രക്ഷപ്പെടാനുള്ള എല്ലാ മാർഗ്ഗങ്ങളും അടച്ചാണ് അഞ്ജലി ചതിക്കുഴി ഒരുക്കിയത് .അതിന്റെ ആഴം അർജുന്റെ കണ്ണുകളിൽ തീയായി പടർന്നു. കയ്യിൽ വിലങ്ങു വെച്ച് പോലീസ് ജീപ്പിലേക്കു ഇരുത്തുമ്പോൾ അഞ്ജലി അവനെ നോക്കി ചിരിച്ചു .എന്നും അവന്റെ മുഖത്ത് മിന്നിയ ചിരി ,ഇന്ന് അവൻ കണ്ടു ,അഞ്ജലിയുടെ മുഖത്ത് !,അവൻ അലറി ,"ദ്രൗപതീീ ........"
"അഞ്ജലി .......അഞ്ജലി സത്യൻ "അവൾ പതിയെ പറഞ്ഞു ,"ഇനിയെങ്കിലും ആ പേര് മറക്കരുത് ".
ചതി പറ്റിയത് എവിടെയാണെന്ന് ആ നിമിഷം അവൻ തിരിച്ചറിഞ്ഞിരിക്കണം. അവന്റെ മുഖത്ത് നിന്ന് കോപം അപ്രത്യക്ഷമായി .അഞ്ജലി തിരിഞ്ഞു നടന്നു .അതുവരെ ആവിടെ നടന്നതെല്ലാം ഒരു നാടകത്തിലെ രംഗങ്ങളായാണ് പ്രിയയ്ക്ക് തോന്നിയത് .എല്ലാം കേട്ടത് പോലെ വിശ്വസിക്കാൻ അവൾ തയ്യാറായില്ല .അവൾ അഞ്ജലിയുടെ പുറകെ ചെന്ന് അവളെ തടഞ്ഞു.
"നീ വരുമെന്ന് എനിക്കറിയാം ,നിന്റെ മനസ്സിലിപ്പോൾ ആയിരം ചോദ്യങ്ങളുണ്ടെന്നും അറിയാം ."അഞ്ജലി പറഞ്ഞു .
"ഒന്നുകിൽ നീ പോലീസിനോട് പറഞ്ഞതെല്ലാം കള്ളം .അല്ലെങ്കിൽ നീ എന്നോടെന്തോ ഒളിക്കുന്നു .പറ ഇതിലേതാ സത്യം ?",പ്രിയ അവളെ തറപ്പിച്ചു നോക്കി .
" രണ്ടും സത്യമാണ് .രണ്ടും കള്ളവും ",
"എന്നുവെച്ചാൽ ?"
"പ്രിയ ,നീ എന്റെ ഏറ്റവും അടുത്ത ചങ്ങാതിയാണ്".അഞ്ജലി അവളുടെ കൈ പിടിച്ചു ."എന്നിട്ടും ഞാൻ നിന്നോട് ചിലതൊക്കെ മറച്ചു .നീ ചോദിച്ചിട്ടും പലതും പറയാൻ കൂട്ടാക്കിയില്ല .എല്ലാം എന്റെ തെറ്റാണ് .എനിക്ക് അർജുനനെ നേരത്തെ പരിചയമുണ്ട് ........."
പ്രിയയുടെ കണ്ണുകൾ വിടരുന്നത് നോക്കികൊണ്ട് അവൾ തുടർന്നു
"അതെ ,അവൻ എന്റെ അർജുനൻ ആയിരുന്നു പണ്ട് .ഞാൻ അങ്ങനെയാണ് അന്നവനെ വിളിച്ചിരുന്നത് .ഇതുപോലൊരു യാത്രയിൽ പരിച്ചയപെട്ടതാണ് ഞങ്ങൾ ".അഞ്ജലി പ്രിയയോടു പറഞ്ഞു, അർജുന്റെ പ്രണയത്തിന്റെ കഥ .അവന്റെ വഞ്ചനയുടെ കഥ .
പ്രിയയുടെ കണ്ണുകളിൽ ദയയും സ്നേഹവും നിറയുന്നത് അഞ്ജലി ശ്രദ്ധിച്ചു .അവൾ വീണ്ടും പറഞ്ഞു തുടങ്ങി
"ഒരു ജന്മം കരയാനുള്ളത് ഞാനന്ന് ഒരൊറ്റ രാത്രി കൊണ്ട് കരഞ്ഞു .ഒടുവിൽ ഞാനാലോചിച്ചു .ഞാനെന്തിനാണ് കരയുന്നത് .അവന്റെ വലയിൽ വീണുപോയി എന്നുള്ളതാണ് എന്റെ തെറ്റ് .പക്ഷെ അത് എന്റെ മാത്രം തെറ്റായി കണ്ടാൽ അവൻ ഇനിയും പല ജീവിതങ്ങളും തുലൈക്കും .അങ്ങനെയാണ് പ്രതികാരം എന്ന ലക്ഷ്യത്തിലേക്ക് ഞാൻ എത്തിയത് .അതിനു ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ ഞാൻ അഭിനയിച്ചു .പിന്നെ അവനോടു ദേഷ്യപ്പെട്ടു നിന്റെ മനസ്സിൽ സംശയം ഉണ്ടാക്കി .ആ ഒരു കാര്യത്തിൽ മാത്രമാണ് എനിക്കിപ്പോൾ കുറ്റബോധമുള്ളത്."
"ആ മെമ്മറി കാർഡ് ?അതെവിടെന്നു കിട്ടി ?"പ്രിയ ചോദിച്ചു .അഞ്ജലി ചിരിച്ചു ,"അര്ജുന്റെ മൊബൈൽ വാങ്ങിച്ചപ്പോൾ അവനറിയാതെ എടുത്തു .എന്നിട്ടതിനു പകരം എന്റെ പുതിയ കാർഡ് അവന്റെ മൊബൈൽ ഫോണിലിട്ടു .അതിലുള്ള ഫോട്ടോസ് ,അതും സത്യമാണ് .കാർത്തികയുടേം മീനാക്ഷീടേം ചിത്രങ്ങൾ അതിലുണ്ടായിരുന്നു .ഒരു കാര്യവുമില്ലാതെ ഒരാൾ ഒരു പെണ്‍കുട്ടിയെ ചതിക്കില്ലല്ലോ. അങ്ങനെയാണ് മെമ്മറി കാർഡ് എന്നാ ഉപായം എനിക്ക് തോന്നിയത് .എന്റെ ഊഹം ശെരിയായിരുന്നു.ഞാനുൾപ്പടെ 66 പെണ്‍കുട്ടികളുടെ ചിത്രങ്ങൾ !!.".ഇത്രയും കേൾക്കുന്നതിനിടക്ക് പ്രിയ ഒരിക്കൽ പോലും ഇമ ചിമ്മിയില്ല .അഞ്ജലിയുടെ കണ്ണുകളിൽ തന്നെ ദൃഷ്ടിയൂന്നി അവളെ ശ്രദ്ധിച്ചു കൊണ്ടിരുന്നു .
"പക്ഷെ അപ്പോഴും എന്നെ അലട്ടിയ മറ്റൊരു പ്രശ്നം അവന്റെ കൂടെയുള്ള എന്റെ പഴയ ഫോട്ടോകൾ ആയിരുന്നു .അത് അവൻ ഡിലീറ്റ് ചെയ്തു കളഞ്ഞിരുന്നെങ്കിലും പോലീസിന്റെ അതു വീണ്ടെടുത്താൽ എന്റെ ചതി അവർക്ക് മനസിലാകുമായിരുന്നു .ആ മെമ്മറി കാർഡിലെ ചിത്രങ്ങൾ എന്നെന്നേക്കുമായി നശിപ്പിക്കുനത് എങ്ങനെ എന്നറിയാനാണ് ഞാൻ നിതിന്റെ അടുത്ത് പോയത് .
"അപ്പോൾ ആരാണ് ഈ ദ്രൗപതി ?"പ്രിയയുടെ അടുത്ത ചോദ്യം വന്നു.ഈ ചോദ്യം വളരെ നേരമായി പ്രതീക്ഷിച്ചിരുന്നു അഞ്ജലി .
"അർജുന്റെ മുൻപിൽ ഞാൻ ദ്രൗപതി ആയിരുന്നു .അവന്റെ സ്വന്തമാണെന്ന് അവനെ വിശ്വസിപ്പിക്കാൻ ഞാൻ സ്വീകരിച്ച പേര് .താനൊരു ഇര അല്ലെന്നും പ്രതികാരമാനെന്നും സ്വയം ബോധ്യപ്പെടുത്താൻ സ്വീകരിച്ച പേര് .അതാണ് ദ്രൗപതി !അർജുനന്റെ പേരുള്ള ദുശാസ്സനന്മാർ എന്നെപോലുള്ള പെണ്‍കുട്ടികളെ ഇരകളാക്കുമ്പോൾ അവര്ക്ക് രണ്ടാമതൊരു ജന്മം ഉണ്ടെന്നു അറിയിക്കുക ,അതാണ് ദ്രൗപതിയുടെ അവതാര ലക്ഷ്യം ".അഞ്ജലി പറഞ്ഞത് മുഴുവനായും മനസിലാക്കാൻ പ്രിയക്ക് കഴിഞ്ഞില്ല .അത് മനസിലാക്കിയിട്ടെന്ന പോലെ അവൾ തുടര്ന്നു ,"ഒരു പക്ഷെ നാളെ സത്യം പുറത്തു വന്നേക്കാം ,ഞാൻ അവനെ കുടുക്കിയതാനെന്നും അവൻ എന്നെ കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്നും '.പക്ഷെ നമ്മുടെ സമൂഹം അപ്പോഴും ഒരു കാര്യത്തിൽ ഉറച്ചു നിക്കും ,'ഇത് പോലുള്ള ദുശാസ്സനന്മാരാണ് ആദ്യം ശിക്ഷിക്കപ്പെടെണ്ടതെന്നു' .അതാണ് എനിക്ക് വേണ്ടത് !"അഞ്ജലി പറഞ്ഞു നിർത്തി .
എല്ലാ പ്രശ്നങ്ങൾക്കുമൊടുവിൽ നാട്ടിലേക്കുള്ള യാത്രക്ക് തയ്യാറെടുക്കുകയാണ് 'വീണാ ട്രാവെൽസ് '.enquiry പൂർത്തിയാക്കി ഏറ്റവും ഒടുവിലാണ് പ്രിയയും അഞ്ജലിയും എത്തിയത് .ബസിന്റെ പടികൾ കയറാതെ മടിച്ചു നിൽക്കുന്നു പ്രിയ .
"നീയെന്താ വരുന്നില്ലേ ?"അഞ്ജലി സ്റ്റെപ്പിൽ നിന്ന് കൊണ്ട് ചോദിച്ചു .
"എനിക്ക് ഒരു സംശയം കൂടിയുണ്ട് ?"
"എന്ത് ?"
"നീയെങ്ങിനെ കൊക്കയിൽ വീണു ?"
അഞ്ജലി അതിനു മാത്രം ഉത്തരം പറഞ്ഞില്ല .അവൾ ഒന്ന് ചിരിച്ച ശേഷം പ്രിയയോടു കയറി വരാനാവശ്യപ്പെട്ടു .വീണ ട്രാവെൽസ് സൈലന്റ് വാലി കടന്നു കൊല്ലത്തെത്തിയിട്ടും പ്രിയക്കതിനു മാത്രം മറുപടി ലഭിച്ചില്ല
No comments:
Post a Comment