ചയിരുൾ-കരങ്ങളിന്നിര !

'മകളേ' ! പ്രജ്ഞയറ്റ ദേഹത്തിൽ ലോകം കണ്ണീരു വാർത്തപ്പോൾ ,
മൗനം വെടിയാത്തൊരാ മൂകന്റെയിര !!

കാമത്തിന്നിര, മോഹത്തിന്നിര, കാമം കാഴ്ച -
മറച്ചൊരാ കഴുകൻ കണ്ണുകൾക്കിര !

ബന്ധങ്ങൾക്കിര, ബന്ധനങ്ങൾക്കുമിര,
ബന്ധങ്ങൾക്കിടയിലൊളിച്ച ചെന്നായ്ക്കൾക്കുമിര !

ചോര പൊടിഞ്ഞിട്ടും മൗനം വെടിയാത്ത,
'അക്ഷര -ജ്ഞാനി' കൾക്കുമിര !

തൊട്ടു തലോടലിൽ അയിത്തം കൽപ്പിച്ച-
കപട സദാചാരത്തിൻ അസഹിഷ്ണുതയ്ക്കുമിര !

അധികാരം അലങ്കാരമാക്കിയവനിര !
കർത്തവ്യം മറന്നവനിര ! കാപട്യത്തിനിര !

മടുത്തു മാധവാ ! 
ബലിയാടുകൾ വേണ്ടിനിയിരകളും വേണ്ട,
ആണ്ടുകളേറെയായി, ഭേദമില്ലാതെയായി,
ആറിനും അറുപതിനും അധമന്റെ കണ്ണിൽ.
ആയുധമെടുക്കാൻ തെറ്റുകളിനിയും 
എണ്ണേണ്ടതുണ്ടോ നൂറു വരെ .......?






Tuesday, May 9, 2017

ഒരിതൾപ്പൂവ്

ഉറങ്ങുന്ന ആത്മാവിന്റെ പ്രണയദാഹമകറ്റാൻ കല്ലറയിൽ സമർപ്പിക്കപ്പെട്ട റോസാ പുഷ്പം. പക്ഷെ, ഇരുട്ടിൽ പേടിച്ചരണ്ട പൂവിനു ഒരു പുഞ്ചിരി നൽകിയത് പനിമതി ചന്ദ്രൻ  മാത്രം. നിലാവ് കൊണ്ട് അവൻ അവളുടെ കവിളിൽ തഴുകി. പ്രണയത്തിന്റെ ചിഹ്നമായ ആ പനിനീർപ്പൂവ് തന്റെ ഇതളുകൾക്കുള്ളിൽ അവനോടുള്ള പ്രണയം എഴുതിവെച്ചു. 

പക്ഷെ ഇന്ന് തന്റെ ഒടുവിലത്തെ ഇതളും മഴയിൽ അടർന്നു വീഴാനൊരുങ്ങവേ പറയാത്ത പ്രണയത്തെക്കുറിച്ചു അവൾ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??


ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണുപോകുമൊരുനാൾ 
പനിനീരായി പെയ്തൊഴിയും, ഞാനന്നലിയും 
നിന്റെ നിലാമഴയിൽ !

വിരിയുന്നു പുഞ്ചിരി നിന്റെ ചുണ്ടിൽ !
അറിയുന്നോ ? വേദന എന്റെ തണ്ടിൽ .
മിഴിനീരായി പൊഴിയും എന്റെ പ്രണയം 
മൊഴിവാക്കിൽ ചൊന്നതില്ല ഞാനും .

ഒരുനാളുമറിഞ്ഞതില്ല ഞാനീ -
മരുഭൂവിൻ  മരണത്തിൻ ഗന്ധം !
കുളിരോളം തുഴയുമീ തെന്നലും,
മൊഴിയുന്നു ഇന്നെന്റെ മരണം !

ഒരുനാളുമറിഞ്ഞതില്ല രാവ്‌ 
പകലായി ഒഴുകി പൂനിലാവ്.
തുണയേകിയതന്ന് നിലാവെളിച്ചം 
ഭയമേകി നീയില്ലാ-പുലർവെളിച്ചം.

നിത്യം നിഴലാടും നിശയുടെ യാമങ്ങൾ,
മൂകം വിളയാടും ഇരുളിൻ മായങ്ങൾ,
ഞാനീ നനയും വിരഹമഴ, മുഖിൽ
ചെപ്പിൽ നീ കാത്തൊരെൻ മിഴിനീരോ ?

അതിൽ നിൻ ബിംബം പതിഞ്ഞൊരു നീർകണം,
പാത്തുവെക്കുമെൻ തളിരിലകൂട്ടിൽ ഞാൻ.
ഇരുളിൽ ഉരുവാകിയ നിഴലുപോൽ മായുമോ
പുലരി വെളിച്ചത്തിൽ, ഞാൻ കാത്തതെല്ലാം ?

ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണടിയാം പേമാരിയിൽ !
മുള്ളുകൾക്കാവോ തടയാൻ ?
മരണം അതിശക്തം ! നിത്യ സത്യം !

Tuesday, April 18, 2017

നിൻ മൗനമാണെൻ നൊമ്പരം


നിന്നിടനെഞ്ചിലെരിയും കനലായി
നീയെന്നെ നീറ്റുമ്പോഴും,
ഇനിയെരിയാൻ വയ്യാക്കനവായി
വിധിയെന്നെ മാറ്റുമ്പോഴും,

നിൻ മൗനമാണെൻ നൊമ്പരം ...!

നിൻ മിഴിനീരിലലിയും നിനവായി
എൻ പ്രണയമുതിരുമ്പോഴും,
അതിലൊരു നീർകണമായി ഞാൻ
നിൻ മടിയിലടിയുമ്പോഴും,

നിൻ മൗനമാണെൻ നൊമ്പരം ...!

നിന്റെ പേക്കിനാവിൻ കൂരിരുട്ടിൽ
ഞാനിന്നലയുമ്പോഴും,
നിന്നിരവിലൊരു കൂട്ടാകാൻ ഞാനീ-
യിരുൾ കൂട്ടിലടയുമ്പോഴും,

നിൻ മൗനമാണെൻ നൊമ്പരം ...! സഖീ ..
നിൻ മൗനമാണെൻ നൊമ്പരം ...!

http://mazhayummanasavum.blogspot.in


Thursday, March 30, 2017

സോഷിയൽ നെറ്റ്വർക്കിസം

മദ്യവും വീഞ്ഞും നുരഞ്ഞു പൊന്തുന്ന ഒരു നിശ പാർട്ടി .ചുവപ്പും മഞ്ഞയും പച്ചയും നിറങ്ങളണിഞ്ഞു ഡിസ്കോ കളിക്കുനുണ്ട് ചിലർ. കയ്യിൽ ഒരു ഗ്ലാസ്സുമായി അവൾ അവർക്കിടയിലൂടെ നീങ്ങി. ആരെയോ തേടുന്നതുപോലെ. പുറകിൽ നിന്നു ആരോ വിളിച്ചു. അവളുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു. അവൾ തിരിഞ്ഞു നോക്കി. മുഖം മൂടി ധരിച്ച ഒരു മനുഷ്യൻ. മുഖം മൂടിയുടെ നിറം വെള്ളയാണ്. ഒരു കോമാളിയുടെതെന്നു തോന്നിപ്പിക്കുന്നത്.
പക്ഷെ അയാൾ ധരിച്ചിരിക്കുന്ന വസ്ത്രം വിലകൂടിയതും വൃത്തിയുള്ളതുമായിരുന്നു . അവൾ ആ മനുഷ്യന്റെ അടുത്തേക്ക് ചെന്നു. അയാളുടെ മുഖത്ത് അപ്പോഴും ഒരു കോമാളിച്ചിരി ! മുഷ്ടി മടക്കി പെരുവിരൽ മാത്രം  ഉയർത്തി അയാൾ അവൾക്കു നേരെ നീട്ടി .നല്ല ചന്തമുള്ളൊരു ലൈക്ക് !
ഉടനെ അവിടെയുണ്ടായിരുന്ന മറ്റുള്ളവരും അതുതന്നെ ചെയ്തു.
ചന്തമുള്ള ഒരു നൂറു ലൈക്ക്!!

മോളെ ! അടുക്കളയിൽ നിന്നുള്ള അമ്മയുടെ വിളി അവളെ ഉണർത്തി !' ഹോ! ഈ മമ്മിക്ക് എന്തൊരു ശബ്ദമാണ്. ചത്തു കിടക്കുന്നവർ പോലും എഴുന്നേറ്റ് വരും'.എഴുന്നേൽക്കാൻ ശ്രമിച്ചതും അടിയേറ്റതുപോലെ അവൾ തലയിൽ കൈകൾ കൊണ്ടാമർത്തി. 'വല്ലാത്ത വേദന ! ഇന്നലെ വൈകി കിടന്നേൻറെയാവും !'പുതപ്പു മാറ്റിയതും തറയിൽ എന്തോ വീഴുന്നതിന്റെ ശബ്ദം !അവളുടെ സാംസങ്ങ് ഗ്യലക്സി തറയിൽ അതാ മൂന്നു കഷ്ണങ്ങളായി കിടക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ അവൾ ബാറ്ററി  എടുത്തു ഫിറ്റ്‌ ചെയ്തു. ബാക്ക് കവറും  ഇട്ടു . സ്വി ച്  ഓണ്‍ ചെയ്തു . 'കുഴപ്പമില്ല. വർക്ക്‌ ചെയ്യുന്നുണ്ട്.!' സാംസങ്ങ് മേശയിലേക്ക്‌ വീണു . വലിച്ചു മാറ്റിയ പുതപ്പു  കട്ടിലിലേക്കും !ചത്തവനെ ജീവിപ്പിക്കുന്ന മമ്മിയുടെ ശബ്ദം അപ്പോഴും മുഴങ്ങുന്നുണ്ടായിരുന്നു!

ആ വേളകൾ


ദ്രൗപതിയുടെ പ്രതികാരം - 11



രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും അടച്ചാണ് അഞ്ജലി ചതിക്കുഴി  ഒരുക്കിയത് .അതിന്റെ ആഴം അർജുന്റെ കണ്ണുകളിൽ തീയായി പടർന്നു. കയ്യിൽ വിലങ്ങു വെച്ച് പോലീസ്  ജീപ്പിലേക്കു ഇരുത്തുമ്പോൾ അഞ്ജലി അവനെ നോക്കി ചിരിച്ചു .എന്നും അവന്റെ മുഖത്ത് മിന്നിയ ചിരി ,ഇന്ന് അവൻ കണ്ടു ,അഞ്ജലിയുടെ മുഖത്ത് !,അവൻ അലറി ,"ദ്രൗപതീീ ........"
"അഞ്ജലി .......അഞ്ജലി സത്യൻ "അവൾ  പതിയെ പറഞ്ഞു ,"ഇനിയെങ്കിലും ആ പേര് മറക്കരുത് ".
ചതി പറ്റിയത് എവിടെയാണെന്ന് ആ നിമിഷം അവൻ തിരിച്ചറിഞ്ഞിരിക്കണം. അവന്റെ മുഖത്ത് നിന്ന് കോപം അപ്രത്യക്ഷമായി .അഞ്ജലി തിരിഞ്ഞു നടന്നു .അതുവരെ ആവിടെ നടന്നതെല്ലാം ഒരു നാടകത്തിലെ  രംഗങ്ങളായാണ്  പ്രിയയ്ക്ക് തോന്നിയത് .എല്ലാം കേട്ടത് പോലെ വിശ്വസിക്കാൻ അവൾ തയ്യാറായില്ല .അവൾ അഞ്ജലിയുടെ പുറകെ ചെന്ന് അവളെ തടഞ്ഞു.
"നീ വരുമെന്ന് എനിക്കറിയാം ,നിന്റെ മനസ്സിലിപ്പോൾ ആയിരം ചോദ്യങ്ങളുണ്ടെന്നും അറിയാം ."അഞ്ജലി പറഞ്ഞു .
"ഒന്നുകിൽ നീ പോലീസിനോട് പറഞ്ഞതെല്ലാം കള്ളം .അല്ലെങ്കിൽ നീ എന്നോടെന്തോ ഒളിക്കുന്നു .പറ ഇതിലേതാ സത്യം ?",പ്രിയ അവളെ തറപ്പിച്ചു നോക്കി .
" രണ്ടും സത്യമാണ് .രണ്ടും കള്ളവും ",
"എന്നുവെച്ചാൽ ?"
"പ്രിയ ,നീ എന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ്".അഞ്ജലി അവളുടെ കൈ പിടിച്ചു ."എന്നിട്ടും ഞാൻ നിന്നോട് ചിലതൊക്കെ മറച്ചു .നീ ചോദിച്ചിട്ടും പലതും പറയാൻ കൂട്ടാക്കിയില്ല .എല്ലാം എന്റെ തെറ്റാണ് .എനിക്ക് അർജുനനെ നേരത്തെ പരിചയമുണ്ട് ........."
പ്രിയയുടെ കണ്ണുകൾ വിടരുന്നത് നോക്കികൊണ്ട്‌ അവൾ തുടർന്നു 
"അതെ ,അവൻ എന്റെ അർജുനൻ ആയിരുന്നു പണ്ട് .ഞാൻ അങ്ങനെയാണ് അന്നവനെ വിളിച്ചിരുന്നത്‌ .ഇതുപോലൊരു യാത്രയിൽ പരിച്ചയപെട്ടതാണ് ഞങ്ങൾ ".അഞ്ജലി പ്രിയയോടു പറഞ്ഞു, അർജുന്റെ പ്രണയത്തിന്റെ കഥ .അവന്റെ വഞ്ചനയുടെ കഥ .
പ്രിയയുടെ കണ്ണുകളിൽ ദയയും സ്നേഹവും നിറയുന്നത് അഞ്ജലി ശ്രദ്ധിച്ചു .അവൾ വീണ്ടും പറഞ്ഞു തുടങ്ങി 
"ഒരു ജന്മം കരയാനുള്ളത് ഞാനന്ന് ഒരൊറ്റ രാത്രി കൊണ്ട് കരഞ്ഞു .ഒടുവിൽ  ഞാനാലോചിച്ചു .ഞാനെന്തിനാണ് കരയുന്നത് .അവന്റെ വലയിൽ വീണുപോയി എന്നുള്ളതാണ് എന്റെ തെറ്റ് .പക്ഷെ അത് എന്റെ മാത്രം തെറ്റായി കണ്ടാൽ അവൻ ഇനിയും പല ജീവിതങ്ങളും തുലൈക്കും .അങ്ങനെയാണ് പ്രതികാരം എന്ന ലക്ഷ്യത്തിലേക്ക് ഞാൻ എത്തിയത് .അതിനു ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ അഭിനയിച്ചു .പിന്നെ അവനോടു ദേഷ്യപ്പെട്ടു നിന്റെ മനസ്സിൽ സംശയം ഉണ്ടാക്കി .ആ ഒരു കാര്യത്തിൽ മാത്രമാണ് എനിക്കിപ്പോൾ കുറ്റബോധമുള്ളത്‌."
"ആ മെമ്മറി കാർഡ് ?അതെവിടെന്നു കിട്ടി ?"പ്രിയ ചോദിച്ചു .അഞ്ജലി ചിരിച്ചു ,"അര്ജുന്റെ മൊബൈൽ വാങ്ങിച്ചപ്പോൾ അവനറിയാതെ എടുത്തു .എന്നിട്ടതിനു പകരം എന്റെ പുതിയ കാർഡ്‌ അവന്റെ മൊബൈൽ ഫോണിലിട്ടു .അതിലുള്ള ഫോട്ടോസ് ,അതും സത്യമാണ് .കാർത്തികയുടേം മീനാക്ഷീടേം ചിത്രങ്ങൾ അതിലുണ്ടായിരുന്നു .ഒരു കാര്യവുമില്ലാതെ ഒരാൾ ഒരു പെണ്‍കുട്ടിയെ ചതിക്കില്ലല്ലോ. അങ്ങനെയാണ്  മെമ്മറി കാർഡ് എന്നാ ഉപായം എനിക്ക് തോന്നിയത് .എന്റെ ഊഹം ശെരിയായിരുന്നു.ഞാനുൾപ്പടെ 66  പെണ്‍കുട്ടികളുടെ ചിത്രങ്ങൾ !!.".ഇത്രയും കേൾക്കുന്നതിനിടക്ക് പ്രിയ ഒരിക്കൽ പോലും ഇമ ചിമ്മിയില്ല .അഞ്ജലിയുടെ കണ്ണുകളിൽ തന്നെ ദൃഷ്ടിയൂന്നി അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു .


"പക്ഷെ അപ്പോഴും എന്നെ അലട്ടിയ മറ്റൊരു പ്രശ്നം അവന്റെ കൂടെയുള്ള എന്റെ പഴയ ഫോട്ടോകൾ ആയിരുന്നു .അത് അവൻ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നെങ്കിലും പോലീസിന്റെ അതു  വീണ്ടെടുത്താൽ എന്റെ ചതി അവർക്ക് മനസിലാകുമായിരുന്നു .ആ മെമ്മറി കാർഡിലെ ചിത്രങ്ങൾ എന്നെന്നേക്കുമായി നശിപ്പിക്കുനത് എങ്ങനെ എന്നറിയാനാണ് ഞാൻ നിതിന്റെ അടുത്ത് പോയത് .
"അപ്പോൾ ആരാണ് ഈ ദ്രൗപതി ?"പ്രിയയുടെ അടുത്ത ചോദ്യം വന്നു.ഈ ചോദ്യം വളരെ നേരമായി പ്രതീക്ഷിച്ചിരുന്നു അഞ്ജലി .
"അർജുന്റെ മുൻപിൽ ഞാൻ ദ്രൗപതി ആയിരുന്നു .അവന്റെ സ്വന്തമാണെന്ന് അവനെ വിശ്വസിപ്പിക്കാൻ ഞാൻ സ്വീകരിച്ച പേര് .താനൊരു ഇര അല്ലെന്നും പ്രതികാരമാനെന്നും സ്വയം ബോധ്യപ്പെടുത്താൻ സ്വീകരിച്ച പേര് .അതാണ്‌ ദ്രൗപതി !അർജുനന്റെ പേരുള്ള ദുശാസ്സനന്മാർ എന്നെപോലുള്ള പെണ്‍കുട്ടികളെ ഇരകളാക്കുമ്പോൾ അവര്ക്ക് രണ്ടാമതൊരു ജന്മം ഉണ്ടെന്നു അറിയിക്കുക ,അതാണ്‌ ദ്രൗപതിയുടെ അവതാര ലക്ഷ്യം  ".അഞ്ജലി പറഞ്ഞത് മുഴുവനായും മനസിലാക്കാൻ പ്രിയക്ക് കഴിഞ്ഞില്ല .അത് മനസിലാക്കിയിട്ടെന്ന പോലെ അവൾ തുടര്ന്നു ,"ഒരു പക്ഷെ നാളെ സത്യം പുറത്തു വന്നേക്കാം ,ഞാൻ അവനെ കുടുക്കിയതാനെന്നും അവൻ എന്നെ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും '.പക്ഷെ നമ്മുടെ  സമൂഹം അപ്പോഴും ഒരു കാര്യത്തിൽ ഉറച്ചു നിക്കും ,'ഇത് പോലുള്ള ദുശാസ്സനന്മാരാണ് ആദ്യം ശിക്ഷിക്കപ്പെടെണ്ടതെന്നു' .അതാണ്‌ എനിക്ക് വേണ്ടത് !"അഞ്ജലി പറഞ്ഞു നിർത്തി .

എല്ലാ പ്രശ്നങ്ങൾക്കുമൊടുവിൽ നാട്ടിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുകയാണ് 'വീണാ ട്രാവെൽസ് '.enquiry പൂർത്തിയാക്കി ഏറ്റവും ഒടുവിലാണ് പ്രിയയും അഞ്ജലിയും എത്തിയത് .ബസിന്റെ പടികൾ കയറാതെ മടിച്ചു നിൽക്കുന്നു പ്രിയ .
"നീയെന്താ വരുന്നില്ലേ ?"അഞ്ജലി സ്റ്റെപ്പിൽ നിന്ന് കൊണ്ട് ചോദിച്ചു .
"എനിക്ക് ഒരു സംശയം കൂടിയുണ്ട് ?"
"എന്ത് ?"
"നീയെങ്ങിനെ കൊക്കയിൽ വീണു ?"
അഞ്ജലി അതിനു മാത്രം ഉത്തരം പറഞ്ഞില്ല .അവൾ ഒന്ന് ചിരിച്ച ശേഷം പ്രിയയോടു കയറി വരാനാവശ്യപ്പെട്ടു .വീണ ട്രാവെൽസ് സൈലന്റ് വാലി കടന്നു കൊല്ലത്തെത്തിയിട്ടും പ്രിയക്കതിനു മാത്രം മറുപടി ലഭിച്ചില്ല 

ദ്രൗപതിയുടെ പ്രതികാരം -10



ഹോട്ടലിന് പിന്നിൽ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു .പോലീസും എത്തിയിട്ടുണ്ട്.മനോഹരമായി സെറ്റ് ചെയ്ത ആ പൂന്തോട്ടത്തിനു പുറകിൽ കാട് പിടിച്ചു കിടക്കുന്ന കുറച്ചു സ്ഥലമുണ്ട് .അതിന്റെ അറ്റത്ത്‌ ഒരു കൊക്കയാണ് !.ഹോട്ടലിൽ താമസിക്കുന്നവരോട് അങ്ങോട്ട്‌ പോകരുതെന്ന് അധികൃതർ ആദ്യം തന്നെ പറയും .ഈ പ്രദേശത്താണ് പ്രധാനമായും അഞ്ജലിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നത് .അർജുനെ, കുറച്ചു പോലീസുകാർ ചോദ്യം ചെയ്യുന്നുണ്ട് .പ്രിയയും മീനാക്ഷിയും വിദ്യയും കരഞ്ഞും പരസ്പരം കെട്ടിപ്പിടിച്ചും പ്രിയ കൂട്ടുകാരിക്ക് ഉണ്ടായ ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ചു .നീതു മിസ്സ് അവരെ അസ്വസിപ്പിക്കുന്നതിന്റെ തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് പ്രിയ പറയും "ഞാൻ ആദ്യം കണ്ടത് മുതൽ അവളോട്‌ പറഞ്ഞതാ ,ആ മനുഷ്യനുമായി അടുക്കണ്ട എന്ന് ,ഇപ്പൊ കണ്ടില്ലേ ...".അവർക്ക് ചുറ്റും കൂടി നിന്നവരിൽ കുറച്ചു പേർ അഞ്ജലിയെ കുറ്റപ്പെടുത്തി ,കുറച്ചു പേർ അർജുനെയും. വാദങ്ങളും മറുവാദങ്ങളുമായി അവർ തങ്ങളുടെ പക്ഷം സാധൂകരിക്കാൻ മത്സരിച്ചു .ഇതിനിടയിൽ പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തകൃതിയായി നടന്നു .

നിതിൻ ആണ് അതാദ്യം കണ്ടത് .കൊക്കയിലെ വള്ളിപ്പടർപ്പിൽ കുരുങ്ങിക്കിടക്കുന്ന അഞ്ജലി !! .വൈകാതെ ബാക്കിയുള്ളോരും അവിടെയെത്തി .അവിടെ നിന്ന് കുട്ടികളെ മാറ്റാൻ പോലീസുകാർ ഏറെ ബുദ്ധിമുട്ടി .വലിയ ആഴത്തിലല്ല ആ വള്ളിപ്പടർപ്പു .ശ്രദ്ധിച്ചു ഇറങ്ങാമെങ്കിൽ അവളെ അവിടെ നിന്ന് കയറ്റാൻ ,ആർക്കും പറ്റും .പക്ഷെ ഇവിടെ അഞ്ജലി ബോധരഹിതയായിരുന്നു .അതുകൊണ്ട് തന്നെ  രണ്ടു പോലീസുകാര ചേർന്നാണ് അവളെ  മുകളിലേക്ക് വലിച്ചു കയറ്റിയത് .നീതു മിസ്സ് അവളുടെ മുഖത്ത് വെള്ളം കുടഞ്ഞു .അവൾ മെല്ലെ  കണ്ണുകൾ  തുറന്നു ,പിന്നെ ചുറ്റും നോക്കി .അര്ജുന്റെ  മുഖത്തേക്ക് നോക്കിയ അവളുടെ ഭാവം പെട്ടെന്നു മാറി .അവൾ  ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു .നീതു മിസ്സ് അവളെ താങ്ങി പ്പിടിച്ചു ,"എന്താ ,എന്തുപറ്റി ?, അഞ്ജലി ...,എന്തിനാ എഴുന്നേൽക്കുന്നെ ",അവർ തെല്ലു പരിഭ്രമത്തോടെ  ആരാഞ്ഞു . പേടിയിൽ തുടങ്ങി കരച്ചിലിലേക്ക് കടന്ന അഞ്ജലിയുടെ പ്രകടനങ്ങൾ മറ്റുള്ളവരേയും പരിഭ്രമിപ്പിച്ചു.വിദ്യ  കടന്നുവന്നു അവളെ കെട്ടിപ്പിടിച്ചു ."പേടിക്കേണ്ട ,ഇനി നിന്നെ ആരും തൊടില്ല ,നീ എന്താ നടന്നതെന്ന് പോലീസിനോട് പറ ".
സ്റ്റേറ്റ്മെന്റ് എടുക്കാൻ തയ്യാറായി അവിടെ രണ്ടു പോലീസുകാർ നിൽക്കുനുണ്ടായിരുന്നു .ഇൻസ്പെക്ടർ മുന്നിലേക്ക്‌ വന്നു .അയാൾ കാര്യങ്ങൾ സൗമ്യമായി തന്നെ തുടങ്ങി .
"കുട്ടി ,ഇനി ആരെയും പേടിക്കേണ്ട ആവശ്യമില്ല ,ഇവിടെ ഇത്രയും കുട്ടികളുണ്ട് ,നിങ്ങളുടെ ടീച്ചർമാരുണ്ട് ,പിന്നെ ഞങ്ങൾ പോലിസുകാരുണ്ട് . പേടിക്കാതെ കാര്യങ്ങൾ പറഞ്ഞോളു ...",ഗൗരവത്തോടെയാണ് ആ  ചോദ്യം അയാൾ അവസാനിപ്പിച്ചത് .
"സാർ..........",അവൾ പറഞ്ഞു തുടങ്ങി, ഒരു ഗദ്ഗദത്തോടെ," ഇയാളെന്നെ കൊല്ലാൻ നോക്കി ", എല്ലാവരും പ്രതീക്ഷിച്ച പോലെ അവളുടെ വിരൽ അർജുനു നേരെ  ചൂണ്ടപ്പെട്ടു .അഞ്ജലി തന്നെ ചതിച്ചിരിക്കുന്നു എന്ന് ഇതിനോടകം അവൻ മനസിലാക്കി കഴിഞ്ഞു .കാരണം വ്യക്തമായില്ലെങ്കിലും അഞ്ജലിയുടെ വെറുപ്പിന്റെ ആഴം ആ വാക്കുകളിൽ  നിന്നവൻ  തിരിച്ചറിഞ്ഞു .അവൾ  അടുത്ത കഥ മെനയും മുൻപേ തന്റെ നിരപരാധിത്ത്വം എല്ലാരെയും ബോദ്ധ്യപ്പെടുത്താൻ അവൻ ശ്രമിച്ചു .
"ഇല്ല സർ ,ഞാനിവളെ കൊല്ലാൻ നോക്കിയിട്ടില്ല ",അവന്റെ   ശബ്ദം കോപം കൊണ്ട് വിറച്ചു ,അവൻ തുടർന്നു ,"ഇവൾ കള്ളം പറയുകയാ ,ഇവളാ ....ഇവളാ ...എന്നെ ചതിച്ചത്. സ്നേഹം നടിച്ചു അടുത്തുകൂടി എന്നെ ചതിക്കയാർന്നു ഇവൾ ",
" നിങ്ങളെ ചതിച്ചിട്ടു എനിക്കെന്തു കിട്ടാനാ?",അഞ്ജലി കരച്ചിലടക്കാതെ പറഞ്ഞു ," കഴിഞ്ഞ ദിവസം ഇയാളുടെ മൊബൈൽ ഫോണ്‍ ഞാൻ വാങ്ങി ,  'അമ്മയെ വിളിക്കാൻ. കാർത്തികയുടെയും മീനാക്ഷിയുടെയും ഒക്കെ ഫോട്ടോയുണ്ടായിരുന്നു അതിൽ.ഞാൻ അത് കണ്ടു പിടിച്ചു .ആ memory card ഞാൻ  സൂക്ഷിച്ചിട്ടുണ്ട് ".അവൾ കഴുത്തിൽ കിടന്ന മാലയിൽ നിന്ന് memory card പുറത്തെടുത്തു ."ഇത്  തിരിച്ചു കൊടുക്കാത്തത് കൊണ്ടാ  സർ ഇയാളെന്നെ കൊല്ലാൻ നോക്കിയത് .ഞാൻ മിസ്സിനോട് പറയുമെന്നു പറഞ്ഞപ്പോൾ ,പറയാതിരിക്കാനുള്ള വഴി നോക്കും എന്നു൦ പറഞ്ഞു ,അപ്പോളെനിക്ക് മനസിലായില്ല എന്നെ കൊല്ലുന്നതാണ് ആ വഴി എന്ന് ",അവൾ ആ കാർഡ്‌ ഇൻസ്പെക്ടറിനു കൈമാറി .
"സർ അത് എന്റെ card അല്ല .എന്റെ കാർഡ്‌ എന്റെ മൊബൈലിൽ തന്നെ ഉണ്ട് ",അവൻ എതിർത്തു .
"നിന്റെ കാർഡ്‌ അല്ലെങ്കിൽ ഇതിലുള്ള 156 ഫോട്ടോകളിൽ പകുതിയും നിന്റെ ഫോട്ടോ ആയതെങ്ങനെയാ ?നീ ഡൽഹിയിലും ആഗ്രയിലും നിന്നെടുത്ത ഫോടോകളാ ഇതൊക്കെ !,ഇതൊക്കെ ഈ കൊച്ചു നിന്നെ ചതിക്കാൻ ഉണ്ടാക്കിയതാണോ ? പറ ,മെമ്മറി കാർഡ്‌ സ്വന്തം ഫോണിൽ ഇട്ടു നോക്കിയ ശേഷം ഇൻസ്പെക്ടർ പറഞ്ഞു .
അർജുൻ ഫോണ്‍ എടുത്തു മെമ്മറി കാർഡ്‌ പുറത്തെടുത്തു ."ഇതാണ് സർ എന്റെ card"അർജുൻ അത് ഇന്സ്പെക്ടറിനു കൈമാറി .ഇൻസ്പെക്ടർ അതും പരിശോദിച്ചു .
"ക്ഷെമിക്കണം .ഒരു ട്രാവൽ ഗൈഡ് ആയ നിങ്ങൾ ശൂന്യമായ ഒരു കാർഡ്‌ കൊണ്ട് നടക്കുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് .ഈ കാർഡ്‌ empty ആണ് ",അദ്ദേഹം പറഞ്ഞു .

ദ്രൗപതിയുടെ പ്രതികാരം -9



പിറ്റേന്ന് പുലർച്ചെ എല്ലാവരും തിരിച്ചു പോകാൻ തയ്യാറായി .ബാഗും മറ്റും ബസിൻറെ ഡിക്കിയിലേക്ക് വെക്കുന്നതിന്റെ തിരക്കിലായിരുന്നു അർജുനൻ.
കൂട്ടുകാരികൾക്കൊപ്പം ദ്രൗപതിയും എത്തി .ദ്രൗപതി അന്ന് പതിവിനേക്കാൾ ഉഷാറായിരുന്നു .ബാക്കി മൂന്ന് പേരും വിടപറയലിന്റെ നൊമ്പരത്തിലും !അർജുനൻ അവരുടെ ബാഗുകൾ ബസിന്റെ പുറകിൽ വെക്കാൻ സഹായിച്ചു .പ്രിയ കേൾക്കാതെ അവൻ അവളോട്‌ പറഞ്ഞു 
"ഇന്നലെ നമ്മൾ കണ്ടുമുട്ടിയ സ്ഥലം ഓർമ്മയില്ലേ ?അവിടെ ഒന്ന് കൂടി വരുവോ ?"
അവൾ പരിഭ്രമം നടിച്ചു കൊണ്ട് ചോദിച്ചു "എന്തിനു ?ബസ് പുറപ്പെടില്ലേ ?"
അവൻ സമാധാനിപ്പിച്ചു "ബസ് ഞാൻ വരാതെ എടുക്കില്ലല്ലോ ?നമ്മൾ ഇനി എന്നാ കാണുക എന്നറിയില്ല .ഇനി കാണുന്നതുകാരെ നിന്നെ ഓർത്തുകൊണ്ടിരിക്കാൻ നമുക്കവിടെ വെച്ച് ഒരു ഫോട്ടോ എടുക്കണം" .അവൾ സമ്മതിച്ചു .ആ തിരിക്കിനിടക്ക് അവർ രണ്ടു പേരും മറഞ്ഞത് ആരും ശ്രദ്ധിച്ചില്ല .

                                                          --------------------------------

ബസ്‌ പുറപ്പെടാൻ തയ്യാറായി നില്ക്കുന്നു ."എല്ലാവരും വന്നോ ?",മനീഷ് സർ പതിവ് ചോദ്യം ആവർത്തിച്ചു .പ്രിയ അപ്പോഴാണ്‌ ദ്രൗപതി കൂടെയില്ലെന്ന വിവരം മനസിലാക്കുന്നത്‌ .ഇതുവരെ വിചാരിച്ചിരുന്നത് അവൾ വിദ്യയോടൊപ്പം ആണെന്നാണ് .ഇടയ്ക്കിടയ്ക്ക് അവൾ seat മാറി വിദ്യയോടൊപ്പം പോയിരിക്കാറുണ്ട് .പ്രിയ ദ്രൗപതിയെ കാണാനില്ലെന്ന വിവരം എല്ലാരേയും അറിയിച്ചു .
"ഈ കുട്ടി എപ്പോഴും എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കും ,ഇനി അന്നത്തെപ്പോലെ മുറിയിലെങ്ങാനും ...?",സർ അർജുനനെ നോക്കി കൊണ്ട് സംശയം പ്രകടിപ്പിച്ചു .
"ഇല്ല സർ ,ഞാനിന്നു രാവിലെ കണ്ടതാ ,അയാളുടെ ബാഗും ഞാൻ ബസിന്റെ പുറകിൽ വെച്ചു ."അർജുനന്റെ മുഖത്തെ പേടി പ്രിയ ശ്രദ്ധിച്ചു .
"അതെ സർ ,അവൾ രാവിലെ ഞങ്ങളോടോപ്പമാണ് ഇറങ്ങിയത്‌ .ബാഗ് വെക്കും വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു .വിദ്യ മറുപടി പറഞ്ഞു .
"ബാഗ് വച്ചിട്ടു കുറെ സമയം ആയല്ലോ ?എന്നിട്ട് ഇപ്പോഴാണോ ...?"രവി സർ ദേഷ്യപ്പെട്ടു .
"ഞാൻ വിദ്യയോടൊപ്പം ഉണ്ടാവുമെന്ന് കരുതി ",പ്രിയ പറഞ്ഞു .
"ഞങ്ങളോടോപ്പമോ ?,അവളെന്നും നിന്റെ കൂടെയല്ലേ ഇരിക്കുന്നത് ?,"മീനാക്ഷി പറഞ്ഞു .
"അതിനെ പറ്റി തർക്കിക്കാതെ ആ കൊച്ചു എങ്ങോട്ട് പോയെന്നു അന്വേഷിക്കു ...",രവി സർ ഇടപെട്ടു .എല്ലാരും ബസിൽ നിന്ന് ഇറങ്ങാനൊരുങ്ങി .പക്ഷെ പ്രിയയുടെ ശബ്ദം അവരെ തടഞ്ഞു .
"സർ ,അവൾക്കു എന്തോ അപകടം പറ്റിയതാണ് .എനിക്കുറപ്പാണ് ",പ്രിയ ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു .
"എന്താ ,ഇയാള് പറയുന്നേ ?എന്ത് അപകടം വാരാനാ ?",നീതു മിസ്സ്‌ ചോദിച്ചു .
"കാട്ടാനയും പുലിയൊമൊക്കെയുള്ള കാട്ടിലാണ് ,കഴിഞ്ഞ രണ്ടു ദിവസം നമ്മൾ തള്ളിനീക്കിയത് .അവിടെ വരാത്ത അപകടം ഇവിടെ എങ്ങനെ വന്നെന്ന ഇയാളിപ്പറയുന്നെ ?"മനീഷ് സാറിനും പ്രിയ പറഞ്ഞതിന്റെ അർഥം മനസിലായില്ല .
"സർ ,ഞാൻ പറഞ്ഞതിനര്തം അവളെ ആരോ അപകടപ്പെടുത്തി എന്നാണ് ?"
"ആര് ?",നീതു മിസ്സ് അത്ര മാത്രേ ചോദിച്ചുള്ളൂ .പ്രിയ ഒരു കൊടുങ്കാറ്റുപോലെ അർജുനന് നേരെ പാഞ്ഞടുത്തു .അവനു നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു ."ഈ അർജുൻ !!".കുറച്ചു നിമിഷങ്ങൾ ,അത് കടന്നു പോയത് ആരും അറിഞ്ഞില്ല .ഒരു ശൂന്യത പോലെ .അർജുൻ എന്തെങ്കിലും തിരിച്ചറിയുന്നതിനു മുൻപ് പ്രിയ തുടർന്നു  .
"ഇയാൾ രണ്ടു ദിവസമായി സർ അവളെ ശല്യപ്പെടുത്താൻ തുടങ്ങിയിട്ട് .ഒരു ദിവസം അവളുടെ കയ്യിൽ കയറി പിടിച്ചതിനു അവൾ ദേഷ്യപ്പെടുകയും ചെയ്തു .അതിവിടെ പലരും കണ്ടതാണ് ."
സ്വബോധം വീണ്ടെടുത്ത അർജുൻ ഇടയ്ക്കു കയറി പറഞ്ഞു .
"സർ ,അത് ആ കുട്ടി വെറുതെ അഭിനയിച്ചതാണ് .അന്ന് രാത്രി അവൾ അത് എന്നോട് പറയുകയും ചെയ്തു ."
"അഭിനയിച്ചതോ ?അർജുൻ എന്തൊക്കെയാ ഈ പറയുന്നേ ?ആർക്കെങ്കിലും അങ്ങനെ അഭിനയിക്കാൻ പറ്റുവോ ? ഇനി അങ്ങനെയാണെങ്കിൽ തന്നെ അത് തന്നോട് വന്നു പറയുവോ ?",നീതു മിസ്സിന് അവൻ പറഞ്ഞത് ഒട്ടും വിശ്വാസ്യമായി തോന്നിയില്ല .
"ഇയാൾ പറയുന്നത് കള്ളമാണ് മിസ്സ് .അല്ലെങ്കിൽ ഇന്നലെ അവളെ എന്തിനാ ഭീഷണിപ്പെടുത്തിയതെന്നു ചോദിക്ക്.അവൾക്കു മിസ്സിനോട് എന്തോ പറയണമെന്നുണ്ടായിരുന്നു .ഇയാളുടെ ശല്യത്തെക്കുറിച്ചായിരിക്കണം .അതുകൊണ്ടല്ലേ മിസ്സിനോട് പറയും എന്ന് പറഞ്ഞപ്പോൾ ഇയാള് ഭീഷണിപ്പെടുത്തിയത് .ഇന്നലെ രാത്രി ഇയാള് അവളോട് പറയുന്നത് ഞാൻ കേട്ടതാണ് മിസ്സ്‌ 'നീ പറയില്ല .അതിനുള്ള വഴി എനിക്കറിയാം ' എന്ന് ".
ക്ഷെമ കെട്ടു നിൽക്കുകയായിരുന്നു അർജുൻ .പ്രിയയുടെ ആരോപണങ്ങൾ കേട്ടപ്പോൾ അവനു പൊട്ടിത്തെറിക്കണമെന്നുണ്ടായിരുന്നു .പക്ഷെ ഇവിടെ നിരപരാധിത്ത്വം തെളിയിക്കേണ്ടത്  അവന്റെ ആവശ്യമാണ്‌ .അവൻ രോഷമടക്കി .എന്നിട്ട് പറഞ്ഞു 
"ഈ പറഞ്ഞതെല്ലാം സത്യമാണ് .ഞാൻ ഇന്നലെ അവളെ കണ്ടിരുന്നു .ഞങ്ങൾ സംസാരിച്ചു .പക്ഷെ ഈ പ്രിയ വന്നപ്പോഴാണ് ഞാൻ അവളോട്‌ ദേഷ്യപ്പെട്ടത്‌ .അത് ദ്രൗപതി പറഞ്ഞിട്ടാണ് .ഞാനും ദ്രൗപതിയും ഇഷ്ടത്തിലാണ് .അത് പ്രിയ അറിയാതിരിക്കാനാണ് ഞങ്ങൾ ഇങ്ങനെ ഒരു നാടകം കളിച്ചത് ."
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല .കാരണം അർജുൻ പറയുന്നത് ആരെക്കുറിച്ചാണെന്ന് ആർക്കും മനസിലായില്ല .രവി സാറാണ് ആ നിശബ്ദതക്ക് വിരാമമിട്ടത് ."ദ്രൗപതിയൊ ?",രവി സർ ആശ്ചര്യപ്പെട്ടു ."അർജുൻ ഏത് ദ്രൗപതിയുടെ കാര്യമാണ് പറഞ്ഞത് .ഇവിടെ കാണാതായിരിക്കുന്നത് അഞ്ജലിയെയാണ് .
"അഞ്ജലി ............?",ആദ്യം അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു .പിന്നെ അത് ഭയമായി മാറി .ഇടി വെട്ടേറ്റ പോലെയുള്ള ഒരു മരവിപ്പ് അവൻ അനുഭവിച്ചു 
"ദ്രൗപതി ..എന്നാണ് എന്നോട് പേര് പറഞ്ഞത് ...",അർജുൻ പറഞ്ഞു .
"സർ ,ഇയാൾ ഓരോ കഥകൾ ഉണ്ടാക്കുകയാണെന്നാ തോന്നുന്നേ .ഇന്ന് രാവിലെ അർജുൻ അവളോട്‌ സംസാരിക്കുന്നത് ഞാൻ കണ്ടതാ .അവളുടെ മുഖത്തു ഞാൻ കണ്ടതാ ഒരു പേടി .അതിനെ ശേഷമാ സർ, അവളെ കാണാതാകുന്നത് ",വിദ്യ ദേഷ്യത്തോടെ അർജുനെ നോക്കി .
എല്ലാ തെളിവുകളും തനിക്കെതിരാണെന്ന് അവനു മനസിലായി. ആരോ സമർത്ഥമായി നെയ്ത ഒരു വലയിൽ താൻ അറിഞ്ഞുകൊണ്ട് ചെന്നുപ്പെട്ടതായാണ് അവനു തോന്നിയത് .
"ശരിയാണ് സർ ,ഞാൻ ഇന്ന് അവളോട്‌ സംസാരിച്ചു ",അർജുൻ   തലയുയർത്താതെ പറഞ്ഞുകൊണ്ടിരുന്നു .നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള കഴിവ് ഈ കുറഞ്ഞ സമയം കൊണ്ട് അവനു കൈമോശം വന്നിരുന്നു ."ഒരു ഫോട്ടോ എടുക്കാനാണ്‌ ഞാനവളെ വിളിച്ചത് . ഹോട്ടെലിനു പുറകിലുള്ള തോട്ടത്തിലാണ് പോയത് .അതിനു ശേഷം ഞാനവളെ തിരിച്ചു വിളിച്ചതാണ് .പക്ഷെ അവൾ കുറച്ചു കഴിഞ്ഞു എത്തിക്കോളാമെന്നു പറഞ്ഞു എന്നെ തിരിച്ചയച്ചു .ഇവിടെ വന്നപ്പോഴാണ് അവൾ  തിരിച്ചെത്തിയിട്ടില്ലെന്നു മനസിലായത് .
"സർ ,കഥയൊക്കെ കേട്ടത് മതി .പോലിസിനെ വിളിക്ക് .ആദ്യം നമുക്കങ്ങോട്ടു പോകാം ..ഇയാള് പറഞ്ഞ ആ സ്ഥലത്തേക്ക് !".നിതിന്റെ ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു .


ദ്രൗപതിയുടെ പ്രതികാരം - 8



അടുത്ത ദിവസം പുലർന്നു .അർജുനനും ദ്രൗപതിക്കും ഇന്ന് ചെയ്തു തീർക്കാൻ  ഏറെ ബാക്കിയുണ്ട്.ഫീൽഡ് സ്റ്റഡി രാവിലെ തന്നെ തുടങ്ങി .സ്പെസിമെനും കാറ്റലോഗുമായി നമ്മുടെ സംഘം സൈലന്റ് വാലി കാടുകളെ തേടിയെത്തി. ഫീൽഡിൽ പ്രോഗ്രാം ഗൈഡിന്റെ ആവശ്യമില്ലെങ്കിലും സ്റ്റാഫിനു അവനോടുള്ള വിശ്വാസം അർജുനനെ അവിടത്തെ  നിറസാന്നിധ്യമാക്കി .

താൻ ഇന്നലെ കണ്ട ശലഭത്തെ കുറിച്ച് രവി സാറിനോട് പറയുകയായിരുന്നു ദ്രൗപതി .അപ്പോഴാണ്‌ കാർത്തികയുടെ നിലവിളി കേട്ടത് .ഉടനെ എല്ലാരും അങ്ങോട്ടേക്ക് ഓടി ,അവളും!.അവിടെ ചെന്നപ്പോൾ കാർത്തിക ഒരു മരക്കുറ്റിയിൽ ഇരിക്കുകയാണ് ,അവളുടെ കാലിൽ ഒരു വലിയ  കറുത്ത അട്ട.അർജുനൻ അതെടുക്കാനുള്ള ശ്രമത്തിലാണ് .അവൻ കുറച്ചു കറിയുപ്പ് അതിൻറെ പുറത്തിട്ടു .പിന്നെ ഒരു മരക്കമ്പ് കൊണ്ട് സാവധാനം അതിനെ വലിച്ചെടുത്തു .കാർത്തിക വീണ്ടും നിലവിളിച്ചു കരഞ്ഞു ."ഇനി കരയണ്ട .അത് പോയി ." കാർത്തിക കരച്ചിൽ നിർത്തി കാലിലേക്ക് നോക്കി .ശരിയാണ് .അട്ട പോയി ! അവൾക്കു ആശ്വാസമായി .അവൻ ,വീണ്ടും അവിടെ ഒരു ഹീറോ ആയി.അവൻ അവളെ നോക്കി ചിരിച്ചു .ദ്രൗപതിക്കു ആ ചിരിയുടെ അർഥം നന്നായറിയാം .ഇപ്പോൾ കാർത്തികയുടെ മനസ്സിൽ എന്തായിരിക്കുമെന്നും അവൾക്കറിയാം .

കലാപരിപാടി കഴിഞ്ഞു മടങ്ങിയ അർജുനനെ തേടി ദ്രൗപതി നിക്കുന്നുണ്ടായിരുന്നു .അവൻ അവളെ നോക്കി ചിരിച്ചു ,ഇന്നിനി ഏത് കഥയാണ്‌ പറയാൻ പോകുന്നതെന്ന സംശയത്തോടെ .
"എന്തായിരുന്നു അത് ?" ദ്രൗപതിയുടെ സ്വരത്തിന് ഒട്ടും പതർച്ചയില്ലയിരുന്നു.
"ആ കുട്ടിയുടെ കാലിൽ ............."
"ആ സംഭവം വിവരിക്കാനല്ല പറഞ്ഞത്.അത് ഞാൻ കണ്ടതാണല്ലോ "
അവൾ അവനെ ഒന്ന് നോക്കി .കണ്ണുകളിൽ ദേഷ്യം. പക്ഷെ ഇന്നലെ ക്കണ്ട ദേഷ്യമല്ല അതെന്നു അവൻ തിരിച്ചറിഞ്ഞു ."അവിടെ വേറെയും ആളുകളുണ്ടായിരുന്നല്ലോ   .എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നതു ....?"
"ഓഹോ ! അതാണ്‌ കാര്യം ",അവളുടെ കണ്ണുകളിലെ അസൂയ അവനു  നന്നായി രസിച്ചു  .
"അത് തന്നെയാണ് കാര്യം .ഞാൻ വ്യക്തമായിട്ട് പറയാം .എനിക്ക് അവളെ ഇഷ്ടമല്ല ,ആ കാർത്തികയെ .ഇനി അവളുടെ കൂടെ എങ്ങാനും കണ്ടാൽ ...."
"കണ്ടാൽ ?",അവൻ ഉദ്വേഗത്തോടെ ചോദിച്ചു.അവൻ ഉള്ളിൽ  ചിരിക്കുകയായിരുന്നു .
"കണ്ടാൽ എന്നെ അങ്ങ് മറന്നു കളഞ്ഞേക്ക് !"
"നിന്നെ എനിക്ക് മറക്കാൻ പറ്റുവോ ?",അവൻ അവളുടെ കൈ പിടിച്ചു .പെട്ടെന്ന് അവളുടെ കോപം നാണത്തിന് വഴിമാറി .അവൾ അവന്റെ കൈ മാറ്റാൻ ശ്രമിച്ചു .പക്ഷെ പറ്റുന്നില്ല .അവൻ മുറുകെ പിടിച്ചിരിക്കുന്നു !അവളുടെ പരിശ്രമങ്ങളൊക്കെ അവൻ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്നുമുണ്ട്.
"ദേ, രവി സർ "
"എവിടെ ?",അവൻ കൈ വിട്ടു തിരിഞ്ഞു നോക്കി 
ഒരു പൊട്ടിച്ചിരിയോടെ അവൾ അവന്റെ അരികിൽ നിന്ന് കുതറി മാറി .അവന്റെ ഞെട്ടൽ പുഞ്ചിരിയായി മാറി 
                                                                      ------------------------
അന്നാണ് സൈലന്റ് വാലിയിലെ അവരുടെ അവസാന ദിവസം .രാത്രി ക്യാമ്പ്‌ ഫയറുണ്ടായിരുന്നു.പാട്ടും ഡാൻസുമൊക്കെയായി അവർ ആ വിടപറയൽ ഉത്സവമാക്കി മാറ്റി .തടിക്കഷ്ണങ്ങളിൽ ആളിപ്പടരുന്ന തീക്കു ചുറ്റും അവർ നൃത്തം വെച്ച് .പിന്നെ പാട്ടുകൾ പാടി .ഇതൊന്നും ശ്രദ്ധിക്കാതെ മൂകയായി അവൾ ഇരുന്നു, ദ്രൗപതി !പക്ഷെ അവിടേക്കുള്ള അർജുനന്റെ വരവ് അവളെ ഉണർത്തി .വന്ന പാടെ അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു .അവൾക്കിഷ്ടമുള്ള അവന്റെ കള്ളച്ചിരി .പ്രിയയുടെ അടുത്താണ് അവൾ ഇരുന്നത്.
"എടി ,ഞാനിപ്പോൾ വരാം ", ഉത്സവത്തിന്റെയും വെടിക്കെട്ടിന്റെയും  ഇടയ്ക്കു അവളുടെ ശബ്ദം അലിഞ്ഞില്ലാണ്ടായി .എന്തെന്ന് പ്രിയ ആംഗ്യം കാട്ടി .'അവൾ ചൂണ്ടു വിരലും തള്ള വിരലും കൂട്ടിപിടിച്ചു കുറച്ചു സമയം എന്ന് കാണിച്ച ശേഷം അവിടെ നിന്ന് എഴുന്നേറ്റു പോയി .പ്രിയ പിന്നെയും ബാക്കിയുല്ലവരോടൊപ്പം ചേർന്നു പാടാൻ തുടങ്ങി .പക്ഷെ പെട്ടെന്നുള്ള അർജുനന്റെ അസാന്നിധ്യം അവളുടെ മനസ്സിൽ വീണ്ടും സംശയത്തിന്റെ വെടിക്കെട്ടിനു  തിരി കൊളുത്തി .

ഹോട്ടലിനു പുറകിലെ പൂന്തോട്ടത്തിൽ ദ്രൗപതി കാത്തിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ അർജുനൻ എത്തി .അവന്റെ മുഖം മ്ലാനമായിരുന്നു .അവൾ കാരണമന്വേഷിച്ചു 
"നാളെ നമ്മളൊരുമിച്ചുള്ള അവസാന ദിവസമാണ് . നിനക്ക് അത് ഓർക്കുമ്പോൾ ഒരു വിഷമവുമില്ലേ ?"
ഒന്ന് ചിരിച്ച ശേഷം ദ്രൗപതി മറുപടി പറഞ്ഞു .
"ഈ വേർപിരിയൽ എന്നാ വക്കിനര്തം എന്താണ് ?തമ്മിൽ കാണാതിരിക്കുക എന്നാണോ അതോ തമ്മിൽ അറിയാതിരിക്കുക എന്നാണോ ?തമ്മിൽ കാണാതിരികുക എന്നാണെങ്കിൽ ,ശരിയാണ് ,നാളെ നമ്മൾ പിരിയാൻ പോകുന്നു .തമ്മിൽ അറിയതിരിക്കുക്ക എന്നാണെങ്കിലോ ?നമ്മൾ ഈ ജന്മം പിരിയില്ല !"
അർജുനൻ എന്തോ പറയാൻ വന്നു.
പക്ഷെ പറഞ്ഞത് മറ്റൊന്നാണ്
 "ഈ വാക്കുകൾ .....ഈ വാക്കുകൾ എന്നോടാരോ ........"
"ഈ വാക്കുകള നിന്നോടാരെങ്കിലും പറഞ്ഞിട്ടുണ്ടോ ?"ദ്രൗപതി ചോദിച്ചു 
"ഛെ ഛെ ! എന്നോടാരു പറയാൻ ?ഞാൻ എവിടെയോ ഇത് പോലെന്തോ വായിച്ചതുപോലെ ഒരോർമ്മ .",
പെട്ടെന്ന് പ്രിയ അവിടേക്ക് കയറി വന്നു .ദ്രൗപതി അർജുനനെ നോക്കി കണ്ണിറുക്കി .അർജുനൻ ഒന്നും മനസിലാകാതെ നിന്ന് .ദ്രൗപതിയുടെ ഭാവം പെട്ടെന്ന് മാറി .അവളുടെ കണ്ണുകൾ ജ്വലിച്ചു .നീ എന്തൊക്കെ പറഞ്ഞാലും നാളെ ഞാൻ മിസ്സിനോട് പറയും .നോക്കിക്കോ !"
ദ്രൗപതി അഭിനയക്കിയാണെന്ന് അപ്പോഴാണ്‌ അവനു മനസിലായത് .അവൻ പറഞ്ഞു "നീ പറയില്ല !അതിനു എന്തുവേണമെന്ന് എനിക്കറിയാം."ഇത്രയും പറഞ്ഞു കൊണ്ട് അവൻ ദേഷ്യത്തിൽ അവിടെ നിന്നു പോയി .ഇതെല്ലം കണ്ടു മിഴിച്ചു നിൽക്കുകയായിരുന്നു പ്രിയ ."എന്തുപറ്റി ?നീ എന്തിനാ അയാളോട് ദേഷ്യപ്പെട്ടെത് ?മിസ്സിനോട് എന്ത് പറയുമെന്നാ  പറഞ്ഞത് ? നീ എന്തിനാ ഇങ്ങോട്ട് ......."ദ്രൗപതിയുടെ കണ്ണ് നിറയുന്നത് കണ്ടു അവൾ നിർത്തി 
ഇടറിയ ശബ്ദത്തോടെ ദ്രൗപതി പറഞ്ഞു ."നീ പറഞ്ഞത് ശരിയായിരുന്നു .അയാളത്ര നല്ല മനുഷ്യനല്ല ........"



ദ്രൗപതിയുടെ പ്രതികാരം -7



അന്ന് ഫീൽഡിൽ നിന്ന് കുട്ടികളെ  മടക്കി കൊണ്ടുവരാനായി രവി സർ അർജുനനെ ചുമതലപെടുത്തി . ദ്രൗപതിയും കൂട്ടുകാരികളുമൊത്തു മടങ്ങി വരുകയായിരുന്നു അർജുനൻ .
"ഇവിടെ റേഞ്ച് ഒട്ടുമില്ല ! കുറേ നേരമായി ഞാൻ അമ്മയെ വിളിക്കാൻ ശ്രമിക്കുന്നു ."ദ്രൗപതി മൊബൈൽ ഫോണ്‍ ചെരിച്ചു നോക്കികൊണ്ട്‌ പ്രിയയോടു പറഞ്ഞു .
"ഇവിടെ എങ്ങനെ റേഞ്ച് കിട്ടാനാ ?നമ്മളിപ്പോൾ കാടിന് നടുവിലാണ് .അത്യാവശ്യമാണെങ്കിൽ ഹോട്ടലിൽ ചെന്നിട്ടു വിളിക്കാം .അർജുനൻ മറുപടി നൽകി .പ്രിയക്കത് ഒട്ടും രസിചില്ലെന്നു അവളുടെ മുഖം വ്യക്തമാക്കി .
"പക്ഷെ ,എനിക്കിപ്പോ വിളിക്കണമെങ്കിലോ ?"ദ്രൗപതി തർക്കിച്ചു .
ഇതെന്തു വാശിയാണെന്നോർത്തു അവൻ മിണ്ടാതെ നിന്നു  .അവർ മുന്നോട്ടു പോയി .ദ്രൗപതി   അവരോടൊപ്പം  നടക്കുന്നില്ലെന്ന് കുറച്ചു കഴിഞ്ഞാണ്  അവർക്ക് മനസിലായത് .അവർ തിരിഞ്ഞു നോക്കിയപ്പോൾ മൊബൈൽ ഉയർത്തിപ്പിടിച്ചു  നിൽക്കുകയായിരുന്നു അവൾ .
അർജുനൻ പുറകിലേക്ക് ഓടിച്ചെന്നു അവളുടെ കൈ പിടിച്ചു .
"തനിക്കെന്താ  കാര്യം പറഞ്ഞിട്ട് മനസിലാകാത്തത് .ഇവിടെ റേഞ്ച് കിട്ടില്ല !"അവൻ ദേഷ്യപ്പെട്ടു .
"ആരോട് ചോദിച്ചിട്ട താനെന്റെ കയ്യിൽ കയറി പ്പിടിച്ചത് ",ജ്വലിക്കുകയായിരുന്നു ദ്രൗപതി! അപ്പോഴേക്കും ബാക്കിയുള്ളവർ ഓടിയെത്തി .അർജുനൻ അവളുടെ ദേഹത്ത് നിന്നും കയ്യെടുത്തു .
"ഇയാളെന്തിനാ എന്നോട് ചൂടാവുന്നത് .ഞാനല്ലല്ലോ ഫോണ്‍ വെച്ച്  കളിച്ചോണ്ട് നിന്നത് ?"അർജുനൻ ദേഷ്യത്തിൽ ചോദിച്ചു .
"എടി ,അയാൾ  നിന്നെ തിരിച്ചു വിളിക്കാൻ ......"വിദ്യ അർജുനന്റെ ഭാഗം ന്യായീകരിക്കാൻ ശ്രമിച്ചു .
"അതിനു...? ദേഹത്ത് തൊടാതെ വിളിക്കാൻ അറിയില്ലേ ?"  ,ദ്രൗപതി ഇടയ്ക്കു കയറി പറഞ്ഞു. അവളുടെ കണ്ണുകളിൽ അപ്പോഴും എരിയുന്ന  തീ ! ഒരു ആഗ്നേയാസ്ത്രം പോലെ അത് അർജുനന്റെ ഹൃദയത്തിൽ കൊണ്ടു .അവന്റെ  പതർച്ചക്കു  കാരണം അവളുടെ ദേഷ്യമായിരുന്നില്ല .പെട്ടെന്നുള്ള അവളുടെ മനമ്മാറ്റമായിരുന്നു .പ്രിയ അവളുടെ തോളത്തു തട്ടി സമാധാനിപ്പിക്കാൻ ശ്രമിച്ചു .അവൾ നോക്കിയപ്പോൾ പുറകെ  വരുന്നവരും മുൻപേ പോയവരും ഇപ്പോൾ അവരെ ശ്രദ്ധിച്ചു കൊണ്ട് നില്ക്കുകയാണ് .ചിലർ കാര്യങ്ങൾ അറിയാനായി  അടുത്തേക്ക് വരുന്നുണ്ട് .പ്രിയ പറഞ്ഞു "ഇത് വലിയ പ്രശ്നമാക്കണ്ട .ഇപ്പോൾ തന്നെ എല്ലാരും  ശ്രദ്ധിച്ചു തുടങ്ങി .ദ്രൗപതി  തണുത്തു .അവൾ ചുറ്റും നോക്കി .എന്നിട്ട് അർജുനനെ നോക്കി .
"തന്റെ മൊബൈൽ താ "
അർജുനൻ അമ്പരന്നു .'ഇത്രയും നേരം താണ്ഡവമായിരുന്നു .ഇപ്പോളിതാ ഒന്നുമറിയാത്ത പോലെ നിന്ന് മൊബൈൽ ചോദിക്കുന്നു '.
"എന്റെ മൊബൈൽ തന്നെ വേണാവോ ?",അവൻ ഒന്ന്  ഇരുത്തി ചോദിച്ചു .
"കൊടുത്തേക്കു സാറെ ,ഇനി അടുത്ത പൂരം തുടങ്ങും മുൻപ് അതങ്ങൂ കൊടുത്തേക്കു ",വിദ്യ ഇടപെട്ടു .ദ്രൗപതി അർജുനന്റെ കയ്യിൽ  നിന്ന് മൊബൈൽ വാങ്ങി .അതും ഉയർത്തിപ്പിടിച്ചു റേഞ്ച് നോക്കി നോക്കി അവൾ  കുറച്ചു ദൂരം നടന്നു . ഒന്നും മനസിലാകാതെ ബാക്കിയുള്ളവർ അവളെ കാത്ത് നിന്നു. 
                                                            --------------------------------
 രാത്രി ഡിന്നർ കഴിഞ്ഞു റൂമിലേക്ക്‌ മടങ്ങുമ്പോൾ അർജുനൻ ഇടനാഴിയിൽ  നിൽക്കുന്നത് ദ്രൗപതി കണ്ടു.  അവൾ അവന്റെ അടുത്തേക്ക് ചെന്നു .
"ഞാൻ ഇന്ന് ദേഷ്യപ്പെട്ടത്തിൽ വിഷമമുണ്ടെന്നറിയാം ."ശബ്ദം കേട്ടാണ് അവൻ തിരിഞ്ഞു നോക്കിയത് .ദ്രൗപതി !. അവൾ തുടർന്നു ."ഞാൻ അങ്ങനെ ചെയ്യരുതായിരുന്നു ! പ്രിയ ....."അവൾ നിർത്തി ,എന്നിട്ടവന്റെ ഭാവം ശ്രദ്ധിച്ച  ശേഷം തുടർന്നു ." ഇന്ന്  ഫീൽഡിൽ വെച്ച് നമ്മളെ  ഒരുമിച്ചു കണ്ടതിനു ശേഷം അവൾ എന്നോട് ............നമ്മൾ തമ്മിൽ എന്താ ബന്ധമെന്ന് ചോദിച്ചു ?",അവൾ ഒന്നുകൂടെ അവന്റെ മുഖം ശ്രദ്ധിച്ചു .അവന്റെ താത്പര്യം കൂടിയതായി കണ്ടു  തുടർന്ന് ,"ഞാൻ പറഞ്ഞു നോക്കി ,നമ്മൾ തമ്മിൽ അങ്ങനെ ഒന്നുമില്ലെന്ന് .പക്ഷെ അവൾക്കു വിശ്വാസം വന്നില്ല ,അതുകൊണ്ട് അവളെ വിശ്വസിപ്പിക്കാൻ ....................".അവൾ നിർത്തി .
"നമ്മൾ തമ്മിൽ ഒന്നുമില്ലേ ?"അവളുടെ കണ്ണുകളിൽ നോക്കി കൊണ്ട് അവൻ ചോദിച്ചു .അവൾ കുറച്ചു നേരം ആ കണ്ണുകളിൽ നോക്കി നിന്ന ശേഷം പറഞ്ഞു "പക്ഷെ അത്.......... ബാക്കിയുള്ളവരെ അറിയിക്കേണ്ട കാര്യമുണ്ടോ ?"അവൾ അവന്റെ മുഖത്ത് നോക്കി ചിരിച്ചു .അവൻറെ മുഖത്തും ആ ചിരി പടർന്നു .അവൾ തിരിഞ്ഞു നടന്നു .അവൻ കണ്ണെടുക്കാതെ അവളെ തന്നെ നോക്കി നിന്നു ,അവൾ മായുന്നതുവരെ  .

                                                         -------------------------------------

"നീയിതുവരെ എവിടെയായിരുന്നു ?"റൂമിലേക്ക്‌ കയറിയപ്പോൾ പ്രിയ ചോദിച്ചു .
"ഞാൻ നിതിനെക്കാണാൻ .....",ദ്രൗപതി മറുപടി നൽകി .
"നിതിനെ കാണാനോ ? എങ്കിൽ ഇതായിരിക്കും എട്ടാമത്തെ അത്ഭുതം !"  കളിയാക്കി .
"അതെന്താ അങ്ങനെ പറഞ്ഞത് ?എനിക്ക് മാത്രം നിതിനെ കാണാൻ പാടില്ലേ ?",ദ്രൗപതി പറഞ്ഞത് മീനാക്ഷിയെ ഉദ്ദേശിച്ചായിരുന്നു .
" എന്നെ ഇതിനിടയിലേക്ക് കൊണ്ട് വരണ്ട "മീനാക്ഷി പറഞ്ഞു ,"നിങ്ങൾ ക്ലാസ്സിൽ കീരിയും പാമ്പും അല്ലെ ?അതുകൊണ്ടാ അവൾ അങ്ങനെ പറഞ്ഞത് "
പ്രിയ സംശയം മാറാതെ ചോദിച്ചു" നീ ഈ രാത്രി അവന്റെ മുറിയിൽ പോയതെന്തിനാ ?"
"ആര് മുറിയിൽ പോയി .ഞാൻ അവനെ കോറിഡോറിൽ വച്ചാ കണ്ടത് .എന്റെ ഈ മൊബൈലിനു എന്തോ പ്രശ്നം. കാൾ പോകുന്നില്ല .അത് ശരിയാക്കാൻ കൊടുത്തു .അവനു ഈ കാര്യങ്ങളിലൊക്കെ നല്ല അറിവാണല്ലോ ",ദ്രൗപതിയുദെ വിശദീകരിച്ചു.
ദ്രൗപതി ലാപ് തുറന്നു മൊബൈൽ ഖടിപ്പിച്ചു എന്തൊക്കെയോ ചെയ്തു ,മൂന്നുപേരും കിടന്നു കഴിഞ്ഞു .."ഇപ്പോൾ എന്ത് ചെയ്യുകയാ ?"വിദ്യ കിടന്നുകൊണ്ട് ചോദിച്ചു .
"അവൻ ഇതിലെ ഡാറ്റ എടുത്തിട്ടുണ്ടോ എന്ന് നോക്കുവാ ,നിങ്ങൾ കിടന്നോ ഞാൻ വരാം  ",മീനാക്ഷി ഉറങ്ങിയത് കൊണ്ട് അവിടെ മറ്റു തർക്കങ്ങൾ ഒന്നും   ഉണ്ടായില്ല .പക്ഷെ രാത്രി ഏറെ വൈകിയും അവരുടെ മുറിയിലെ ലൈറ്റുകൾ അണഞ്ഞില്ല  .

ദ്രൗപതിയുടെ പ്രതികാരം - 6



യാത്രയുടെ മൂന്നാം ദിനം .ഇന്നാണ് അവരുടെ റിസെർച്ച് ശരിക്കും ആരംഭിക്കുന്നത് .പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന കുട്ടികൾക്കിടയിൽ അർജുനൻ ദ്രൗപതിയെ തേടി .ഇന്നലത്തെ സംഭവത്തിന്‌ ശേഷം തന്നോടുള്ള പിണക്കം മാറിയോ എന്നറിയാൻ അവനു ആകംഷയുണ്ട് .
"എല്ലാരും എത്തിയോ ?"മനീഷ് സർ ചോദിച്ചു .
"ഇല്ല സർ .ചിലർ ഇതുവരെ വന്നിട്ടില്ല ".അർജുനൻ ആണ് അതിനു മറുപടി നൽകിയത് .
                                                   -----------------------------

"കതകു തുറക്ക് "
അർജുനനും മനീഷ് സാറും നീതു മിസ്സും മുറിക്കകത്തേക്ക് പ്രവേശിച്ചപ്പോൾ വാഷ്‌ റൂമിന്റെ കതകിൽ മുട്ടുകയായിരുന്നു പ്രിയ .പരിഭ്രാന്തരായി മറ്റു രണ്ടുപേരും  ചുറ്റും നിൽക്കുന്നു .മിസ്സിനെ കണ്ടതും അവർ ഓടി വന്നു .
"നോക്ക് മിസ്സേ ,കുറേ നേരമായി  വിളിക്കുന്നു .വാതിൽ തുറക്കുന്നുമില്ല ഒന്നും പറയുന്നുമില്ല ",വിദ്യ പറഞ്ഞു .
"നിങ്ങൾ വിഷമിക്കണ്ട ,നോക്കട്ടെ ."മിസ്സ് അവരെ ആശ്വസിപ്പിച്ചു "മനീഷ് സാറെ, വാതിൽ തള്ളി തുറന്നു നോക്കുവോ ?ബോധം  കെട്ട് കിടക്കുകയാണെങ്കിലോ ?"
സാറും അർജുനനും വാതിൽ തള്ളി തുറന്നു .അവർ അകത്തു കയറി നോക്കിയപ്പോൾ ദ്രൗപതി തറയിൽ വീണു കിടക്കുന്നു .അവർ അവളെ താങ്ങിയെടുത്ത് കട്ടിലിൽ കിടത്തി .
"എന്ത് പറ്റിയതാ ?"നീതു മിസ്സ്‌ തിരക്കി ."ഇന്നലെ ഒന്നും കഴിച്ചില്ലേ ?അതോ വേറെ  എന്തെങ്കിലും പ്രശ്നമുണ്ടോ ?"
"എന്താന്നറിയില്ല മിസ്സ്‌ .ഇന്നലെ വന്നത് മുതൽ ആകെ ടെസ്പ്  ആയിരുന്നു .ചോദിച്ചിട്ട് ഒന്നും പറഞ്ഞില്ല .ഒന്നും കഴിച്ചതുമില്ല ",അർജുനനെ നോക്കിയാണ് പ്രിയ അത് പറഞ്ഞത് .അർജുനന്റെ മുന്നിൽ നിന്ന് ദ്രൗപതി കരയുന്നത് കണ്ടതു അവൾ മാത്രമാണ് .പക്ഷെ എത്ര ചോദിച്ചിട്ടും അതിന്റെ കാരണം മാത്രം അവൾ പറഞ്ഞില്ല .

മുഖത്തേക്ക് വെള്ളം വീണപ്പോൾ ദ്രൗപതി ഉണർന്നു .അർജുനൻ പരിഭ്രാന്തനായി അവളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ് .പേര് ചോദിച്ചാൽ ഇത്രയും പുകിലുണ്ടാവുമെന്നു അവൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല 
"ഇപ്പോൾ എങ്ങനെയുണ്ട് ?"നീതു മിസ്സ്‌ തിരക്കി .
"കുഴപ്പമില്ല മിസ്സ്‌ ."
"ആവശ്യമെങ്കിൽ  ഇന്ന് റെസ്റ്റ് എടുത്തുകൊള്ളൂ .നാളെ മുതൽ പോകാം "മനീഷ് സർ ഒരു നിർദേശം  മുന്നോട്ടു വെച്ചു .
"ഇല്ല സർ .എനിക്ക് പോണം .എനിക്കിപ്പോ കുഴപ്പമില്ല .ഇന്നലെ ആഹാരം കഴിച്ചില്ല .അതുകൊണ്ടാ ഇങ്ങനെ ..."
"ആ  കുട്ടിക്ക് വരണമെന്നുണ്ടെങ്കിൽ പോന്നോട്ടെ സർ .എല്ലാർക്കും ഇതുപോലുള്ള യാത്ര ചെയ്യാൻ ഭാഗ്യം കിട്ടി എന്ന് വരില്ല ",അർജുനൻ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു .ദ്രൗപതി   അവനെ ഒന്ന് നോക്കി .എന്നിട്ട് പുഞ്ചിരി തൂകി .ആ ചിരി അവനു എത്ര മാത്രം ആശ്വാസം നല്കി എന്ന് അവന്റെ   മുഖം വ്യക്തമാക്കുന്നുണ്ടായിരുന്നു .

                                              ---------------------------------------------

സൈലന്റ് വാലി ! അതിന്റെ അറകളിൽ ഒളിപ്പിക്കപ്പെട്ട അപൂർവ്വങ്ങളായ ഷഡ്പദങ്ങളേയും മറ്റു ജീവികളേയും പറ്റി അറിയാനും പഠിക്കാനും രവി സാറിന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറായി .കണ്ടെത്തുന്ന ഓരോ ജീവികളെയും പറ്റി എന്തെങ്കിലും പറയാൻ അദ്ദേഹത്തിനുണ്ടാവും .അവരെല്ലാരും കയ്യിൽ ഒരു catalog കരുതിയിട്ടുണ്ട് .ഷഡ്പദങ്ങളെയും കീടങ്ങളെയും പറ്റിയുള്ള വിവരണങ്ങൾ അടങ്ങിയതാണത് .

അർജുനൻ വരുമ്പോൾ നീല വരകളുള്ള ഒരു ഷഡ്പദത്തിനെ പറ്റി പഠിക്കുകയായിരുന്നു അവൾ .catalog നോക്കിയും ഒരു തുണ്ട് കടലാസിൽ എന്തെക്കൊയെ കുറിച്ചുമിരിക്കുന്ന അവളെ ,അവൻ മുരടനക്കി വിളിച്ചു .
"എന്താ ഇവിടെ ?ഇത് ഞങ്ങളുടെ ഫീൽഡ് ആണ് ."അവൾ അത്ഭുതത്തോടെ ചോദിച്ചു .
"മനസിന്‌ ഒരു സമാധാനമില്ല .ഇന്നലെ ഞാൻ അങ്ങനെ ചോദിക്കരുതായിരുന്നു .തനിക്കു പേര് പറയാൻ ..........."
"എനിക്ക് പേര് പറയാൻ ഒരു ബുദ്ധിമുട്ടുമില്ല ."അവൾ ഇടയ്ക്കു കയറി പറഞ്ഞു .ഇന്നലെ ഞാൻ വേറെന്തോ ഓർത്തു കരഞ്ഞതാ ."
അവൾ ചിരിച്ചു .എന്നിട്ട് പേര് പറഞ്ഞു .
"ദ്രൗപതി !"
"കൊള്ളാം , അർജുനന്റെ ദ്രൗപതി !",ഒരു കളിയാക്കൽ ഒളിപ്പിച്ചു അവൻ ചിരിച്ചു .എന്നിട്ട് തുടർന്ന് ,"എവിടെയോ കണ്ട പോലെ തോന്നുന്നു "
"എന്നെയോ?"
"അതെ .പക്ഷെ എവിടെയാണെന്ന് ..."
"തോന്നുന്നതായിരിക്കും ."അവൾ അവനെ ഒന്ന് നോക്കിയ ശേഷം തുടർന്ന് ,"ഒരാളെപോലെ എത്രയോ പേരുണ്ട് .നിങ്ങളാണെങ്കിൽ ഒരു ദിവസം എത്രയോ പേരെ കാണുന്നു .അതുകൊണ്ട് തോന്നുന്നതായിരിക്കാം "
'ഓരോ മാസവും രണ്ടു യാത്രകൾ വെച്ച് വർഷത്തിൽ 24 യാത്രകൾ .3 വർഷം 72  യാത്രകൾ !72 പെണ്‍കുട്ടികൾ !!ഓർമ്മ വരാൻ ഒരു ചാൻസുമില്ല ...',ദ്രൗപതി മനസ്സിൽ കണക്കു കൂട്ടുകയായിരുന്നു 
"എന്താ ആലോചിക്കുന്നത് ?".
"നിങ്ങളുട ചിരി കാണാൻ  ഭംഗിയുണ്ട് ."അവളുടെ കണ്ണുകളിൽ അന്നേരം ഒരു തീക്ഷ്ണതയാണ് ഉണ്ടായിരുന്നത്.നാണമല്ല !.അർജുനൻ ഒന്ന് ചിരിച്ചു .അപ്പോഴാണ്‌ പ്രിയ അതുവഴി വരുന്നത് അവൾ കണ്ടത് .പ്രിയയുടെ അടുത്തേക്ക് പോകാനൊരുങ്ങിയ ദ്രൗപതിയുടെ കാലിടറി .അർജുനൻ അവളെ താങ്ങി .ദ്രൗപതി അവനെ തള്ളി മാറ്റി .അവൻ ഒന്ന് പകച്ചു .
അപ്പോഴേക്കും അവിടെയെത്തിയ പ്രിയ അവളെ തന്നോട് ചേർത്ത് നിർത്തി .അവൾ അർജുനനെ ദേഷ്യത്തോടെ നോക്കി .
"ആ കുട്ടി വീഴാൻ പോയപ്പോൾ ഞാൻ താങ്ങിയതാണ് ."മറുപടി പറഞ്ഞ ശേഷം അവൻ പെട്ടെന്ന് തന്നെ അവിടെ നിന്നും പോയി .
പ്രിയ കുറച്ചു നേരം വനെ നോക്കി നിന്ന ശേഷം പറഞ്ഞു "ഞാൻ പറഞ്ഞാൽ നിനക്ക് ഇഷ്ടപ്പെടുമോന്നു അറിയില്ല .ആ മനുഷ്യനുമായി ഇനി വലിയ അടുപ്പമൊന്നും വേണ്ട .എനിക്ക് അയാൾ അത്ര ശരിയാണെന്ന് തോന്നുന്നില്ല ".
ദ്രൗപതി പക്ഷെ മറുപടി ഒന്നും പറഞ്ഞില്ല .

ദ്രൗപതിയുടെ പ്രതികാരം - 5



അതുവരെ കണ്ടതും കേട്ടതുമായ അനുഭവങ്ങളിൽ നിന്ന് വേറിട്ട്‌ നിന്നു, ട്രെക്കിംഗിന്റെ അനുഭവം. കുന്തിപ്പുഴയിലൂടെ ,അതിലെ ഉരുളൻ കല്ലുകളിലൂടെ നഗ്ന പാദയായി നടക്കുമ്പോൾ ആത്മാവ് സ്വർഗത്തെ പുൽകിയ അനുഭൂതിയായിരുന്നു അവൾക്ക് .കണ്ണുകളടച്ചു ആ അനുഭൂതിയെ പൂർണ്ണമായും തന്നിലെക്കാവാഹിക്കാൻ അവൾ ശ്രമിച്ചു .പിന്നെ ഒരു കുമ്പിൾ ജലം കോരിയെടുക്കാനായി കുനിഞ്ഞു .പക്ഷെ നിലതെറ്റി പുഴയിലേക്ക് പതിച്ചു .ധും!

കുന്തിപ്പുഴയിൽ നീണ്ടു നിവർന്നു ദ്രൗപതിയെക്കണ്ടപ്പോൾ പലർക്കും ചിരി പൊട്ടി .നിതിന്റെ ചിരിയാണ് ഏറ്റവും ഉയർന്നു കേട്ടത് .മീനാക്ഷി ഓടി വന്നു . ഒരു സഹായഹസ്തം അവൾക്കു നേരെ നീണ്ടു .'അർജുനൻ !ദ്രൗപതി ഒരു ജാള്യതയോടെ അവന്റെ കൈ പിടിച്ചു എഴുന്നേറ്റു .അപ്പോൾ അവന്റെ മുഖത്ത് കണ്ട ഭാവം തന്നെ കളിയാക്കുന്നതാണോ എന്ന് അവൾ സംശയിച്ചു .
"നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ",മീനാക്ഷി ചോദിച്ചു .അപ്പോഴേക്കും പ്രിയയും വിദ്യയും ക്കൂടെയെത്തി .
"ഇല്ല.ഒന്നും പറ്റിയില്ല ",അവൾ മറുപടി നൽകി .
'അന്വേഷിക്കുംബോഴൊന്നും കാണില്ല. ആവശ്യമില്ലാത്തപ്പോൾ എവിടുന്നോ പ്രത്യക്ഷപ്പെടും ',അർജുനന്റെ മുഖത്ത് നോക്കി അവൾ മുറുമുറുത്തു . അവൻ എന്തോ വലിയ ഹീറോയിസം കാണിച്ച മട്ടിൽ നിൽക്കുകയാണ് .അവർ ഒരുമിച്ചു യാത്ര തുടർന്നു .പക്ഷെ അർജുനനെ ഒറ്റയ്ക്ക് കിട്ടാത്തതിൽ ദ്രൗപതി അസ്വസ്ഥയായിരുന്നു .
                                                              -------------------------------

ഉച്ചക്ക് ഊണ് കഴിക്കാൻ കയറിയ ഹോട്ടലിന്റെ പേര് എല്ലാർക്കും ഇഷ്ടപ്പെട്ടു 'ചോലക്കാട്‌'!.അവിടെ മുളകൊണ്ടുള്ള മേശൈക്ക് ചുറ്റും 3 മുളക്കസേരകൾ .മേശയിൽ വിഭവങ്ങൾ നിരന്നു .3 കസേരകൾ നോക്കി 4 സുഹൃത്തുക്കൾ കുറേ നേരം നിന്നു .ഒടുവിൽ ദ്രൗപതി പറഞ്ഞു "അവിടെ നീതു മിസ്സിന്റെ അടുത്ത് രണ്ടു കസേരകൾ ഒഴിവുണ്ട് .ഞാനും പ്രിയയും അങ്ങോട്ടു പോകാം ".അവൾ പറഞ്ഞു തീരും  മുൻപേ അതിൽ ഒരു കസേരയിലേക്ക് അർജുനൻ വന്നിരുന്നു .
"ആ കൂട്ടത്തിൽ നീയാ ബെസ്റ്റ് .ഒന്നാമത് നീതു മിസ്സിന്റെ പെറ്റ് ! പോരാത്തതിനു ആ ഗൈഡുമായും നല്ല അടുപ്പം .അവർ നിനക്ക് വേണ്ടി കസേര ഒഴിച്ചിട്ടു കാത്തിരിക്കുന്ന കണ്ടില്ലേ ?" വിദ്യ കളിയാക്കി .ദ്രൗപതി ദേഷ്യത്തിൽ അവിടെ നിന്ന് പോയി .

അവൾ വരുന്നത് കണ്ടു നീതു മിസ്സ് ചിരിച്ചു .അർജുനനും !2 മണിക്ക് തിരിച്ചു പോകുന്നതിനെ പറ്റി അർജുനൻ നീതു മിസ്സിനോട് സംസാരിച്ചു .2 മണി കഴിഞ്ഞാൽ പാർക്കിനകത്തു പ്രവേശനം ഇല്ല .സംഭാഷണത്തിനിടക്ക് അർജുനൻ അവളെ നോക്കി ചിരിക്കാൻ മറന്നില്ല .പക്ഷെ അവൾക്കു ഒട്ടും സന്തോഷമുണ്ടായിരുന്നില്ല .തൊട്ടടുത്ത്‌ നിന്നാലും അവനോടു ഉള്ളു തുറക്കാൻ പറ്റാത്ത ഇതുപോലുള്ള അവസരങ്ങളെയാണ് അവൾ ഇന്ന് ഏറ്റവും കൂടുത്തുൽ വെറുത്തിരുന്നത് .
                                                  -----------------------------------

ഹോട്ടെലിനു പുറത്തു കാത്തു നിന്ന ദ്രൗപതിക്കു പിന്നിൽ അർജുനൻ മുരടനക്കി .തിരിഞ്ഞു നോക്കിയ ദ്രൗപതി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് ആദ്യം നോക്കിയത് .'ഹൊ !ആരുമില്ല '.അവൾ സംസാരിക്കാനൊരുങ്ങി .പക്ഷെ ,അവളുടെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ടു അവന്റെ ചോദ്യമുയർന്നു .
"പേര് എന്താണെന്നാ പറഞ്ഞത് ?"
ദ്രൗപതി ഒന്നും മനസിലാവാത്ത പോലെ നിന്നു .അവൻ തുടര്ന്നു 
"ഓ ! പേര് പറഞ്ഞില്ലല്ലേ ?സാരമില്ല ഇനി പറയാല്ലോ ?" അവൻ ആകാംഷയോടെ നിന്നു . ദ്രൗപതി ചിരിച്ചു .
"എന്റെ പേര് ചോദിച്ച പോലെ തോന്നി ",അവൾ സംശയത്തോടെ പറഞ്ഞു 
"തോന്നിയതല്ല .ഞാൻ ചോദിച്ചു .ഇഷ്ടമായില്ലെങ്കിൽ വേണ്ട .പറയണ്ട ". താൻ എവിടെയാണെന്നോ എന്താണ് നടന്നതെന്നോ മനസിലാവാതെ അവൾ കുറച്ചു നേരം നിന്നു .ഇന്നലെ രാവിലെ മുതലുള്ള സംഭവങ്ങളുടെ റീലുകൾ അവളുടെ മനസ്സിൽ ഓടിതുടങ്ങി .എല്ലാം കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ചിത്രം വ്യക്തമായി.'ഇന്നലെ അവനെ കണ്ടതുമുതൽ എല്ലാം ആവർത്തിക്കുകയാണെന്ന്  ഞാൻ കരുതി .അവൻ ഒട്ടും മാറിയിട്ടില്ലെന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ നടന്നത് ഒരിക്കലും ആവർത്തിക്കപ്പെടരുതായിരുന്നു .'അവൾ കണ്ണ് നീർതൂവി .
"ശേ ! ഈ കുട്ടി എന്താ ഈ കാണിക്കുന്നത് ,ഞാൻ പേരല്ലേ ചോദിച്ചുള്ളൂ .എവിടെയോ കണ്ട പോലെ തോന്നി അതാ ....".അർജുനന്റെ വാക്കുകൾ കൂരമ്പുകളായി തറയ്ക്കുന്നത് അവൾ ഒരിക്കൽ കൂടെ അറിഞ്ഞു .





ദ്രൗപതിയുടെ പ്രതികാരം -3



ഹോട്ടലിൽ ഒരു മേശൈക്ക് ചുറ്റും അവർ ഇരുന്നു .ദ്രൗപതി ,പ്രിയ ,മീനാക്ഷി,വിദ്യ !അവർക്ക് മുന്നിലായി ദോശയും സാമ്പാറും പ്ലേറ്റുകളിൽ  എത്തി. ദ്രൗപതി കഴിക്കാൻ ശ്രമിക്കുന്നുണ്ട് .പ്രിയ ഇനി കഴിച്ചാൽ ശർദദിക്കും എന്ന അവസ്ഥയിലായി .വിദ്യക്ക് കുറച്ചു കൂടി കഴിക്കണം എന്നുണ്ട് .പക്ഷെ ദ്രൗപതി കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിച്ചില്ല ."ഞാൻ പോകുന്നു .ഇനി കഴിച്ചാൽ ശരിയാവത്തില്ല .ഞാൻ പോകുന്നു ".ദ്രൗപതി ചാടി എഴുന്നേറ്റു .അവൾക്കു എങ്ങനെയെങ്കിലും മതിയാക്കി പോകണമെന്നെ ഉണ്ടായിരുന്നുള്ളു .അവൾ വാഷ്‌ ബേ സിനരികിലേക്ക് ഓടി .ഇവൾക്കെന്ത് പറ്റി എന്നുള്ള ഭാവത്തിൽ സുഹൃത്തുക്കൾ മിഴിച്ചിരുന്നു .

പുറത്തിറങ്ങിയ ദ്രൗപതിയെ ഒരു കാറ്റു വന്നു തഴുകി .കാറ്റിൻറെ ദിശക്കനുസരിച്ചു അവൾ നടന്നു .ഹോട്ടലിന്റെ വശത്ത് കൂടെ കുറച്ചു ദൂരം പുറകിലേക്ക് .അവിടെ നിന്ന് ദൂരത്തേക്കു നോക്കിയപ്പോൾ ഓരത്ത് നിറച്ചും തെങ്ങുകളുള്ള ഒരു ജലാശയം പോലെ എന്തോ ഒന്ന് അവൾക്കു അവിടെ കാണാനായി ."ഞാൻ എവിടെ വന്നു നില്ക്കാനാണ് പറഞ്ഞത് ?". അവൾ ഞെട്ടി തിരിഞ്ഞു നോക്കി .അർജുനൻ മുന്നിൽ!.അപ്പോഴത്തെ ആ ഞെട്ടലിൽ നിന്ന് മാറാൻ അവൾ പെട്ടെന്ന് തിരിഞ്ഞു .സ്വബോധം വീണ്ടെടുത്ത ശേഷം വീണ്ടും തിരഞ്ഞു നിന്ന് അവനോടു പറഞ്ഞു ."ഇപ്പോൾ അര മണിക്കൂറായതല്ലേ ഉള്ളു.ഞാൻ കുറച്ചു നേരം ഇവിടെ നിന്നോട്ടെ ?"."ങ്ഹും ശരി ".ഒന്ന് ആലോചിച്ച ശേഷം അര്ജുനൻ പറഞ്ഞു .മുഖത്ത് അപ്പോൾ അവൾക്കു പരിചയമുള്ള ആ കള്ളച്ചിരി മിന്നി.പക്ഷെ അവൻ തിരിച്ചു പോയില്ല .അവന്റെ സാന്നിധ്യം അവൾക്കു അസ്വസ്ഥത ഉണ്ടാക്കി .ഇത്രെയും കാലത്തിനു ശേഷം അവനോടു എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അവൾക്കു മനസിലായില്ല .പൊടുന്നനെ ഏതോ ബുദ്ധി ഉദിച്ച സന്തോഷത്തിൽ ഒട്ടും അമാന്തിക്കാതെ അവൾ ചോദിച്ചു 
"ഇവിടെ എന്താ ഇത്ര കാറ്റ് ?"
"എവിടെ ?"
"ഇവിടെ. നല്ല കാറ്റുണ്ടല്ലോ ? കടൽക്കാറ്റ്  പോലെ ....?"
"ങ്ഹാ . ഇവിടേ അടുത്ത് കടലുണ്ട് .ഇത് ചവറ അല്ലെ ?"
"എന്ത് ?".
അവളെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അവൻ തുടർന്നു . 
"കൊല്ലത്തെ ചവറ എന്ന സ്ഥലം .കടലോര പ്രദേശമാണ് .ആ കാണുന്നത് കണ്ടോ?", നേരത്തെ അവൾ കണ്ട ജലാശയം ചൂണ്ടി അവൻ പറഞ്ഞു ."അതാണ്‌ അഷ്ടമുടിക്കായൽ.ഇവിടത്തെ പ്രധാന 'tourist attraction 'ആണ്‌ ".
"ഓഹോ ".അവൾ വീണ്ടും കായലിന്റെ ഓളപ്പരപ്പുകളെ കണ്ണ് കൊണ്ട് പുൽകാനൊരുങ്ങി .
"എല്ലാ കാഴ്ചകളും ഇവിടെ തന്നെ കണ്ടു തീർക്കുമോ?നമുക്ക് പോകേണ്ട സ്ഥലം ഇതല്ല ".അവൾ തിരിച്ചു പോകുന്നിലെന്നു കണ്ടു അർജുനൻ വീണ്ടും പറഞ്ഞു .
"പോകേണ്ട സ്ഥലം ...അങ്ങനെ ഒന്നുണ്ടോ ? ഈ ലോകത്ത് ഏതൊരു സ്ഥലത്തിനും നമ്മളോട് പറയാൻ നൂറു നൂറു കാര്യങ്ങൾ കാണും .അവിടുന്നൊക്കെയും നമുക്ക് പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും...."
അർജുനൻ പുരികമുയർത്തി അവളുടെ വാക്കുകൾക്ക് മറുപടിയില്ലെന്ന ഭാവത്തോടെ നിന്ന് .എന്നിട്ട് കയ്യടിച്ചു ശബ്ദമുണ്ടാക്കി .അവൾ ചിരിചു .കൂടെ അവനും .
"പക്ഷെ ബസ് പോയാൽ  പുറകെ ഓടാനും കൂടെ പഠിക്കേണ്ടി വരും !".അവന്റെ തമാശക്ക് ഒരു പൊട്ടിച്ചിരി കൊണ്ട് അവൾ മറുപടി നൽകി .അവർ രണ്ടുപേരും ബസിനടുത്തേക്ക്  പോയി .ദ്രൗപതി ഓർത്തു .'അവൻ ഒട്ടും മാറിയിട്ടില്ല .അന്ന് പിരിയാൻ നേരത്തും അവൻ ഇതുപോലെ കൈകൾ കൊട്ടിയിരുന്നു .പിരിയാൻ നേരത്ത് വിഷമിച്ചിരുന്ന അവനോടു ഞാൻ പറഞ്ഞു 'പരസ്പരം കാണാതിരിക്കുക എന്നതാണ് വേർപിരിയൽ എന്ന വാക്കിനർഥമെങ്കിൽ നമ്മൾ ഒരുപക്ഷെ പ്രിയുകയായിരിക്കും .പക്ഷെ ,പരസ്പരം അറിയാതിരിക്കുക ..അതാണ്‌ ആ വാക്കിനർത്ഥം എങ്കിൽ...?' ഇങ്ങനെ പറഞ്ഞതിനായിരുന്നു അന്നത്തെ ആ അംഗീകാരം '.


                                                                --------------------

പ്രിയ നല്ല ഉറക്കമാണ് .പ്രിയയോടു ചോദിച്ചു വാങ്ങിയ 'window seat' ലാണ് ദ്രൗപതി ഇപ്പോൾ ഇരിക്കുന്നത് .പുറത്തേക്കു തല നീട്ടി കാഴ്ചകൾ കാണുന്ന അവളെ ഒരു തീഷ്ണമായ നോട്ടം തേടിയെത്തി .പെട്ടെന്ന് ഭയന്ന് പോയ അവൾ കണ്ണുകൾ അടച്ചു ആലോചിച്ചു .'എവിടെയാണ് ഞാനത് കണ്ടത്.'റെയർ വ്യു മിറർ ? അതെ റെയർ വ്യു മിറർ.അവൾ നോക്കി .അവിടെ അർജുനന്റെ മുഖം .'തീക്ഷ്ണമായ കണ്ണുകളും സൗമ്യമായ ചുണ്ടുകളും! ഡാവിഞ്ചി യുടെ മൊണാലിസ പോലെ 'അവൾ ചിരിച്ചു .തള്ള വിരലും ചൂണ്ടു വിരലും ചുണ്ടിനു കുറുകെ വിടർത്തി വെച്ച് അവൾ അവനോടു ചിരിക്കാൻ ആവശ്യപ്പെട്ടു .അവൻ ചിരിച്ചു .അവൾക്കിഷ്ടപ്പെട്ട  അവന്റെ കള്ളച്ചിരി !തള്ള വിരൽ  മാത്രം ഉയർത്തി അവൾ അതിനൊരു ലൈക്‌ കൊടുത്തു .അവൻ കൃഷ്ണമണികൾ കണ്ണിന്റെ അറ്റത്തെക്കു കൊണ്ട് വന്നു ഒരു ഗോഷ്ടി കാട്ടി .അവൾ പൊട്ടിച്ചിരിച്ചു  .പ്രിയ ഉണർന്നു .

                                                             ---------------------------

സമയം അപ്പോൾ മൂന്ന് മണി കഴിഞ്ഞിരിക്കും. പാതി ജീവന നഷ്‌ടമായ കുറച്ചു ആത്മാക്കളെയും കൊണ്ട് 'വീണ ട്രാവെൽസ് ' ഹോട്ടൽ ഗാർലാണ്ടിനു മുന്നിൽ എത്തി .പലരും ഹോട്ടൽ എത്തിയത് അറിഞ്ഞില്ല .എല്ലാവരും സുഖ നിദ്രയിൽ ആണ് .അർജുനന്റെ ശബ്ദം എല്ലാരേയും ഉണർത്തി .അർജുനൻ എല്ലാരേയും ബാഗുകൾ ഇറക്കി വെക്കാൻ സഹായിച്ചു .ദ്രൗപതിയെ വിളിച്ചു ചാവികൾ കൈമാറി ഓരോ ഗ്രൂപിനും കൊടുക്കാനാവശ്യപ്പെട്ടു .എല്ലാവരും അവരവരുടെ റൂമുകലിലേക്ക് പോയി.ഒരു മണിക്കൂർ കഴിഞ്ഞു അവർ 1st floor ലെ ഹാളിൽ ഒത്തുകൂടി .അവിടെ രവി സർ അവർക്ക് നാളെ സന്ദർശിക്കാനുള്ള സ്ഥലങ്ങളെ പറ്റിയും പഠിക്കാനുള്ള സ്പെസിമെനെ പറ്റിയും ഒക്കെ നിർദ്ദേശങ്ങൾ നൽകി .
"ഈ രവി സർ അല്ലെങ്കിലും ഇങ്ങനെയാ .അറുബോറൻ! "സാറിന്റെ കത്തിയടിയിൽ പ്രതിഷേടിച്ചുകൊണ്ട് മീനാക്ഷി പറഞ്ഞു .
"പക്ഷെ സർ ഉള്ളത് കൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരവസരം കിട്ടിയത് ".ദ്രൗപതി ചോദ്യഭാവത്തിൽ മീനാക്ഷിയെ നോക്കി .
"നീ ആ പറഞ്ഞത് ശരിയാണ് .അല്ലെങ്കിൽ ഫസ്റ്റ് ഇയറുകാരെ ആരാ റിസെർച്നു വിടുന്നത് ? അതും സൈലന്റ് വാലിയിൽ  !"
എല്ലാരും ആ അഭിപ്രായത്തോട് യോജിച്ചു .മൂന്നു മണിക്കൂർ കൊണ്ട് സർ അഞ്ചു ദിവസത്തെയും കാര്യങ്ങൾ പറഞ്ഞു തീർത്തു .

അന്ന് ഡിന്നർ കഴിഞ്ഞു എല്ലാരും മുറികളിലേക്ക് പോയപ്പോൾ ദ്രൗപതി ചുറ്റും കണ്ണോടിച്ചു അവൾ അർജുനനെ നോക്കി.പക്ഷെ കണ്ടില്ല !'നാളെ അവനോടു സംസാരിക്കണം .ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്ന് വിചാരിച്ചാണ് ഞാൻ ഈ യാത്രക്ക് പുറപ്പെട്ടത്‌ .ഒരവസരം കിട്ടിയാൽ അതെല്ലാം അവനോടു നേരിട്ട് ചോദിക്കണം .'എന്തോ തീരുമാനിച്ചുറച്ച പോലെ അവൾ ഉറങ്ങാൻ കിടന്നു . 




ദ്രൗപതിയുടെ പ്രതികാരം -4





സമയം 6.30 .തലേന്ന് നിർദേശം നൽകിയതനുസരിച്ച് കുട്ടികളെല്ലാരും യാത്രക്ക് തയ്യാറായി ബസിൽ ഇരിക്കുകയാണ് .ഹോട്ടലിൽ നിന്ന് ഒരു മണിക്കൂർ യാത്ര .ആർപ്പു വിളികളും കൂവലും ബഹളവുമൊക്കെയ്യായി ബസ് പുറപ്പെട്ടു .ആനക്കട്ടി റോഡ്‌ വഴിയാണ് യാത്ര .വഴിയിൽ ഒരുപാട് കാഴ്ചകൾ ഉണ്ടെന്നും അതുകൊണ്ട് പാട്ടും ഡാൻസും ഒക്കെ പിന്നെ ആവാമെന്ന് രവി സർ മുന്നറിയിപ്പ് നൽകി .പക്ഷെ ക്ലാസ്സിലെ മൈനോരിറ്റി ഗ്രൂപ്പായ ആണ്‍കുട്ടികളും കാർത്തികയുടെ നേതൃത്തത്തിലുള്ള ചില പെണ്‍കുട്ടികളും അതൊന്നും കേട്ടതായി ഭാവിച്ചില്ല .യാത്രയുടെ തുടക്കത്തിൽ കുന്നുകളാൽ ചുറ്റപ്പെട്ട ഒരു വലിയ കൃഷിയിടത്തിലൂടെ ആയിരുന്നു അവരുടെ യാത്ര .അന്നുവരെ സിനിമയിൽ മാത്രം കണ്ടിരുന്ന ആ കാഴ്ച്ച ദ്രൗപതിക്ക് കുറച്ചൊന്നുമല്ല സന്തോഷം നൽകിയത് .തെങ്കര എന്നാ ഗ്രാമമാണ് അത് .ഇപ്പോഴും കൃഷിയെ മറക്കാത്ത അവിടത്തെ ജനങ്ങളെ അവൾ ബഹുമാനത്തോടെ നോക്കി .യാത്ര തുടരും തോറും കാഴ്ചകൾക്ക് പച്ചപ്പ്‌ കൂടി കൂടി വന്നു .ഇപ്പോൾ അവരുടെ ബസ് കാടിനകത്തുകൂടെയാണ് പോകുന്നത് .ചുറ്റും ഇടതിങ്ങിയ മരങ്ങളും ചെറിയ ചെറിയ ചാലുകളും .അതൊക്കെ ഭവാനി പുഴയുടെ കൈവഴികളാണെന്ന് അർജുനൻ പറഞ്ഞു .ഇപ്പോൾ അവർ കടന്നു പോകുന്ന സ്ഥലം മുക്കാളി എന്നാണ് അറിയപ്പെടുന്നത്‌ .

ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മുക്കാളി ഫോറെസ്റ്റ്‌ ഓഫീസിൽ എത്തി .ഇവിടെ നിന്ന് ചെറു സംഘങ്ങളായി ജീപ്പിൽ പോകണം .സാധാരണഗതിയിൽ ടൂറിസ്റ്റുകൾക്ക് ഒരു ദിവസത്തെ യാത്രാനുമാതിയെ ഇവിടുന്നു നൽകു .റിസർച്ചിനായതു കൊണ്ട് റിസർവ്വ് ചെയ്തതിന്റെ രേഖകൾ ഹാജരാക്കണം .ഇവിടെ നിന്ന് 30km ജീപ്പ് യാത്ര .അട്ടകളെ തുരത്താനുള്ള കറിയുപ്പുമായി വേണം യാത്രക്ക് പുറപ്പെടാൻ.

ജീപ് യാത്ര ഓരോ വ്യക്തിക്കും സമ്മാനിക്കുന്നത് മറക്കാനാവാത്ത ഓർമ്മകളാണ് .ഓരോ ഫ്രെയിമും ഒപ്പിയെടുക്കുന്ന ക്യാമറ പോലെയായിരുന്നു അപ്പോൾ ദ്രൗപതിയുടെ കണ്ണുകൾ .അർജുനൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. ഫോറെസ്റ്റ് ഓഫീസിൽ നിന്ന് വന്ന ഒരു ഗൈഡ് ആണ് ഇപ്പോൾ അവരുടെ കൂടെ ഉള്ളത്. വഴിയരികിൽ നിൽക്കുന്ന ഓരോ പുൽകൊടിയെപ്പറ്റിയും അയാൾക്ക് നല്ല അറിവുണ്ട് .അപൂർവങ്ങളായ സസ്യങ്ങളെക്കുറിച്ച് അയാൾ ചെറിയ ചെറിയ വിവരണങ്ങൾ തന്നു കൊണ്ടേയിരുന്നു .അവർ കൂട്ടുകാരികൾ പരസ്പരം കാഴ്ചകൾ കാണിച്ചു ആ യാത്ര നന്നായി ആസ്വദിച്ചു .മരങ്ങൾക്കിടയിലൂടെ പറന്ന ഒരു നിഴലിനെ ചൂണ്ടി നമ്മുടെ ഗൈഡ് ഈ മേഖലയിൽ ധാരാളം കാണാറുള്ള സിംഹവാലാൻ കുരങ്ങാണ് അതെന്നു പറഞ്ഞു.അവർ തലയാട്ടി സമ്മതിച്ചു .പക്ഷെ അവരാരും ഒന്നും കണ്ടില്ല .

ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പല വഴികളായി പിരിഞ്ഞ സംഘങ്ങൾ ഒരുമിച്ചായി. ഇനിയാണ് ട്രെക്കിംഗ് തുടങ്ങുക .ദ്രൗപതിയുടെ കണ്ണുകൾ അർജുനനെ തേടി ,യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന സംഘത്തിൻറെ പുറകിലായി അവൾ അവനെ കണ്ടെത്തി .'എന്റെ മനസ് തുറക്കാൻ ഇതാണ് ഏറ്റവും നല്ല സമയം '.പുറകിലക്കുനടന്നു തുടങ്ങിയ അവളെ വിദ്യ തടഞ്ഞു ."നമ്മൾ രവി സാറിന്റെ കൂടെയാണ് പോകേണ്ടത് "
"നമുക്ക് ഏറ്റവും പുറകിൽ നടക്കാം .അതാവുമ്പോ ആരും ശ്രദ്ധിക്കില്ല ",ദ്രൗപതി പറഞ്ഞു നോക്കി .
"നീ എന്നെ കൊലൈക്ക് കൊടുക്കുവോ ?.അല്ലെങ്കിലെ സാറിന്റെ നോട്ടപ്പുള്ളി ലിസ്റ്റിൽ ഒന്നാമതാ എന്റെ പേര് .സർ എന്നൊടു പ്രത്യേകം പറഞ്ഞതാ നമ്മടെ ഗ്രൂപിലുള്ള എല്ലാരേയും വിളിച്ചോണ്ട് വരാൻ .നീ വരുന്നുണ്ടോ ?" ദ്രൗപതിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവളുടെ കൈ പിടിച്ചു വിദ്യ മുന്നിലേക്ക്‌ നടന്നു കഴിഞ്ഞിരുന്നു .കണ്ണാടിത്തുണ്ടുകൾ പോലെ ഹൃദയം നുറുങ്ങുന്നതിന്റെ വേദന അന്നാദ്യാമായി  അവൾ അനുഭവിച്ചു .

ദ്രൗപതിയുടെ പ്രതികാരം -2



പാതി തുറന്ന കണ്ണുകളിൽ ആ കള്ളച്ചിരി മിന്നിയത് ഇപ്പോഴും അവൾക്കു ഓർമ്മ ഉണ്ട്‌ . കണ്ണുകളിൽ കണ്ണീരിന്റെ നീരുറവ പൊട്ടുന്നത് തടയാൻ അവൾക്കു കഴിഞ്ഞില്ല.കുട്ടികൾ കേറുന്നത് കണ്ടു മുന്നിലേക്ക്‌ വരുകയായിരുന്നു അർജുനൻ .അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവടെ തന്നെ നിൽക്കുകയിരുന്നു ദ്രൗപതി. 'തന്റെ കാതുകളിൽ മുഴങ്ങി കേട്ടത് അവന്റെ കാലടികളുടെ ശബ്ദമാണോ അതോ തന്റെ ഹൃദയതുടിപ്പാണോ  ?. അവൻ ഇതുവരെ എന്നെ കണ്ടില്ലേ ? അവൻ ആദ്യമായി എന്നെ കാണുമ്പോൾ എന്ത് പറയുമായിരിക്കും? എന്നെ നോക്കി ചിരിക്കുമോ ? അതോ പെട്ടെന്ന് കാണുമ്പോൾ ......'

"എന്താ ഇത് ?"അർജുനന്റെ  ശബ്ദം മുഴങ്ങി. ചിന്തകളുടെ വള്ളികളിൽ നിന്ന് പിടിവിട്ടു യാഥാർത്യതിന്റെ നിലാക്കയത്തിലേക്ക് പതിച്ച അവൾ മുഖമുയർത്തി നോക്കി .അർജുനൻ തൊട്ടു മുന്നിൽ ! "പുറകിൽ  കുട്ടികൾ നില്ക്കുന്ന കണ്ടില്ലേ? വഴിയിൽ നിന്ന് മാറ് ".അവന്റെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. പക്ഷെ ആ ഭാവം അവൾക്കു അപരിചിതമായിരുന്നു.
അവൾ തിരിഞ്ഞു നോക്കി .തന്റെ പുറകിൽ പത്തു പേരെങ്ക്ലും ഉണ്ടാവും.
കണ്ണുനീർ തുടച്ചു അവൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു .പെട്ടെന്ന് ഒരു ശക്തി അവളെ ഒരു സീറ്റിലെക്കു വലിച്ചിട്ടു .പ്രിയ ആയിരുന്നു അത് . "നിനക്ക് എന്ത് പറ്റി ?. കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് . എന്തെങ്കലും പ്രശ്നം ഉണ്ടോ ? എന്നോട് പറ ?". പ്രിയ താനൊരു നല്ല കൂട്ടുകാരിയുടെ കടമ നിർവഹിക്കുകയാണെന്ന  ഭാവത്തോടെ ചോദിച്ചു ."ഇല്ലെടി ഒന്നുമില്ല . നമ്മൾ ഒരുപാട്  നാളായി ഈയാത്ര സ്വപ്നം കണ്ടു നടക്കുക ആയിരുന്നല്ലോ ? പെട്ടെന്ന് ബസ്‌ എടുക്കുന്നെന്നു പറഞ്ഞപ്പോൾ മനസിനകത്ത് എന്തോ ഒരു വിറയൽ !"."കൊള്ളാം . ഇങ്ങനെ വിറക്കാനാണെങ്കിൽ നമുക്ക് ഹോസ്റ്റലിൽ തന്നെ ഇരുന്നാൽ മതി ആയിരുന്നല്ലോ ? ഇനി 5 ദിവസം നമ്മൾ അടിച്ചു പൊളിക്കും . നീ വേഗം ആ വിരയലോക്കെ ഒന്ന് മാറ്റ്യെ ". പ്രിയയുടെ മുഖത്ത് സന്തോഷം ആയിരുന്നു തെളിഞ്ഞു നിന്നത്.ഒരു പക്ഷെ ഹോസ്റ്റലിൽ നിന്ന് രക്ഷപെടാൻ പറ്റിയതിന്റെ ആകും. അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു .ദ്രൗപതി അതൊന്നും കേട്ടില്ല .

'പ്രിയക്കെന്തറിയാം ? എന്നെക്കുറിച്ച്, അർജുനനെക്കുറിച്ച് ? ഫസ്റ്റ് ഇയർ BSc നമ്മൾ ഒരുമിച്ച്ചായിരുന്നില്ലല്ലോ ? MSc ക്ക് join ചെയ്തപ്പോൾ  അന്നത്തെ പല കൂട്ടുകാരും പല വഴിക്കായി . എല്ലാർക്കും പുതിയ കൂട്ടുകാരെ കിട്ടി . എനിക്ക് പ്രിയ യെയും .' അർജുനന്റെ ആ അപരിചിത ഭാവം പ്ന്നെയും അവളുടെ മനസിലേക്ക് കേറി വന്നു .'എന്തിനാണ് അവൻ ഇങ്ങനെ പെരുമാറുന്നത് . എന്നെ ഓർമ്മ ഇല്ലെന്നുണ്ടോ ? അവൻറെ അവസാനത്തെ message  അവൾക്കിപ്പോഴും  ഓർമ്മ  ഉണ്ട്. "ഞാൻ പോകുകയാണ്. എനിക്ക് ചെയ്തു തീര്ക്കാൻ കുറച്ച് കാര്യങ്ങൾ ബാക്കി ഉണ്ട് .ഇത് വരെ ഞാൻ എന്റെ കുടുംബത്തെക്കുറിച്ചു ഓർത്തിട്ടില്ല .കടമകൾ പൂർത്തിയാക്കണം .നീ എനിക്ക് വേണ്ടി കാത്തിരിക്കണം .രണ്ടു വര്ഷം കഴിഞ്ഞു ഇതുപോലെ ഒരു ജനുവരിയിൽ ഞാൻ വീണ്ടും നിനക്ക് വേണ്ടി വരും. കാത്തിരിക്കുക ".ഇതായിരുന്നു അവൾക്കു അവനയച്ച അവസാനത്തെ മെസ്സേജ് . 'അതെ .കാത്തിരിക്കാൻ തന്നെയാണ് അവൻ പറഞ്ഞത് .എന്നിട്ട് എന്താ ഇപ്പൊ ഇങ്ങനെ ?.ആ മെസ്സെജിനു ശേഷം ഞാൻ അവനെ contact ചെയ്യാൻ ഒരുപാട് തവണ ശ്രമിച്ചു .പക്ഷെ പിന്നെ ഒരിക്കലും അവനെ വിളിച്ചിട്ട് കിട്ടിയിട്ടില്ല .എന്നെ ചതിച്ചു എന്ന് ഒരിക്കലും തോന്നിയിട്ടുമില്ല .പക്ഷെ ഇപ്പോഴത്തെ ഈ പെരുമാറ്റം .....?ഒരു പക്ഷെ ജനുവരി എന്ന് പറഞ്ഞിട്ട് ഡിസംബറിൽ കണ്ടപ്പോൾ പിണങ്ങിയതായിരിക്കുമോ? അതിനു ഇങ്ങനെ ഒരു അവസരം വന്നു ചേർന്നതല്ലേ ? ഞാനായിട്ട് ഉണ്ടാക്കിയതല്ലല്ലോ ?റിസെർച്നു പോകുന്നു എന്ന് പറഞ്ഞപ്പോൾ അവന്റെ ട്രാവെൽസ് ആണെന്ന് ഒരിക്കലും കരുതിയില്ല .കോളേജിൽ അവനെ കാണും വരെ !'.അവൾ തലയെത്തിച്ചു അവന്റെ id card ലേക്ക് നോക്കി .അവൻറെ പേരിനൊപ്പം 'tour guide ' എന്ന ലേബലും .ഇല്ല എനിക്ക് ആള് മാറിയിട്ടില്ല '.ചിന്തകൾ കാട് കേറിയപ്പോൾ അർജുനന്റെ ശബ്ദം വീണ്ടും കേട്ടു ."എല്ലാരും ഇറങ്ങിക്കോ .ഇവിടെയാണ്‌ നമുക്ക് breakfast .ഭക്ഷണം കഴിഞ്ഞിട്ട് ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരണം .ഇല്ലെങ്കിൽ നമ്മൾ വൈകും ".അവളും പ്രിയയും എഴുന്നേറ്റു .

"നല്ല തണുപ്പുണ്ട് .ഇപ്പോൾ എത്ര മണിയായി ?". പുറത്തേക്കു നോക്കി കൊണ്ട് പ്രിയ ചോദിച്ചു ."7. 10 ".അവൾ മറുപടി നൽകി .അവർ രണ്ടുപേരും ബസിന്റെ മുൻവാതിലിനടുത്തേക്ക് നീങ്ങി .മനസിലുദിച്ച ആയിരം ചോദ്യങ്ങളുടെ ഭാരവും പേറി ദ്രൗപതി പതുക്കെ പതുക്കെ നടന്നു .അവൾ അവനെ നോക്കി .ബസിൽ നിന്ന് ഇറങ്ങുന്ന കുട്ടികളോട് ഒരു വശത്തേക്ക് ചൂണ്ടി അങ്ങോട്ടേക്ക് പോകാൻ ആവശ്യപ്പെടുകയാണ് അവൻ .നീതു മിസ്സിന്റെ കൂടെ കുറച്ചു കുട്ടികൾ അങ്ങോട്ടേക്ക് നടന്നു തുടങ്ങിയിരുന്നു .മനീഷ് സർ നമുക്കായി wait ചെയ്യുകയാണ് .ഇറങ്ങുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കരുതെന്ന് അവൾ തീരുമാനിച്ചു .പക്ഷെ പടികളിറങ്ങിയപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൾക്കു കഴിഞ്ഞില്ല .പെട്ടെന്ന് അവൻ ചിരിച്ചു .'ങ്ഹെ!!'.അവൾ കണ്ണുകൾ വിടർത്തി ഒന്നുകൂടെ അവനെ നോക്കി .അതെ അവൻ ചിരിക്കുകയാണ്."വേഗം കഴിച്ചിട്ട് വരണം.ഇവിടെ തന്നെ തിരിച്ചു വരണം ". അവൾ അടുത്തെത്തിയപ്പോൾ അവൻ പറഞ്ഞു .മനസിനകത്ത് ഒരായിരം പൂത്തിരി കത്തുന്നതായി അവൾക്കു തോന്നി .'ഞാനെന്തൊരു പൊട്ടിയാണ് .വെറുതെ എന്തൊക്കെയോ കാട് കേറി ചിന്തിച്ചു .അവൻ എന്നെ മറന്നിട്ടില്ല .പണ്ടും അവൻ ഇങ്ങനെ തന്നെയായിരുന്നു .ഞാൻ കുരങ്ങന്മാരുടെ പുറകെ പോകുമെന്ന് പറഞ്ഞു കളിയാക്കും .എവിടെ പോകുന്നതിനു മുൻപും ഇവിടെ തന്നെ തിരിച്ചു വരണമെന്ന് പറയും. ഞാനാണ് വിഡ്ഢി !അവനെ വെറുതെ തെറ്റിദ്ധരിച്ചു.'"വാ നമുക്ക് വേഗം പോയി കഴിച്ചിട്ട് വരാം ".അവൾ പ്രിയയോടു പറഞ്ഞു .അവളുടെ മുഖത്തേക്ക് പെട്ടെന്ന് തിരിചെത്തിയ പ്രസന്നത പ്രിയയെ വീണ്ടും അത്ഭുതപ്പെടുത്തി .

അവൻ അപ്പോഴും ഇറങ്ങി വരുന്ന കുട്ടികളോട് ഹോട്ടൽ കാണിച്ചുകൊടുക്കുകയാണ് .ഒടുവിലായി ഇറങ്ങിയത്‌ കാർത്തിക  ആണ്. അവൻ വീണ്ടും പറഞ്ഞു .'വേഗം വരണം .ഇവിടെ തന്നെ തിരിച്ചു വരണം '.




ദ്രൗപതിയുടെ പ്രതികാരം -1



എന്നാണ് ദ്രൗപതി അർജുനനെ ആദ്യമായി കണ്ടത് ? കോളേജിൽ വെച്ചാണോ? അതോ ഫസ്റ്റ് ഇയർ ടൂർ പോയപ്പോഴോ ? അവൾക്കറിയില്ല. എന്നായാലും അവൾക്കു ഒന്ന് മാത്രം അറിയാം. ആ മുഖം അവൾക്ക് മറക്കാൻ കഴിയില്ല.

ഫസ്റ്റ് ഇയർ ടൂർ അവൾക്കു മറക്കാൻ കഴിയാത്ത അനുഭവമാണ്.
സുഹൃത്തുക്കൾക്ക് ഒപ്പമുള്ള അവളുടെ ആദ്യത്തെ ഉല്ലാസ യാത്ര. അതിലുപരി എന്നും താലോലിക്കാൻ കുറച്ചു നല്ല ഓർമ്മകൾ നല്കിയ മനോഹരമായ ഒരു യാത്ര. തികച്ചും അപ്രതീക്ഷിതമായാണ് അന്ന് അർജുനൻ അവളുടെ മനസ്സിൽ കുടിയേറിയത് .പക്ഷെ ഇന്നു  എവിടെയാണ് അർജുനൻ? അവനെ കാത്തിരുന്നു രണ്ടു വർഷം കടന്നുപോയതറിഞ്ഞില്ല.  അർജുനനെ അവൾക്കു നഷ്ടപ്പെട്ടിട്ടു ഇന്ന് രണ്ടു വർഷം!!

പക്ഷെ ഇന്നവൾ സന്തോഷവതിയാണ്. നഷ്ടപെട്ടതിനെ തിരിച്ചെടുക്കാൻ ദൈവം അവൾക്കു കൊടുത്ത രണ്ടാമത്തെ അവസരം! അതാണ് ഇന്നത്തെ ദിവസം. കൂടുകാരികളുടെ ഒപ്പം വലിയ ബാഗുമായി കോളേജിൽ കാത്തു നിൽക്കുമ്പോഴും കളിപറയുംബോഴും ദ്രൗപതിയുടെ കണ്ണുകൾ അർജുനനെ  തേടുകയായിരുന്നു.ബസ്‌ പുറപ്പെടാൻ അപ്പോൾ സമയമായിരുന്നില്ല. സന്തോഷത്തെക്കാൾ ആ മുഖത്ത് പ്രതിഭലിച്ചത് മറ്റൊരു ഭാവമായിരുന്നു. ആകാംഷ !! രണ്ടു വർഷത്തിനു ശേഷം അർജുനനെ കാണാൻ സാധിക്കും എനുള്ളത്‌ കൊണ്ടാണോ, അതോ സൂവോളജി റിസെർച്ചനു സൈലന്റ് വാലിയിൽ പോകുന്നു എന്നതുകൊണ്ടാണോ അത് എന്ന് അവൾക്കും  അറിയില്ല.സൂവോളജി അവൾ ആഗ്രഹിച്ചു തിരഞ്ഞെടുത്തതാണ്. പ്രകൃതിയെ വീക്ഷിക്കാൻ അവൾക്കുള്ള കഴിവ് സ്വയം ബോധ്യമുള്ളതു  കൊണ്ട് തന്നെയാണ് അവൾ ആ തീരുമാനം എടുത്തത്‌.

പ്രകൃതിയെ മാത്രമല്ല എല്ലാറ്റിനെയും അവൾ വീക്ഷിച്ചു.  പക്ഷികളെയും വീടുകളെയും നഗരങ്ങളെയും വിമാനങ്ങളെയും അങ്ങനെ എല്ലാത്തിനെയും ഒരിക്കലും മടുക്കാതെ വളരെ ക്ഷമയോടെ വീക്ഷിക്കുന്നത് അവളുടെ അമ്മ പോലും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് .അന്നത്തെ യാത്രയിൽ ഒരു കുരങ്ങന്റെ പുറകെ ഫോട്ടോ എടുക്കാൻ പോയതും കയ്യിലിരുന്ന പെപ്സിക്ക് വേണ്ടി കുരങ്ങൻ ഓടിച്ചതും  അർജുനന്റെ മുന്നില് വന്നു പെട്ടതും അവൾ ഓർത്തു. അന്ന് അര്ജുനൻ കയ്യിലിരുന്ന ഒരു കിലോ ആപ്പിൾ കുരങ്ങന് കൈക്കൂലിയായി കൊടുത്താണ് ആവളുടെ മനസ്സ് സ്വന്തമാക്കിയത്. ഒരു ചെറിയ ചമ്മലോടെ അന്ന് അവൾ അർജുനൻറെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ചെറിയ കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു "ഇനി ഒരു കുരങ്ങന്റെയും പുറകെ പോകരുത് കേട്ടോ".'കുരങ്ങന്റെ പുറകെ പോകില്ല. പക്ഷെ മനുഷ്യന്റെ പുറകെ പോകാല്ലോ ' , അവൾ മനസ്സിൽ പറഞ്ഞു .

"നീയെന്തിനാ തനിയെ നിന്ന് ചിരിക്കുന്നത്?" പ്രിയ ആയിരുന്നു അത് . അവളുടെ പ്രിയപ്പെട്ട കൂടുകാരി."ഏയ് . ഒന്നുമില്ല ", മുഖത്ത് പടർന്ന  അമ്പരപ്പും ചമ്മലും ചിരിയും അടക്കി അവൾ മറുപടി നല്കി. "വേഗം വാ. ബസ്‌ ഇപ്പൊളെടുക്കുമെന്നു പറയുന്നു". അവർ രണ്ടു പേരും വേഗത്തിൽ  ബസിനടുത്തേക്ക് നീങ്ങി .പെട്ടെന്ന് ദ്രൗപതി നിന്നു .ഏതൊ ഒരു ഭയം അവളുടെ മുഖത്ത് അപ്പോൾ നിഴലിക്കുന്നുണ്ടായിരുന്നു. 'ഒരു പക്ഷെ ഇന്ന് അർജുനന് ഡ്യൂട്ടി ഇല്ലെങ്കിൽ? ദൈവമേ ഇത്രയും നേരം നീ എന്നെ കൊതിപ്പിച്ചത് ഒടുവിൽ   നിരാശ തരാനായിരുന്നോ ? ഞാൻ ഇങ്ങനെ ഒരു കാര്യം ഇതിനു മുൻപ് ചിന്തിക്കാത്തതെന്തേ ? '."നീ എന്താ അവടെ തന്നെ നിന്നത് ? കേറി വാ ". പ്രിയ ബസ്ന്റെ സ്റ്റെപ്പിൽ കയറി നിന്ന് അവളെ വിളിക്കയാണ്. "ദാ വരുന്നു ". മുന്നോട്ടു പോകണമെന്ന് വിചാരിചെങ്ക്ലും കാലു അനക്കാൻ വയ്യാതെ ആവൾ സ്തംഭിച്ചു നിന്ന്.ഒടുവിൽ മനസ്സിൽ ഉരുണ്ടുകൂടിയ ഭയത്തിന്റെ കാർമേഘങ്ങളേ കണ്ടില്ലാന്നു നടിച്ചു അവൾ ബസിന്റെ സ്റെപ്പിലേക്ക് കാലെടുത്തു വെച്ചു. 'രണ്ടു വർഷം കാത്തിരിക്കാമെങ്കിൽ ഇനിയും എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് കഴിയും .ഇന്ന് കണ്ടില്ലെങ്കിൽ ഇനി മറ്റൊരിക്കൽ, കാണാതിരിക്കില്ല '. മുഖമുയർത്തി ബസിനുള്ളിലേക്ക്  നോക്കാൻ അവൾക്കു പേടിയായിരുന്നു. കൂട്ടിയടച്ചു വെച്ചിരുന്ന കണ്ണുകളെ പതുക്കെ പതുക്കെ തുറന്നു അവൾ ബസിനകതെക്ക് നോക്കി . ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് അവൾ അറിഞ്ഞു. പൂർണ്ണമായും  തുറന്ന അവളുടെ കണ്ണുകൾ  ഈറനണിഞ്ഞു !


കലാശക്കൊട്ട്


'സായം സന്ധ്യ ! ഇന്ന് അവൾ പതിവിലും മനോഹരിയാണ് '. ബസിനകത്തിരുന്നു സന്ധ്യയുടെ മനോഹാരിത ആസ്വദിക്കുകയാണ് അയാൾ .അയാൾ , ഒരു പാവം ഗൃഹനാഥൻ ,ഇന്ന് വളരെ സന്തോഷവാനാണ് .സന്ധ്യ മാത്രമല്ല ഇന്നയാളെ ഓരോ പുൽക്കൊടിയും സന്തോഷിപ്പിക്കും .മടിയിലിരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ കവർ മെല്ലെ അയാൾ ഉയർത്തി നോക്കി .മുത്തുകൾ പതിപ്പിച്ച ഒരു പട്ടു സാരി അതിലിരുന്നു തിളങ്ങി .ഒരു സംതൃപ്തിയോടെ അയാളതിലൊന്നു തൊട്ടു . മകൾക്കുള്ള ആ സമ്മാനത്തെ എത്ര താലോലിച്ചിട്ടും മതിയാകുന്നില്ല. മനസ്സ് പോലെ പോക്കറ്റും നിറഞ്ഞ ആ ദിവസം ഒരുപാടു നാളായി കാത്തുവെച്ച ആഗ്രഹം സാധിച്ചിരിക്കുന്നു !ഈ ചിന്തകൾക്കിടയിലൊന്നും ചുറ്റുമുള്ള ട്രാഫിക്‌ ജാമ്മും വാഹങ്ങളുടെ ഞരക്കവും അയാൾ ശ്രദ്ധിച്ചില്ല .
"ഈ ബസിതെങ്ങൊട്ടാ പോകുന്നെ?",ഒരു യാത്രക്കാരന്റെ ശബ്ദം ഗൃഹനാഥനെ  ഉണർത്തി. ആരോ ഒരിരുമ്പ് ചങ്ങല മെല്ലെ വലിക്കുന്നത്റ പോലെ .പുറത്തേക്കു നോക്കിയ അയാൾ കണ്ടു , അ ചങ്ങലയുടെ ഒരു ചെറിയ കണ്ണി മാത്രമാണ് അയാളിരിക്കുന്ന ബസ്സ്‌.
"നഗരത്തിൽ പാർട്ടിക്കാരുടെ പ്രചാരണം പൊടിപൊടിക്കുകയാ .എല്ലായിടത്തും ബ്ലോക്ക് !ഇന്ന് അവസാന ദിവസോല്ലേ ?ഈ റൂട്ട് ഒന്ന് പിടിച്ചു നോക്കട്ടെ. ", കണ്ടക്ടറുടെ മറുപടിയെത്തി .
"ഈ വഴി പോയാൽ എവിടെ ചെന്ന് കേറും ?"നമ്മുടെ ഗൃഹനാഥൻ ചോദിച്ചു .
കണ്ടക്ടർ അയാളുടെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല .
"ഇവിടെ ഇറങ്ങട്ടെ ?"അയാൾ പിന്നെയും ചോദിച്ചു ,പിന്നെ ചുറ്റും നോക്കി .തന്നെ പോലെ തന്നെ ബാക്കിയുള്ളവരും എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയാണ്.ചിലർ അവിടെ ഇറങ്ങി .ചിലർ ഇറങ്ങണമോ  വേണ്ടേ എന്നറിയാതെ എഴുന്നേറ്റ് നിൽക്കുന്നു .
"സാറിന് മണക്കാടല്ലേ പോവെണ്ടേ ? അങ്ങോട്ട്‌ പോകും ,ബ്ലോക്കില്ലെങ്കിൽ !'ഇത്രയും പറഞ്ഞു അയാൾ മുന്നിലേക്ക്‌ പോയി .

                                                      ***************************

ബസ്സ്‌ റൂട്ട് മാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലേറെയായി .
"പഴയ വഴി പോയപ്പോൾ ബസ് അനങ്ങുന്നുണ്ട് എന്ന് പറയാമായിരുന്നു ".പുറകിലിരിക്കുന്ന ഒരു വീട്ടമ്മ പിറുപിറുത്തു .
"പിന്നല്ലാതെ ,വീട്ടിലെത്തിയിട്ടു വേണം പിള്ളേർക്ക് വല്ലതും വെച്ചുണ്ടാക്കാൻ ".അടുത്തിരുന്ന വീട്ടമ്മയും തന്റെ ആവലാതി അറിയിച്ചു .പിന്നെ വൈകിയില്ല ,യാത്രക്കരോരോന്നായി പരാതി പറയാൻ തുടങ്ങി .പരാതിയും പരിഭവവും പിന്നെ ദേഷ്യമായി , അതുപിന്നെ ക്ഷോഭമായി. 
അപ്പോഴാണ്‌ കണ്ടക്ടറുടെ പ്രഖ്യാപനം വന്നത് 
"ഇനി മുന്നോട്ടു പോവില്ല .എല്ലാരും ഇറങ്ങിക്കോ .", കനലിനെ ആളിപ്പടർത്തുന്ന വാക്കുകൾ !.എന്തിനും തയ്യാറായി ബസിനകത്തിരുന്ന പുരുഷന്മാർ പിന്നെയൊന്നും കേൾക്കാൻ നിന്നില്ല. കണ്ടക്ടറുടെ കോളറിനു പിടിച്ചു ,ബസിൽ ചേർത്ത് നിർത്തി ഇടിച്ചു . കണ്ടക്ടർ കൈ കൂപ്പി തല്ലരുതെന്നു അപേക്ഷിക്കും വരെ !
"ഞാനെന്തു ചെയ്യാനാ സാറന്മാരെ .മുഖ്യമന്ത്രി വരണോണ്ടല്ലേ ? ഈ റൂട്ടിൽ പ്രശ്നമില്ലെന്ന് വിചാരിച്ചാ ഞാൻ .......",കണ്ടക്ടർ കരഞ്ഞുകൊണ്ട്‌ തന്റെ നിസ്സഹായാവസ്ഥ അവരെ ബോധ്യപ്പെടുത്തി. എല്ലാവരും ഒന്ന് ശാന്തരായി .പക്ഷെ അതുവരെ മിണ്ടാതിരുന്ന നമ്മുടെ ഗൃഹനാഥനു കോപം അണപൊട്ടി .അയാൾ തൊടുത്തു വിട്ട ശരം പോലെ ആ 'നിസ്സഹായന്റെ' നേരെ കുതിച്ചു.
"തന്നോട് ഞാൻ ചോദിച്ചതല്ലേ ,അവിടെ ഇറങ്ങിക്കോട്ടേ എന്ന് ?അവിടെ ആ ഓട്ടോ സ്റ്റാൻഡിന് മുന്നില് വെച്ചല്ലേ ഞാൻ ചോദിച്ചത് ?അവിടേ ഇറക്കി വിട്ടിരുന്നെങ്കിൽ ഞാൻ ഓട്ടോ പിടിച്ചു പോയേനെ .വീട്ടിലെന്റെ മോള് മാത്രേ ഉള്ളു .ഓരോ മിനിറ്റ് വൈകും തോറും എന്റെ ഉള്ളിൽ തീയാ .അറിയോ ?".
അയാളുടെ കണ്ണുകളിൽ അഗ്നി പടർത്തിയത്‌ അയാളുടെ നെഞ്ചിലെ ഈ ആവലാതി തന്നെ ആയിരിക്കണം  .കയ്യിൽ മുറുകി പിടിച്ചിരിക്കുന്ന ആ കവർ അയാളുടെ സ്നേഹവും ആയിരിക്കണം.
"സാറെ ,സിറ്റിയിലെ ഓട്ടോയൊക്കെ പ്രതിപക്ഷക്കാര് ബുക്ക്ചെയ്തിരിക്കുവാ ,അവരുടെ ഓട്ടോ റാലിക്ക് !"കണ്ടക്ടറെ സഹായിക്കാനെത്തിയ ഡ്രൈവർ പറഞ്ഞു .
"എല്ലാ പാർട്ടിയും കണക്കാ ",ഒരു വയസ്സൻ പറഞ്ഞു .
ചുറ്റും കൂടി നിന്നവർ ഇതുപോലെ കുറ്റപ്പെടുത്തലുകളും സഹതാപ വർഷവുമായി അവരവരുടെ റോളുകൾ ഭംഗിയാക്കി .ആരെയും കുറ്റപ്പെടുത്താൻ അയാൾ നിന്നില്ല .പട്ടുസാരിയും കയ്യിൽ പിടിച്ചു ബസിന്റെ പടികളോരോന്നായി ഇറങ്ങുമ്പോഴും നെഞ്ഞിനുള്ളിലെ തീയണക്കാൻ ഏതു വഴി പോകണമെന്ന് അയാൾക്ക്പി ടിത്തം കിട്ടിയില്ല .

                                                           *********************

സമയം ഏറെയായി .അയാൾ നടക്കാൻ തുടങ്ങിയിട്ട് തന്നെ അര മണിക്കൂറായി .ഇതിനോടകം മകളുടെ മൂന്നു മിസ്സ്‌ കോളുകൾ അയാൾക്ക് വന്നു കഴിഞ്ഞു. മകളെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോൾ ആ അച്ഛനെ തളർത്തുന്നില്ല ,വേഗം കൂട്ടുന്നത്തെ ഉള്ളു .എല്ലാം ദൈവത്തിലർപ്പിച്ചു അയാൾ നടക്കുന്നു ,മകളുടെ പുഞ്ചിരിക്ക് വേണ്ടി ,പരിഭവങ്ങളില്ലാത്ത അവളുടെ ഒരു ദിവസത്തിന് വേണ്ടി .അയാളോടൊപ്പം നടക്കാൻ മുന്നിലും പിന്നിലുമായി ഒരുപാട് സാധാരണക്കാരുണ്ട് ,അയാളെ പോലെ തന്നെ ആശങ്കകളുടെ ഭാരവും പേറി അവരും നടക്കുകയാണ് .അതിൽ വീട്ടമ്മ മാരുണ്ട് .അവരുടെ ഉള്ളിൽ  തെളിയുന്നത്  ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും മുഖമാണ് .ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീ -പുരുഷന്മാർ .ഇതുപോലെ ഒരു ദിവസം മതി, നൂൽപ്പാലത്തിലൂടെ നീങ്ങുന്ന അവരുടെ ജീവിതവും തകിടം മറിയും .പക്ഷെ അയാളുടെ മുന്നിൽ നടക്കുന്നത് ഒരു കുട്ടിയാണ് .പത്തു വയസ്സ് തോന്നിപ്പിക്കുന്ന ഒരു പെണ്‍കുട്ടി .അമ്മയുടെ കൈ പിടിച്ചു അവളും നടക്കുകയാണ്, ആ നഗരത്തെയാകെ തന്റെ വിടർന്ന കണ്ണുകളിൽ അടക്കം ചെയ്യാൻ ശ്രമിച്ചുകൊണ്ട്‌. നടക്കുന്നത് മുന്നോട്ടാണെങ്കിലും നോക്കുന്നത് എങ്ങോട്ടാണെന്ന് പറയാൻ കഴിയില്ല. മുതിർന്നവരും കുട്ടികളും തമ്മിലുള്ള വ്യത്യാസം അവിടെയാണ് .മുതിർന്നവർ മനസിലുള്ളത് മാത്രമേ കാണു ,ചുറ്റുമുള്ളത് അവർക്ക് പ്രശ്നങ്ങളായിരിക്കും .എന്നാൽ കുട്ടികൾ ,അവർ ചുറ്റുമുള്ളത് കാണും ,മനസ്സു നിറയെ പ്രശ്നങ്ങൾ (ചോദ്യങ്ങൾ) ആയിരിക്കും. അയാൾ തിരിഞ്ഞു നോക്കി പുറകിൽ ഒരു വൃദ്ധൻ മകളുടെ കൈപിടിച്ച് നടക്കുകയാണ് .ആ കാഴ്ച ആദ്യം അയാളുടെ മനസ്സിൽ നിറച്ചത് ഒരു പുഞ്ചിരിയാണ് .'സർക്കാരിന്റെ മുന്നിൽ എല്ലാരും സമന്മാരാണ് 'അയാളോർത്തു . അവിടെ പത്തിനും അൻപതിനും എഴുപതിനും തമ്മിൽ ഒരു ഭേദവുമില്ല 'അതെ മുന്നിൽ ,സർക്കാരിന്റെ മുന്നിലൂടെ പാവപ്പെട്ടവാൻ കഷ്ടപ്പാടിന്റെ കോണിപ്പടികൾ കേറുന്നു .അതെ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവൻ ഇന്ന് ഏതോ ഒരു കോണിൽ തന്റെ ഭരണ നേട്ടങ്ങളുടെ ഭാണ്ടക്കെട്ടഴിക്കുകയാവും.അതിനെതിരെ പൊരുതേണ്ടവർ വാളെടുക്കലെന്ന പേരിൽ പ്രഹസനങ്ങൾ നടത്തുന്നു .ഹർത്താൽ നടത്തുന്നു .വാഹങ്ങൾ നശിപ്പിക്കുന്നു .കടകൾ അടപ്പിക്കുന്നു .വെട്ടുന്നു .കുത്തുന്നു .ഒടുവിൽ ചാവുന്നു .അവിടെയും സാധാരണക്കാരന്റെ ജീവിതമാണ് ബലികഴിക്കപ്പെടുന്നത് '."അയ്യോ .......,അച്ഛാ, എന്ത് പറ്റി ? ",പുറകിൽ നിന്നായിരുന്നു ആ നിലവിളി .അയാൾ തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധൻ റോഡിൽ വീണു കിടക്കുന്നു .

ഒരു വലിയ ജനക്കൂട്ടത്തിനു നടുവിൽ ആ  വൃദ്ധൻ ബോധമില്ലാതെ കിടന്നു .ആ മകളുടെ കണ്ണീരും നിലവിളിയും ആരുടേയും സഹതാപം പടിച്ചു പറ്റിയില്ല. ഗൃഹനാഥന്റെ  സഹായഭ്യർത്ഥനയും ആരും കേട്ടില്ല. 'ഒരു മരുഭൂമിയും ചുറ്റും നോക്കുകുത്തികളും !! ', അയാൾ ചിന്തിച്ചു.
"എല്ലാത്തിനും കാരണം ആ മുഖ്യമന്ത്രിയാ . അയാൾ രാജി വെച്ചാൽ എല്ലാം നേരയാവും ".നല്ല ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അത് .ബസ്സിലെ കണ്ടക്ടറെ 'കൈകാര്യം ' ചെയ്യാനും മുന്നിലുണ്ടായിരുന്നു 'ഈ ദേഹം'.
"അങ്ങനെ എല്ലാം ഭരിക്കുന്നവരുടെ തലേൽ വെച്ച് ഒഴിയാൻ വരട്ടെ .പ്രതിപക്ഷക്കാരും അത്ര മോശമൊന്നുമല്ല .ഈ പാവത്തിന് ഇങ്ങനെ കിടക്കേണ്ടി വന്നതിനു കാരണം അവരുടെ ഓട്ടോ റാലിയാ .അല്ലെങ്കിൽ ഇവർ ഓട്ടോ പിടിച്ചു പോയേനെ !". എതിർപ്പുമായി എവിടുന്നോ മറ്റൊരു 'ദേഹം ' വന്നു ."
"എങ്കിൽ ഈ വരുന്ന election നു താൻ അവർക്ക് തന്നെ വോട്ട് കൊടുക്ക്‌. ഒരു അഞ്ചു വർഷം കൂടി അവർ ഭരിച്ചു മുടിപ്പിക്കട്ടെ .അപ്പോഴേ തന്നെപോലുള്ളവർ പഠിക്കൂ ."
"ഞാൻ ആർക്കു വോട്ട് ചെയ്യണമെന്നു താൻ തീരുമാനിക്കണ്ട .ഞാനിതുപോലെ കുറേ ......"
"സുഹൃത്തേ...",ഗൃഹനാഥൻ ഇടപെട്ടു .നിങ്ങൾ വഴക്കിട്ട് തീർക്കുന്ന ഈ സമയം മതിയല്ലോ , ഇയാളെ ആശുപത്രിയിലെത്തിക്കാൻ .നമ്മൾ എല്ലാവരും അത്യാവശ്യക്കാരാ .എല്ലാവർക്കും വീട്ടിൽ പോയാൽ കൊള്ളാമെന്നുണ്ട് .എല്ലാ ആവശ്യങ്ങളും മറന്നു കുറച്ചു പേർ സഹായിക്കാൻ നിൽക്കുമ്പോൾ നിങ്ങളിങ്ങനെ വഴക്ക് കൂടുന്നത് ശെരിയാണോ ? ഒരു വണ്ടി വിളിച്ചു സഹായിച്ചുകൂടെ ?",അയാൾ ചോദിച്ചു .ആ രണ്ടു പ്രതിയോഗികളും തൊടുത്തു വിടാൻ കരുതി വെച്ച അസ്ത്രങ്ങളുമായി പിൻവാങ്ങി. പക്ഷെ അയാളുടെ സഹായഭ്യർത്ഥന ഇപ്പോഴും അവർ കേട്ടില്ല .
"ഈ സമയത്ത് വണ്ടി ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല .ആംബുലൻസ് വിളിക്കുന്നത ബുദ്ധി ",ചുറ്റും കൂടി നിന്നവരിൽ ഒരാൾ ഒരു നിർദേശം മുന്നോട്ടു വെച്ചു .
"ആംബുലൻസ് വരുവോ  ?" ഒരു വീട്ടമ്മക്ക് സംശയം .
"വരുമോ എന്ന് നോക്കാം ",അയാൾ മറുപടി നൽകി .അങ്ങനെ ആംബുലൻസ് എന്ന അവസാന ഉപായത്തിലേക്ക് അവർ എത്തിച്ചേർന്നു .

                                                    *************************

"പേടിക്കണ്ട മോളേ .അച്ഛനിപ്പോ എത്തും .നീ ഞാൻ വന്നിട്ട് കതകു തുറന്നാൽ മതി കേട്ടോ.ഗേറ്റ് അടച്ചോ ? വാതിലോ ?വലിയമ്മയെ വിളിച്ചു പറഞ്ഞല്ലോ ?പുറകിലത്തെ വാതിൽ കുറ്റിയിടാൻ മറക്കണ്ട .പിന്നെ ഞാൻ നിനക്ക് ഒരു ....." അയാൾ കയ്യിലെ പ്ലാസ്റ്റിക്‌ കവറിലേക്ക് നോക്കി .പക്ഷെ കവർ കയ്യിൽ കണ്ടില്ല. ഒരു നിമിഷം ഭൂമി നിശ്ചലമായാത് പോലെ തോന്നി, ആ അച്ഛന് .
"ഒന്നുമില്ല മോളെ നീ ഫോണ്‍ വെച്ചോ . ഞാനങ്ങു എത്തിയേക്കാം ".അയാൾ ഫോണ്‍ വെച്ച് .അന്ന് സന്ധ്യക്ക് വന്ന വഴികളിലൂടെയും കടന്നു പോയ മുഹൂർത്തങ്ങലിലൂടെയും മനസ് ചീറിപ്പഞ്ഞു. 'എവിടെ വെച്ചായിരിക്കാം അത് നഷ്ടപ്പെട്ടിട്ടുണ്ടാവുക . എവിടെ വെച്ചാണ് ഞാൻ എന്നെ തന്നെ മറന്നത് ?'. തന്നോട് തന്നെ ദേഷ്യം തോന്നിയ ആ നിമിഷം അയാൾ ആ ഹോസ്പിറ്റൽ വരാന്തയിൽ തളർന്നിരുന്നു .'റോഡിലൂടെ നടന്നപ്പോൾ കയ്യിലുണ്ടായിരുന്നു .വൃദ്ധന്റെ  അടുത്തിരുന്നപ്പോഴും ഞാനത് മുറുകെ പ്പിടിച്ചിരുന്നു . ആംബുലൻസിൽ ? അതെ ആംബുലൻസിൽ കയറിയപ്പോൾ അത് കയ്യിലില്ലായിരുന്നു. '.അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരി പടർന്നു .ചിലർ പറയുന്നത് എത്ര ശരിയാണ് .ആരെയെങ്കിലും സഹായിക്കാനിറങ്ങിയാൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതങ്ങളെല്ലാം ഓരോന്നോരോന്നായി തേടി വരും .'

അടുത്താരോ വന്നു നിൽക്കുന്നതായി അയാൾക്ക്‌ തോന്നി . അയാൾ തല ഉയരത്തി നോക്കി .വൃദ്ധന്റെ മകളാണ് .
"വളരെ നന്ദിയുണ്ട് . ആ സമയത്ത് അങ്കിൾ സഹായിചില്ലായിരുന്നുവെങ്കിൽ ..."
"അച്ഛനിപ്പോൾ എങ്ങനെ ? ആംബുലൻസ് എത്താൻ കുറച്ചു വൈകിയില്ലേ ? അതുകൊണ്ടെന്തെങ്കിലും ...?"
"ഇല്ല ,ഡോക്ടർ കുഴപ്പമോന്നുമില്ലെന്നാ പറഞ്ഞത് .ഇത് അച്ഛന്റെ രണ്ടാമത്തെ അറ്റാക്ക്‌ ആണ് .അതുകൊണ്ട് കുറച്ചൊന്നു സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്".
അവൾ ഒന്ന് നിർത്തി .ഒരു പരുങ്ങലോടെ വീണ്ടും പറഞ്ഞു തുടങ്ങി .
"കുറച്ചു പൈസ ചിലവായെന്നറിയാം . അത്രയും കാശ് ഇപ്പോൾ എന്റെ കയ്യില ഇല്ല . "
അയാൾ പോക്കറ്റിലേക്ക് നോക്കി .'ശമ്പളം എണ്ണിനോക്കാൻ പോലും പറ്റിയില്ല .മീനുന്റെ ഫീസിനു  ഇനി ...'
"ഞാനെന്റെ ചേട്ടനെ വിവരം അറിയിച്ചിട്ടുണ്ട് .ചേട്ടൻ ഇപ്പോൾ എത്തും. കുറച്ചു വെയിറ്റ് ചെയ്യാമെങ്കിൽ ...?"
"ഇല്ല മോളെ. എനിക്ക് വീട്ടിൽ എത്രയും പെട്ടെന്ന് എത്തിയാലേ പറ്റു . എന്റെ മോള് വീട്ടിൽ തനിച്ചേ ഉള്ളു. ഇപ്പോൾ തന്നെ ഒരുപാട് വൈകി . അവളാകെ പേടിചിരിക്കയാ ". അയാളുടെ മുഖത്ത്  വീട്ടിൽ   എത്താൻ കഴിയുന്നതിന്റെ ആശ്വാസമായിരുന്നു.
"എങ്കിൽ അങ്കിളിന്റെ അഡ്രസ്‌ പറഞ്ഞാലും മതി ."
"ഞാൻ നിന്നെ കണ്ടപ്പോൾ എന്റെ മീനു മോളെ ഓർമ്മ വന്നു .ഒരു പക്ഷെ അവൾക്കാണ് ഈ ഗതി വന്നതെങ്കിലെന്നു ചിന്തിച്ചു പോയി . അത്കൊണ്ട നിങ്ങളെ സഹായിച്ചത് . പിന്നെ  കാശ്  ഞാനെന്റെ സ്വന്തം മകൾക്ക് വേണ്ടി ചിലവിട്ടതാണെന്ന് കരുതിക്കോളാം .എനിക്കിപ്പോൾ പോയാലെ പറ്റു."അയാൾ വിട പറഞ്ഞു അവിടെ നിന്നിറങ്ങി.

                                                                  ***********************
ഓഫീസിൽ നിന്ന് പുറപ്പെട്ടിട്ട് ഇപ്പോൾ നാലഞ്ച് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം .' മീനൂനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കിൽ വേണ്ട .എന്തായാലും വീടെത്താറായി '. ആ പഴയ വീടിന്റെ മേല്ക്കൂരയിലെ ഓടുകൾക്കിടയിലൂടെ വരുന്ന വെളിച്ചം മനസ്സിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിക്കുന്നത് അന്നാദ്യമായി അയാൾ അറിഞ്ഞു .പക്ഷെ ആരാണവർ ?.ഗേറ്റിനു പുറത്തു വരുന്ന വെളുത്ത രൂപങ്ങളെക്കണ്ട് അയാൾ പേടിച്ചു.ഞരമ്പിലൂടെ തണുത്ത രക്തം ഓടുന്നത് പോലെ അയാള്ക്ക് തോന്നി. ഇരുട്ടിലൂടെ ആ വെണ്മ മായുന്നത് വരെ അയാള്ക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.

അയാൾ കോളിംഗ് ബെല്ലടിച്ചു .മീനു കതകു തുറന്നു . കണ്ണുകളിൽ ഭയമില്ല ,മുഖത്ത് ഒരു കുസൃതി ചിരിയുണ്ട് .ഒരു വെളുത്ത കോലിനെ ഓർമിപ്പിക്കും അവളുടെ രൂപം .
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ഗേറ്റ് പൂട്ടാൻ ?", അയാൾ ദേഷ്യപ്പെട്ടു .
"അത് അച്ഛാ ..വലിയമ്മ വന്നിരുന്നു .അപ്പോൾ തുറന്നതാ .പിന്നെ പൂട്ടാൻ മറന്നു പോയി ",അവൾ ചിണുങ്ങി .
"ഇപ്പോളാരാ വന്നത് ?"
"ഓ , അതോ . അത് പാർട്ടിക്കാരാ , വോട്ട് പിടിക്കാൻ "
"ഈ രാത്രിയിലോ ?"
"ങ്ഹാ . കുറെ നേരം ബെല്ലടിച്ചു . ഞാൻ തുറന്നില്ല ", അവൾ ചിരിച്ചു .
ആ ചിരിയിൽ അയാളുടെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി . അയാൾ അവളുടെ തലയിൽ വാത്സല്യപൂർവ്വം തലോടി .
"നിനക്കുള്ള സാരി ഞാനിവരെ ഏൽപ്പിച്ചിട്ടുണ്ട് . കടമായിട്ടാ ! എന്നെങ്കിലും തിരിച്ചു തരുമായിരിക്കും "
മീനുനു ഒന്നും മനസിലായില്ല .അവൾ അച്ഛനെ വല്ലാതെ ഒന്ന് നോക്കി.അയാൾ പോക്കറ്റിൽ നിന്ന് രണ്ടായിരം രൂപ പുറത്തെടുത്തു.
"ഇതുവരെ മാറി മാറി ഭരിച്ച സർക്കാരുകളുടെ കാരുണ്യം കൊണ്ട് പതിനായിരം രൂപ ഏഴായിരം ആയി . ഇനി ഭരിക്കാനിരിക്കുന്നവരുടെ കാരുണ്യം കൊണ്ട് ഇന്നത്‌ രണ്ടായിരം ആയി . നിന്റെ സാരി ഇനി അവർ എന്ന് കൊണ്ട് വരുന്നുവോ അന്നേ ഇവർക്കൊക്കെ വോട്ട് ഉള്ളു .....", ഇത്രയും പറഞ്ഞുകൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു .തളർന്ന ദേഹത്തിനു തളരാത്ത മനസ്സിനെ താങ്ങാൻ കഴിഞ്ഞില്ല .
"അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് ? സാരി എന്തിനാ അവര്ക്ക് കൊടുത്തിട്ട് വന്നത് ?", മീനുനു ചെറിയ പേടി തോന്നി .
"കൊടുത്തതല്ല .. വാങ്ങിച്ചതാ !", മീനുന്റെ മുഖത്തെ പേടി അയാൾ ശ്രദ്ധിച്ചു "ഒന്നുമില്ലെടി മോളെ .നിനക്ക് മനസിലാവില്ല ."അയാൾ അവളെ ആശ്വസിപ്പിച്ചു .





                                                       (അവസാനിച്ചു )

നൊമ്പരം

പൊള്ളയായതെന്തെന്നറിയില്ല 

ഒരൊൺലൈൻ ജാലകത്തിൽ തെളിയുന്ന 
നിന്റെ പ്രണയ സന്ദേശങ്ങളോ ?
സെല്ഫികളിൽ മാത്രം വിരിയുന്ന 
നിൻ ചിരിപ്പൂക്കളോ ...?

ഉത്തരമില്ലാ ഒത്തിരിചോദ്യങ്ങളും 
ഞാനും... മുറിവേറ്റൊരെൻ പ്രാണനും 

വിരഹിണി രാധ



പാതി തുറന്നൊരു പടിവാതിലിൽ അന്ന് 
പൂനിലാ-പെയ്തതിന്നോർക്കുന്നു ഞാൻ 
ഇരുൾ വീണൊരാത്മാവു കേഴുന്നു , ചൊല്ലു 
അതു  നിന്റെ പുഞ്ചിരിയായിരുന്നോ ?
അതു  നിന്റെ പുഞ്ചിരിയായിരുന്നോ ?

മരുഭൂമിയായോരെൻ മനതാരിലന്നൊരു 
മഴയുടെ സംഗീതം കേട്ടിരുന്നു 
മൗനമായെങ്കിലും ചൊല്ലു , എൻ കണ്ണാ 
അതു  നിന്റെ കുഴൽവിളിയായിരുന്നോ ?
അതു  നിന്റെ കുഴൽവിളിയായിരുന്നോ ?

ഈറനണിഞ്ഞ എന്മിഴികളിലന്നൊരു 
കുളിർകാറ്റു വീശിയതോര്തിടുന്നു ..
കണ്ണീരണിയില്ല, വാക്കു നല്കാം, ചൊല്ലു 
അതു  നിന്റെ കുളിർസ്പർശമായിരുന്നോ ?


അതു  നിന്റെ കുളിർസ്പർശമായിരുന്നോ ?

കാത്തിരിപ്പ്

മഴപ്പാട്ടു കേട്ടുറങ്ങി നിശയുടെ യാമങ്ങൾ.
കുളിർക്കാറ്റിലൂയലാടീ കരിമുഖിൽ പാടങ്ങൾ.
മിഴിമൂടിയില്ല നീ മയക്കം വരാതിന്നു
മയങ്ങുവതിന്നേതോ മധുരമാംമോർമ്മയിൽ.

മഴയുടെ കുളിരുപോൽ സിരകളിൽ മുറുകിയ
വിരഹത്തിൻ സ്പന്ദനമറിയൂന്നുവോ ?
ഈറനാമീന്നാട്ടു വഴികളിൽ പ്രണയത്തിൻ പദകേളിയാടിയതോർക്കുന്നുവോ?
യാമങ്ങൾ, വർഷങ്ങൾ, കടന്നുപോയി കാതങ്ങൾ
ശിലയായി നീയിന്നും തേടുന്നോ മോക്ഷത്തെ?

ഒരുമിന്നൽക്കൊടി തന്നോരോളത്തുടിപ്പിനാ-
ലവനുടെ മിഴിതന്നിൽ മിഴിചായ്ച്ചു നീ.
ഒരുകുടക്കീഴിലന്നിരുകൈയ്യും കോർത്തവർ
മായികലോകത്തോ മറഞ്ഞകന്നൂ ?
ഇടിയുടെ തുടിയോ നിൻ ഹൃദയത്തുടിയോ ?
ജീവതാളമായീ, ഈണമായീ അനുരാഗമായി.


മകൾ

മകളായിരുന്നു നീ....
മണ്ണിന്റെ മകൾ!
പിച്ചവെച്ച പച്ചമണ്ണിനെ
പ്രാണൻ പോകും വരെയും
നെഞ്ചോടു ചേർത്തവൾ.

മഴയുടെ മകൾ !
കൂരമേൽ വീണ
മഴയുടെ താളത്തെ
വിജയകുതിപ്പിനു തുണയായി മാറ്റിയവൾ.

ആകാശത്തിന്റെ മകൾ!
തുറന്ന വാതിലിലൂ-
ടാകാശം കണ്ടു കിടന്നവൾ,
താരങ്ങളിൽ സ്വപ്നങ്ങളെഴുതിയവൾ.
അഗ്നിയുടെ മകൾ !

അപമാനത്തിൻ കൂരമ്പുകളെ
അണയാനാളമായി നെഞ്ചിലെരിച്ചവൾ.

അമ്മയുടെ മകൾ!
കഴുകൻ കണ്ണുകളോടു -
ശിരം കാട്ടിയോരമ്മചിറകിൻ
ചൂടേറ്റു വളർന്നവൾ.

മകളാണിന്നും....
ദേശത്തിന്റെ മകൾ!
നീതി തേടുന്നോരമ്മ -
മാനസത്തിൻ നീറ്റലായി മാറിയവൾ.

വിധിയുടെ മകൾ!
പകയുടെയെരിതീയിൽ
വെന്തു വെണ്ണീറായി
നീതി നേടും മുന്നേ
മണ്ണോടു ചേർന്നവൾ.

മകളായിരിക്കുമെന്നും ...
പൊരുതാനൊരു പടവാളായി
വഴികാട്ടാൻ വഴിവിളക്കായി
പെരുകിടും തിന്മയെ
എരിയിക്കാൻ തീനാളമായി
കൂടെയുണ്ടാവുമെന്നും .....


Wednesday, March 29, 2017

തുടരണം ഈ യാത്ര


ഈയാത്രയിതെന്തു കഷ്ടമെന്നോർക്കിലും
ഇഷ്ടനഷ്ടങ്ങൾ ഏറെയുണ്ടെങ്കിലും
മുഷ്ടി ചുരുട്ടി പോരാടും മർത്യന
റിയുന്നിതിൻ സുഖം

കാലിന്നടിയിലെ കല്ലും, മുൾവേലിയും,
കാറ്റും മഴയും, കനലും വെയിൽമാനവും
ചേറും ചെളിയും ഏറുന്ന ദാഹവും
തടയുന്നു, മടിയേറ്റുന്നു ചങ്കതിൽ.

ആറടിമണ്ണിലടിയുന്ന യാത്രയിതാ
യിരം കാതമലയുന്ന ജന്മമതില
ടരാടി നടമാടി വെന്നിക്കൊടി
പാറിക്കുമതിശക്തനിവൻ മർതൃൻ.

കുറയുന്നില്ല നം വേഗതയൊട്ടും
തറയുന്നു പാദത്തിലാണിയെങ്കിലും,
പതറാതെ, വേദനയറിയാതെ പോകുവാൻ
ചടുലമാമടികളാൽ ലക്ഷ്യം തികയ്ക്കുന്നു.

തളരുന്നുവോ ?
ചിറകൊടിഞ്ഞു വീഴുന്നുവോ ?
അസ്തമയക്കാറ്റിൽ കൂടണയാപ്പക്ഷി

പോരാടാൻ മറക്കുമോ ?
 പോരാടിത്തളരുമോ ?
ചോര ചിന്തും ദേഹത്തിൽ
വീര്യം ചോരാത്തൊരാത്മാവ്.

പറ്റെ വെട്ടി കുറ്റിയാക്കീടിലും
ചാറ്റൽ മഴയിൽ തളിരിടും പൂമരം,
വിട്ടകലാൻ കല്പിച്ച തീരത്തെ
പിന്നെയും മാറോടണയ്ക്കും തിരമാല.

മഴമായുമീറൻ വാനിൽ
തെളിയാതിരിക്കുമോ സൂരൃൻ ?
മെയ്യിൽ കുളിർക്കാറ്റുപടർന്നാ
ലെരിയാതിരിക്കുമോ കനലൊളി ?

ചിന്നിച്ചിതറി പലവഴിപിരിഞ്ഞാലൊ-
ഴുകാൻ മറക്കുമോമഴത്തുള്ളി ?
ഈയാത്രയിതെന്തു കഷ്ടമെന്നോർക്കിലും
തുടരാതിരിക്കുമോ മർതൃൻ ?