സമയം 6.30 .തലേന്ന് നിർദേശം നൽകിയതനുസരിച്ച് കുട്ടികളെല്ലാരും യാത്രക്ക് തയ്യാറായി ബസിൽ ഇരിക്കുകയാണ് .ഹോട്ടലിൽ നിന്ന് ഒരു മണിക്കൂർ യാത്ര .ആർപ്പു വിളികളും കൂവലും ബഹളവുമൊക്കെയ്യായി ബസ് പുറപ്പെട്ടു .ആനക്കട്ടി റോഡ് വഴിയാണ് യാത്ര .വഴിയിൽ ഒരുപാട് കാഴ്ചകൾ ഉണ്ടെന്നും അതുകൊണ്ട് പാട്ടും ഡാൻസും ഒക്കെ പിന്നെ ആവാമെന്ന് രവി സർ മുന്നറിയിപ്പ് നൽകി .പക്ഷെ ക്ലാസ്സിലെ മൈനോരിറ്റി ഗ്രൂപ്പായ ആണ്‍കുട്ടികളും കാർത്തികയുടെ നേതൃത്തത്തിലുള്ള ചില പെണ്‍കുട്ടികളും അതൊന്നും കേട്ടതായി ഭാവിച്ചില്ല .യാത്രയുടെ തുടക്കത്തിൽ കുന്നുകളാൽ ചുറ്റപ്പെട്ട ഒരു വലിയ കൃഷിയിടത്തിലൂടെ ആയിരുന്നു അവരുടെ യാത്ര .അന്നുവരെ സിനിമയിൽ മാത്രം കണ്ടിരുന്ന ആ കാഴ്ച്ച ദ്രൗപതിക്ക് കുറച്ചൊന്നുമല്ല സന്തോഷം നൽകിയത് .തെങ്കര എന്നാ ഗ്രാമമാണ് അത് .ഇപ്പോഴും കൃഷിയെ മറക്കാത്ത അവിടത്തെ ജനങ്ങളെ അവൾ ബഹുമാനത്തോടെ നോക്കി .യാത്ര തുടരും തോറും കാഴ്ചകൾക്ക് പച്ചപ്പ് കൂടി കൂടി വന്നു .ഇപ്പോൾ അവരുടെ ബസ് കാടിനകത്തുകൂടെയാണ് പോകുന്നത് .ചുറ്റും ഇടതിങ്ങിയ മരങ്ങളും ചെറിയ ചെറിയ ചാലുകളും .അതൊക്കെ ഭവാനി പുഴയുടെ കൈവഴികളാണെന്ന് അർജുനൻ പറഞ്ഞു .ഇപ്പോൾ അവർ കടന്നു പോകുന്ന സ്ഥലം മുക്കാളി എന്നാണ് അറിയപ്പെടുന്നത് .
ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ അവർ മുക്കാളി ഫോറെസ്റ്റ് ഓഫീസിൽ എത്തി .ഇവിടെ നിന്ന് ചെറു സംഘങ്ങളായി ജീപ്പിൽ പോകണം .സാധാരണഗതിയിൽ ടൂറിസ്റ്റുകൾക്ക് ഒരു ദിവസത്തെ യാത്രാനുമാതിയെ ഇവിടുന്നു നൽകു .റിസർച്ചിനായതു കൊണ്ട് റിസർവ്വ് ചെയ്തതിന്റെ രേഖകൾ ഹാജരാക്കണം .ഇവിടെ നിന്ന് 30km ജീപ്പ് യാത്ര .അട്ടകളെ തുരത്താനുള്ള കറിയുപ്പുമായി വേണം യാത്രക്ക് പുറപ്പെടാൻ.
ജീപ് യാത്ര ഓരോ വ്യക്തിക്കും സമ്മാനിക്കുന്നത് മറക്കാനാവാത്ത ഓർമ്മകളാണ് .ഓരോ ഫ്രെയിമും ഒപ്പിയെടുക്കുന്ന ക്യാമറ പോലെയായിരുന്നു അപ്പോൾ ദ്രൗപതിയുടെ കണ്ണുകൾ .അർജുനൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്നവൾ ആഗ്രഹിച്ചു. ഫോറെസ്റ്റ് ഓഫീസിൽ നിന്ന് വന്ന ഒരു ഗൈഡ് ആണ് ഇപ്പോൾ അവരുടെ കൂടെ ഉള്ളത്. വഴിയരികിൽ നിൽക്കുന്ന ഓരോ പുൽകൊടിയെപ്പറ്റിയും അയാൾക്ക് നല്ല അറിവുണ്ട് .അപൂർവങ്ങളായ സസ്യങ്ങളെക്കുറിച്ച് അയാൾ ചെറിയ ചെറിയ വിവരണങ്ങൾ തന്നു കൊണ്ടേയിരുന്നു .അവർ കൂട്ടുകാരികൾ പരസ്പരം കാഴ്ചകൾ കാണിച്ചു ആ യാത്ര നന്നായി ആസ്വദിച്ചു .മരങ്ങൾക്കിടയിലൂടെ പറന്ന ഒരു നിഴലിനെ ചൂണ്ടി നമ്മുടെ ഗൈഡ് ഈ മേഖലയിൽ ധാരാളം കാണാറുള്ള സിംഹവാലാൻ കുരങ്ങാണ് അതെന്നു പറഞ്ഞു.അവർ തലയാട്ടി സമ്മതിച്ചു .പക്ഷെ അവരാരും ഒന്നും കണ്ടില്ല .
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ പല വഴികളായി പിരിഞ്ഞ സംഘങ്ങൾ ഒരുമിച്ചായി. ഇനിയാണ് ട്രെക്കിംഗ് തുടങ്ങുക .ദ്രൗപതിയുടെ കണ്ണുകൾ അർജുനനെ തേടി ,യാത്ര പുറപ്പെടാൻ തയ്യാറായി നിൽക്കുന്ന സംഘത്തിൻറെ പുറകിലായി അവൾ അവനെ കണ്ടെത്തി .'എന്റെ മനസ് തുറക്കാൻ ഇതാണ് ഏറ്റവും നല്ല സമയം '.പുറകിലക്കുനടന്നു തുടങ്ങിയ അവളെ വിദ്യ തടഞ്ഞു ."നമ്മൾ രവി സാറിന്റെ കൂടെയാണ് പോകേണ്ടത് "
"നമുക്ക് ഏറ്റവും പുറകിൽ നടക്കാം .അതാവുമ്പോ ആരും ശ്രദ്ധിക്കില്ല ",ദ്രൗപതി പറഞ്ഞു നോക്കി .
"നീ എന്നെ കൊലൈക്ക് കൊടുക്കുവോ ?.അല്ലെങ്കിലെ സാറിന്റെ നോട്ടപ്പുള്ളി ലിസ്റ്റിൽ ഒന്നാമതാ എന്റെ പേര് .സർ എന്നൊടു പ്രത്യേകം പറഞ്ഞതാ നമ്മടെ ഗ്രൂപിലുള്ള എല്ലാരേയും വിളിച്ചോണ്ട് വരാൻ .നീ വരുന്നുണ്ടോ ?" ദ്രൗപതിയുടെ മറുപടിക്ക് കാത്തു നിൽക്കാതെ അവളുടെ കൈ പിടിച്ചു വിദ്യ മുന്നിലേക്ക് നടന്നു കഴിഞ്ഞിരുന്നു .കണ്ണാടിത്തുണ്ടുകൾ പോലെ ഹൃദയം നുറുങ്ങുന്നതിന്റെ വേദന അന്നാദ്യാമായി അവൾ അനുഭവിച്ചു .
No comments:
Post a Comment