Thursday, March 30, 2017

കലാശക്കൊട്ട്


'സായം സന്ധ്യ ! ഇന്ന് അവൾ പതിവിലും മനോഹരിയാണ് '. ബസിനകത്തിരുന്നു സന്ധ്യയുടെ മനോഹാരിത ആസ്വദിക്കുകയാണ് അയാൾ .അയാൾ , ഒരു പാവം ഗൃഹനാഥൻ ,ഇന്ന് വളരെ സന്തോഷവാനാണ് .സന്ധ്യ മാത്രമല്ല ഇന്നയാളെ ഓരോ പുൽക്കൊടിയും സന്തോഷിപ്പിക്കും .മടിയിലിരിക്കുന്ന ഒരു പ്ലാസ്റ്റിക്‌ കവർ മെല്ലെ അയാൾ ഉയർത്തി നോക്കി .മുത്തുകൾ പതിപ്പിച്ച ഒരു പട്ടു സാരി അതിലിരുന്നു തിളങ്ങി .ഒരു സംതൃപ്തിയോടെ അയാളതിലൊന്നു തൊട്ടു . മകൾക്കുള്ള ആ സമ്മാനത്തെ എത്ര താലോലിച്ചിട്ടും മതിയാകുന്നില്ല. മനസ്സ് പോലെ പോക്കറ്റും നിറഞ്ഞ ആ ദിവസം ഒരുപാടു നാളായി കാത്തുവെച്ച ആഗ്രഹം സാധിച്ചിരിക്കുന്നു !ഈ ചിന്തകൾക്കിടയിലൊന്നും ചുറ്റുമുള്ള ട്രാഫിക്‌ ജാമ്മും വാഹങ്ങളുടെ ഞരക്കവും അയാൾ ശ്രദ്ധിച്ചില്ല .
"ഈ ബസിതെങ്ങൊട്ടാ പോകുന്നെ?",ഒരു യാത്രക്കാരന്റെ ശബ്ദം ഗൃഹനാഥനെ  ഉണർത്തി. ആരോ ഒരിരുമ്പ് ചങ്ങല മെല്ലെ വലിക്കുന്നത്റ പോലെ .പുറത്തേക്കു നോക്കിയ അയാൾ കണ്ടു , അ ചങ്ങലയുടെ ഒരു ചെറിയ കണ്ണി മാത്രമാണ് അയാളിരിക്കുന്ന ബസ്സ്‌.
"നഗരത്തിൽ പാർട്ടിക്കാരുടെ പ്രചാരണം പൊടിപൊടിക്കുകയാ .എല്ലായിടത്തും ബ്ലോക്ക് !ഇന്ന് അവസാന ദിവസോല്ലേ ?ഈ റൂട്ട് ഒന്ന് പിടിച്ചു നോക്കട്ടെ. ", കണ്ടക്ടറുടെ മറുപടിയെത്തി .
"ഈ വഴി പോയാൽ എവിടെ ചെന്ന് കേറും ?"നമ്മുടെ ഗൃഹനാഥൻ ചോദിച്ചു .
കണ്ടക്ടർ അയാളുടെ ചോദ്യം കേട്ടതായി പോലും ഭാവിച്ചില്ല .
"ഇവിടെ ഇറങ്ങട്ടെ ?"അയാൾ പിന്നെയും ചോദിച്ചു ,പിന്നെ ചുറ്റും നോക്കി .തന്നെ പോലെ തന്നെ ബാക്കിയുള്ളവരും എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയാണ്.ചിലർ അവിടെ ഇറങ്ങി .ചിലർ ഇറങ്ങണമോ  വേണ്ടേ എന്നറിയാതെ എഴുന്നേറ്റ് നിൽക്കുന്നു .
"സാറിന് മണക്കാടല്ലേ പോവെണ്ടേ ? അങ്ങോട്ട്‌ പോകും ,ബ്ലോക്കില്ലെങ്കിൽ !'ഇത്രയും പറഞ്ഞു അയാൾ മുന്നിലേക്ക്‌ പോയി .

                                                      ***************************

ബസ്സ്‌ റൂട്ട് മാറി സഞ്ചരിക്കാൻ തുടങ്ങിയിട്ട് അര മണിക്കൂറിലേറെയായി .
"പഴയ വഴി പോയപ്പോൾ ബസ് അനങ്ങുന്നുണ്ട് എന്ന് പറയാമായിരുന്നു ".പുറകിലിരിക്കുന്ന ഒരു വീട്ടമ്മ പിറുപിറുത്തു .
"പിന്നല്ലാതെ ,വീട്ടിലെത്തിയിട്ടു വേണം പിള്ളേർക്ക് വല്ലതും വെച്ചുണ്ടാക്കാൻ ".അടുത്തിരുന്ന വീട്ടമ്മയും തന്റെ ആവലാതി അറിയിച്ചു .പിന്നെ വൈകിയില്ല ,യാത്രക്കരോരോന്നായി പരാതി പറയാൻ തുടങ്ങി .പരാതിയും പരിഭവവും പിന്നെ ദേഷ്യമായി , അതുപിന്നെ ക്ഷോഭമായി. 
അപ്പോഴാണ്‌ കണ്ടക്ടറുടെ പ്രഖ്യാപനം വന്നത് 
"ഇനി മുന്നോട്ടു പോവില്ല .എല്ലാരും ഇറങ്ങിക്കോ .", കനലിനെ ആളിപ്പടർത്തുന്ന വാക്കുകൾ !.എന്തിനും തയ്യാറായി ബസിനകത്തിരുന്ന പുരുഷന്മാർ പിന്നെയൊന്നും കേൾക്കാൻ നിന്നില്ല. കണ്ടക്ടറുടെ കോളറിനു പിടിച്ചു ,ബസിൽ ചേർത്ത് നിർത്തി ഇടിച്ചു . കണ്ടക്ടർ കൈ കൂപ്പി തല്ലരുതെന്നു അപേക്ഷിക്കും വരെ !
"ഞാനെന്തു ചെയ്യാനാ സാറന്മാരെ .മുഖ്യമന്ത്രി വരണോണ്ടല്ലേ ? ഈ റൂട്ടിൽ പ്രശ്നമില്ലെന്ന് വിചാരിച്ചാ ഞാൻ .......",കണ്ടക്ടർ കരഞ്ഞുകൊണ്ട്‌ തന്റെ നിസ്സഹായാവസ്ഥ അവരെ ബോധ്യപ്പെടുത്തി. എല്ലാവരും ഒന്ന് ശാന്തരായി .പക്ഷെ അതുവരെ മിണ്ടാതിരുന്ന നമ്മുടെ ഗൃഹനാഥനു കോപം അണപൊട്ടി .അയാൾ തൊടുത്തു വിട്ട ശരം പോലെ ആ 'നിസ്സഹായന്റെ' നേരെ കുതിച്ചു.
"തന്നോട് ഞാൻ ചോദിച്ചതല്ലേ ,അവിടെ ഇറങ്ങിക്കോട്ടേ എന്ന് ?അവിടെ ആ ഓട്ടോ സ്റ്റാൻഡിന് മുന്നില് വെച്ചല്ലേ ഞാൻ ചോദിച്ചത് ?അവിടേ ഇറക്കി വിട്ടിരുന്നെങ്കിൽ ഞാൻ ഓട്ടോ പിടിച്ചു പോയേനെ .വീട്ടിലെന്റെ മോള് മാത്രേ ഉള്ളു .ഓരോ മിനിറ്റ് വൈകും തോറും എന്റെ ഉള്ളിൽ തീയാ .അറിയോ ?".
അയാളുടെ കണ്ണുകളിൽ അഗ്നി പടർത്തിയത്‌ അയാളുടെ നെഞ്ചിലെ ഈ ആവലാതി തന്നെ ആയിരിക്കണം  .കയ്യിൽ മുറുകി പിടിച്ചിരിക്കുന്ന ആ കവർ അയാളുടെ സ്നേഹവും ആയിരിക്കണം.
"സാറെ ,സിറ്റിയിലെ ഓട്ടോയൊക്കെ പ്രതിപക്ഷക്കാര് ബുക്ക്ചെയ്തിരിക്കുവാ ,അവരുടെ ഓട്ടോ റാലിക്ക് !"കണ്ടക്ടറെ സഹായിക്കാനെത്തിയ ഡ്രൈവർ പറഞ്ഞു .
"എല്ലാ പാർട്ടിയും കണക്കാ ",ഒരു വയസ്സൻ പറഞ്ഞു .
ചുറ്റും കൂടി നിന്നവർ ഇതുപോലെ കുറ്റപ്പെടുത്തലുകളും സഹതാപ വർഷവുമായി അവരവരുടെ റോളുകൾ ഭംഗിയാക്കി .ആരെയും കുറ്റപ്പെടുത്താൻ അയാൾ നിന്നില്ല .പട്ടുസാരിയും കയ്യിൽ പിടിച്ചു ബസിന്റെ പടികളോരോന്നായി ഇറങ്ങുമ്പോഴും നെഞ്ഞിനുള്ളിലെ തീയണക്കാൻ ഏതു വഴി പോകണമെന്ന് അയാൾക്ക്പി ടിത്തം കിട്ടിയില്ല .

                                                           *********************

സമയം ഏറെയായി .അയാൾ നടക്കാൻ തുടങ്ങിയിട്ട് തന്നെ അര മണിക്കൂറായി .ഇതിനോടകം മകളുടെ മൂന്നു മിസ്സ്‌ കോളുകൾ അയാൾക്ക് വന്നു കഴിഞ്ഞു. മകളെക്കുറിച്ചുള്ള ആശങ്കകൾ ഇപ്പോൾ ആ അച്ഛനെ തളർത്തുന്നില്ല ,വേഗം കൂട്ടുന്നത്തെ ഉള്ളു .എല്ലാം ദൈവത്തിലർപ്പിച്ചു അയാൾ നടക്കുന്നു ,മകളുടെ പുഞ്ചിരിക്ക് വേണ്ടി ,പരിഭവങ്ങളില്ലാത്ത അവളുടെ ഒരു ദിവസത്തിന് വേണ്ടി .അയാളോടൊപ്പം നടക്കാൻ മുന്നിലും പിന്നിലുമായി ഒരുപാട് സാധാരണക്കാരുണ്ട് ,അയാളെ പോലെ തന്നെ ആശങ്കകളുടെ ഭാരവും പേറി അവരും നടക്കുകയാണ് .അതിൽ വീട്ടമ്മ മാരുണ്ട് .അവരുടെ ഉള്ളിൽ  തെളിയുന്നത്  ഭർത്താവിന്റെയും കുഞ്ഞുങ്ങളുടെയും മുഖമാണ് .ജോലി കഴിഞ്ഞു മടങ്ങുന്ന സ്ത്രീ -പുരുഷന്മാർ .ഇതുപോലെ ഒരു ദിവസം മതി, നൂൽപ്പാലത്തിലൂടെ നീങ്ങുന്ന അവരുടെ ജീവിതവും തകിടം മറിയും .പക്ഷെ അയാളുടെ മുന്നിൽ നടക്കുന്നത് ഒരു കുട്ടിയാണ് .പത്തു വയസ്സ് തോന്നിപ്പിക്കുന്ന ഒരു പെണ്‍കുട്ടി .അമ്മയുടെ കൈ പിടിച്ചു അവളും നടക്കുകയാണ്, ആ നഗരത്തെയാകെ തന്റെ വിടർന്ന കണ്ണുകളിൽ അടക്കം ചെയ്യാൻ ശ്രമിച്ചുകൊണ്ട്‌. നടക്കുന്നത് മുന്നോട്ടാണെങ്കിലും നോക്കുന്നത് എങ്ങോട്ടാണെന്ന് പറയാൻ കഴിയില്ല. മുതിർന്നവരും കുട്ടികളും തമ്മിലുള്ള വ്യത്യാസം അവിടെയാണ് .മുതിർന്നവർ മനസിലുള്ളത് മാത്രമേ കാണു ,ചുറ്റുമുള്ളത് അവർക്ക് പ്രശ്നങ്ങളായിരിക്കും .എന്നാൽ കുട്ടികൾ ,അവർ ചുറ്റുമുള്ളത് കാണും ,മനസ്സു നിറയെ പ്രശ്നങ്ങൾ (ചോദ്യങ്ങൾ) ആയിരിക്കും. അയാൾ തിരിഞ്ഞു നോക്കി പുറകിൽ ഒരു വൃദ്ധൻ മകളുടെ കൈപിടിച്ച് നടക്കുകയാണ് .ആ കാഴ്ച ആദ്യം അയാളുടെ മനസ്സിൽ നിറച്ചത് ഒരു പുഞ്ചിരിയാണ് .'സർക്കാരിന്റെ മുന്നിൽ എല്ലാരും സമന്മാരാണ് 'അയാളോർത്തു . അവിടെ പത്തിനും അൻപതിനും എഴുപതിനും തമ്മിൽ ഒരു ഭേദവുമില്ല 'അതെ മുന്നിൽ ,സർക്കാരിന്റെ മുന്നിലൂടെ പാവപ്പെട്ടവാൻ കഷ്ടപ്പാടിന്റെ കോണിപ്പടികൾ കേറുന്നു .അതെ സർക്കാരിന്റെ തലപ്പത്തിരിക്കുന്നവൻ ഇന്ന് ഏതോ ഒരു കോണിൽ തന്റെ ഭരണ നേട്ടങ്ങളുടെ ഭാണ്ടക്കെട്ടഴിക്കുകയാവും.അതിനെതിരെ പൊരുതേണ്ടവർ വാളെടുക്കലെന്ന പേരിൽ പ്രഹസനങ്ങൾ നടത്തുന്നു .ഹർത്താൽ നടത്തുന്നു .വാഹങ്ങൾ നശിപ്പിക്കുന്നു .കടകൾ അടപ്പിക്കുന്നു .വെട്ടുന്നു .കുത്തുന്നു .ഒടുവിൽ ചാവുന്നു .അവിടെയും സാധാരണക്കാരന്റെ ജീവിതമാണ് ബലികഴിക്കപ്പെടുന്നത് '."അയ്യോ .......,അച്ഛാ, എന്ത് പറ്റി ? ",പുറകിൽ നിന്നായിരുന്നു ആ നിലവിളി .അയാൾ തിരിഞ്ഞു നോക്കിയപ്പോൾ വൃദ്ധൻ റോഡിൽ വീണു കിടക്കുന്നു .

ഒരു വലിയ ജനക്കൂട്ടത്തിനു നടുവിൽ ആ  വൃദ്ധൻ ബോധമില്ലാതെ കിടന്നു .ആ മകളുടെ കണ്ണീരും നിലവിളിയും ആരുടേയും സഹതാപം പടിച്ചു പറ്റിയില്ല. ഗൃഹനാഥന്റെ  സഹായഭ്യർത്ഥനയും ആരും കേട്ടില്ല. 'ഒരു മരുഭൂമിയും ചുറ്റും നോക്കുകുത്തികളും !! ', അയാൾ ചിന്തിച്ചു.
"എല്ലാത്തിനും കാരണം ആ മുഖ്യമന്ത്രിയാ . അയാൾ രാജി വെച്ചാൽ എല്ലാം നേരയാവും ".നല്ല ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനായിരുന്നു അത് .ബസ്സിലെ കണ്ടക്ടറെ 'കൈകാര്യം ' ചെയ്യാനും മുന്നിലുണ്ടായിരുന്നു 'ഈ ദേഹം'.
"അങ്ങനെ എല്ലാം ഭരിക്കുന്നവരുടെ തലേൽ വെച്ച് ഒഴിയാൻ വരട്ടെ .പ്രതിപക്ഷക്കാരും അത്ര മോശമൊന്നുമല്ല .ഈ പാവത്തിന് ഇങ്ങനെ കിടക്കേണ്ടി വന്നതിനു കാരണം അവരുടെ ഓട്ടോ റാലിയാ .അല്ലെങ്കിൽ ഇവർ ഓട്ടോ പിടിച്ചു പോയേനെ !". എതിർപ്പുമായി എവിടുന്നോ മറ്റൊരു 'ദേഹം ' വന്നു ."
"എങ്കിൽ ഈ വരുന്ന election നു താൻ അവർക്ക് തന്നെ വോട്ട് കൊടുക്ക്‌. ഒരു അഞ്ചു വർഷം കൂടി അവർ ഭരിച്ചു മുടിപ്പിക്കട്ടെ .അപ്പോഴേ തന്നെപോലുള്ളവർ പഠിക്കൂ ."
"ഞാൻ ആർക്കു വോട്ട് ചെയ്യണമെന്നു താൻ തീരുമാനിക്കണ്ട .ഞാനിതുപോലെ കുറേ ......"
"സുഹൃത്തേ...",ഗൃഹനാഥൻ ഇടപെട്ടു .നിങ്ങൾ വഴക്കിട്ട് തീർക്കുന്ന ഈ സമയം മതിയല്ലോ , ഇയാളെ ആശുപത്രിയിലെത്തിക്കാൻ .നമ്മൾ എല്ലാവരും അത്യാവശ്യക്കാരാ .എല്ലാവർക്കും വീട്ടിൽ പോയാൽ കൊള്ളാമെന്നുണ്ട് .എല്ലാ ആവശ്യങ്ങളും മറന്നു കുറച്ചു പേർ സഹായിക്കാൻ നിൽക്കുമ്പോൾ നിങ്ങളിങ്ങനെ വഴക്ക് കൂടുന്നത് ശെരിയാണോ ? ഒരു വണ്ടി വിളിച്ചു സഹായിച്ചുകൂടെ ?",അയാൾ ചോദിച്ചു .ആ രണ്ടു പ്രതിയോഗികളും തൊടുത്തു വിടാൻ കരുതി വെച്ച അസ്ത്രങ്ങളുമായി പിൻവാങ്ങി. പക്ഷെ അയാളുടെ സഹായഭ്യർത്ഥന ഇപ്പോഴും അവർ കേട്ടില്ല .
"ഈ സമയത്ത് വണ്ടി ഒന്നും കിട്ടുമെന്ന് തോന്നുന്നില്ല .ആംബുലൻസ് വിളിക്കുന്നത ബുദ്ധി ",ചുറ്റും കൂടി നിന്നവരിൽ ഒരാൾ ഒരു നിർദേശം മുന്നോട്ടു വെച്ചു .
"ആംബുലൻസ് വരുവോ  ?" ഒരു വീട്ടമ്മക്ക് സംശയം .
"വരുമോ എന്ന് നോക്കാം ",അയാൾ മറുപടി നൽകി .അങ്ങനെ ആംബുലൻസ് എന്ന അവസാന ഉപായത്തിലേക്ക് അവർ എത്തിച്ചേർന്നു .

                                                    *************************

"പേടിക്കണ്ട മോളേ .അച്ഛനിപ്പോ എത്തും .നീ ഞാൻ വന്നിട്ട് കതകു തുറന്നാൽ മതി കേട്ടോ.ഗേറ്റ് അടച്ചോ ? വാതിലോ ?വലിയമ്മയെ വിളിച്ചു പറഞ്ഞല്ലോ ?പുറകിലത്തെ വാതിൽ കുറ്റിയിടാൻ മറക്കണ്ട .പിന്നെ ഞാൻ നിനക്ക് ഒരു ....." അയാൾ കയ്യിലെ പ്ലാസ്റ്റിക്‌ കവറിലേക്ക് നോക്കി .പക്ഷെ കവർ കയ്യിൽ കണ്ടില്ല. ഒരു നിമിഷം ഭൂമി നിശ്ചലമായാത് പോലെ തോന്നി, ആ അച്ഛന് .
"ഒന്നുമില്ല മോളെ നീ ഫോണ്‍ വെച്ചോ . ഞാനങ്ങു എത്തിയേക്കാം ".അയാൾ ഫോണ്‍ വെച്ച് .അന്ന് സന്ധ്യക്ക് വന്ന വഴികളിലൂടെയും കടന്നു പോയ മുഹൂർത്തങ്ങലിലൂടെയും മനസ് ചീറിപ്പഞ്ഞു. 'എവിടെ വെച്ചായിരിക്കാം അത് നഷ്ടപ്പെട്ടിട്ടുണ്ടാവുക . എവിടെ വെച്ചാണ് ഞാൻ എന്നെ തന്നെ മറന്നത് ?'. തന്നോട് തന്നെ ദേഷ്യം തോന്നിയ ആ നിമിഷം അയാൾ ആ ഹോസ്പിറ്റൽ വരാന്തയിൽ തളർന്നിരുന്നു .'റോഡിലൂടെ നടന്നപ്പോൾ കയ്യിലുണ്ടായിരുന്നു .വൃദ്ധന്റെ  അടുത്തിരുന്നപ്പോഴും ഞാനത് മുറുകെ പ്പിടിച്ചിരുന്നു . ആംബുലൻസിൽ ? അതെ ആംബുലൻസിൽ കയറിയപ്പോൾ അത് കയ്യിലില്ലായിരുന്നു. '.അയാളുടെ മുഖത്ത് ഒരു പരിഹാസച്ചിരി പടർന്നു .ചിലർ പറയുന്നത് എത്ര ശരിയാണ് .ആരെയെങ്കിലും സഹായിക്കാനിറങ്ങിയാൽ അതുവരെ അനുഭവിച്ചിട്ടില്ലാത്ത ദുരിതങ്ങളെല്ലാം ഓരോന്നോരോന്നായി തേടി വരും .'

അടുത്താരോ വന്നു നിൽക്കുന്നതായി അയാൾക്ക്‌ തോന്നി . അയാൾ തല ഉയരത്തി നോക്കി .വൃദ്ധന്റെ മകളാണ് .
"വളരെ നന്ദിയുണ്ട് . ആ സമയത്ത് അങ്കിൾ സഹായിചില്ലായിരുന്നുവെങ്കിൽ ..."
"അച്ഛനിപ്പോൾ എങ്ങനെ ? ആംബുലൻസ് എത്താൻ കുറച്ചു വൈകിയില്ലേ ? അതുകൊണ്ടെന്തെങ്കിലും ...?"
"ഇല്ല ,ഡോക്ടർ കുഴപ്പമോന്നുമില്ലെന്നാ പറഞ്ഞത് .ഇത് അച്ഛന്റെ രണ്ടാമത്തെ അറ്റാക്ക്‌ ആണ് .അതുകൊണ്ട് കുറച്ചൊന്നു സൂക്ഷിക്കാൻ പറഞ്ഞിട്ടുണ്ട്".
അവൾ ഒന്ന് നിർത്തി .ഒരു പരുങ്ങലോടെ വീണ്ടും പറഞ്ഞു തുടങ്ങി .
"കുറച്ചു പൈസ ചിലവായെന്നറിയാം . അത്രയും കാശ് ഇപ്പോൾ എന്റെ കയ്യില ഇല്ല . "
അയാൾ പോക്കറ്റിലേക്ക് നോക്കി .'ശമ്പളം എണ്ണിനോക്കാൻ പോലും പറ്റിയില്ല .മീനുന്റെ ഫീസിനു  ഇനി ...'
"ഞാനെന്റെ ചേട്ടനെ വിവരം അറിയിച്ചിട്ടുണ്ട് .ചേട്ടൻ ഇപ്പോൾ എത്തും. കുറച്ചു വെയിറ്റ് ചെയ്യാമെങ്കിൽ ...?"
"ഇല്ല മോളെ. എനിക്ക് വീട്ടിൽ എത്രയും പെട്ടെന്ന് എത്തിയാലേ പറ്റു . എന്റെ മോള് വീട്ടിൽ തനിച്ചേ ഉള്ളു. ഇപ്പോൾ തന്നെ ഒരുപാട് വൈകി . അവളാകെ പേടിചിരിക്കയാ ". അയാളുടെ മുഖത്ത്  വീട്ടിൽ   എത്താൻ കഴിയുന്നതിന്റെ ആശ്വാസമായിരുന്നു.
"എങ്കിൽ അങ്കിളിന്റെ അഡ്രസ്‌ പറഞ്ഞാലും മതി ."
"ഞാൻ നിന്നെ കണ്ടപ്പോൾ എന്റെ മീനു മോളെ ഓർമ്മ വന്നു .ഒരു പക്ഷെ അവൾക്കാണ് ഈ ഗതി വന്നതെങ്കിലെന്നു ചിന്തിച്ചു പോയി . അത്കൊണ്ട നിങ്ങളെ സഹായിച്ചത് . പിന്നെ  കാശ്  ഞാനെന്റെ സ്വന്തം മകൾക്ക് വേണ്ടി ചിലവിട്ടതാണെന്ന് കരുതിക്കോളാം .എനിക്കിപ്പോൾ പോയാലെ പറ്റു."അയാൾ വിട പറഞ്ഞു അവിടെ നിന്നിറങ്ങി.

                                                                  ***********************
ഓഫീസിൽ നിന്ന് പുറപ്പെട്ടിട്ട് ഇപ്പോൾ നാലഞ്ച് മണിക്കൂറുകൾ കഴിഞ്ഞിരിക്കണം .' മീനൂനെ ഒന്ന് വിളിച്ചാലോ ? അല്ലെങ്കിൽ വേണ്ട .എന്തായാലും വീടെത്താറായി '. ആ പഴയ വീടിന്റെ മേല്ക്കൂരയിലെ ഓടുകൾക്കിടയിലൂടെ വരുന്ന വെളിച്ചം മനസ്സിൽ ആശ്വാസത്തിന്റെ കുളിർമഴ പെയ്യിക്കുന്നത് അന്നാദ്യമായി അയാൾ അറിഞ്ഞു .പക്ഷെ ആരാണവർ ?.ഗേറ്റിനു പുറത്തു വരുന്ന വെളുത്ത രൂപങ്ങളെക്കണ്ട് അയാൾ പേടിച്ചു.ഞരമ്പിലൂടെ തണുത്ത രക്തം ഓടുന്നത് പോലെ അയാള്ക്ക് തോന്നി. ഇരുട്ടിലൂടെ ആ വെണ്മ മായുന്നത് വരെ അയാള്ക്ക് അനങ്ങാൻ പോലും കഴിഞ്ഞില്ല.

അയാൾ കോളിംഗ് ബെല്ലടിച്ചു .മീനു കതകു തുറന്നു . കണ്ണുകളിൽ ഭയമില്ല ,മുഖത്ത് ഒരു കുസൃതി ചിരിയുണ്ട് .ഒരു വെളുത്ത കോലിനെ ഓർമിപ്പിക്കും അവളുടെ രൂപം .
"നിന്നോട് ഞാൻ പറഞ്ഞതല്ലേ ഗേറ്റ് പൂട്ടാൻ ?", അയാൾ ദേഷ്യപ്പെട്ടു .
"അത് അച്ഛാ ..വലിയമ്മ വന്നിരുന്നു .അപ്പോൾ തുറന്നതാ .പിന്നെ പൂട്ടാൻ മറന്നു പോയി ",അവൾ ചിണുങ്ങി .
"ഇപ്പോളാരാ വന്നത് ?"
"ഓ , അതോ . അത് പാർട്ടിക്കാരാ , വോട്ട് പിടിക്കാൻ "
"ഈ രാത്രിയിലോ ?"
"ങ്ഹാ . കുറെ നേരം ബെല്ലടിച്ചു . ഞാൻ തുറന്നില്ല ", അവൾ ചിരിച്ചു .
ആ ചിരിയിൽ അയാളുടെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി . അയാൾ അവളുടെ തലയിൽ വാത്സല്യപൂർവ്വം തലോടി .
"നിനക്കുള്ള സാരി ഞാനിവരെ ഏൽപ്പിച്ചിട്ടുണ്ട് . കടമായിട്ടാ ! എന്നെങ്കിലും തിരിച്ചു തരുമായിരിക്കും "
മീനുനു ഒന്നും മനസിലായില്ല .അവൾ അച്ഛനെ വല്ലാതെ ഒന്ന് നോക്കി.അയാൾ പോക്കറ്റിൽ നിന്ന് രണ്ടായിരം രൂപ പുറത്തെടുത്തു.
"ഇതുവരെ മാറി മാറി ഭരിച്ച സർക്കാരുകളുടെ കാരുണ്യം കൊണ്ട് പതിനായിരം രൂപ ഏഴായിരം ആയി . ഇനി ഭരിക്കാനിരിക്കുന്നവരുടെ കാരുണ്യം കൊണ്ട് ഇന്നത്‌ രണ്ടായിരം ആയി . നിന്റെ സാരി ഇനി അവർ എന്ന് കൊണ്ട് വരുന്നുവോ അന്നേ ഇവർക്കൊക്കെ വോട്ട് ഉള്ളു .....", ഇത്രയും പറഞ്ഞുകൊണ്ട് അയാൾ കസേരയിലേക്ക് ചാഞ്ഞു .തളർന്ന ദേഹത്തിനു തളരാത്ത മനസ്സിനെ താങ്ങാൻ കഴിഞ്ഞില്ല .
"അച്ഛൻ എന്തൊക്കെയാ ഈ പറയുന്നത് ? സാരി എന്തിനാ അവര്ക്ക് കൊടുത്തിട്ട് വന്നത് ?", മീനുനു ചെറിയ പേടി തോന്നി .
"കൊടുത്തതല്ല .. വാങ്ങിച്ചതാ !", മീനുന്റെ മുഖത്തെ പേടി അയാൾ ശ്രദ്ധിച്ചു "ഒന്നുമില്ലെടി മോളെ .നിനക്ക് മനസിലാവില്ല ."അയാൾ അവളെ ആശ്വസിപ്പിച്ചു .





                                                       (അവസാനിച്ചു )

No comments:

Post a Comment