Tuesday, May 9, 2017

ഒരിതൾപ്പൂവ്

ഉറങ്ങുന്ന ആത്മാവിന്റെ പ്രണയദാഹമകറ്റാൻ കല്ലറയിൽ സമർപ്പിക്കപ്പെട്ട റോസാ പുഷ്പം. പക്ഷെ, ഇരുട്ടിൽ പേടിച്ചരണ്ട പൂവിനു ഒരു പുഞ്ചിരി നൽകിയത് പനിമതി ചന്ദ്രൻ  മാത്രം. നിലാവ് കൊണ്ട് അവൻ അവളുടെ കവിളിൽ തഴുകി. പ്രണയത്തിന്റെ ചിഹ്നമായ ആ പനിനീർപ്പൂവ് തന്റെ ഇതളുകൾക്കുള്ളിൽ അവനോടുള്ള പ്രണയം എഴുതിവെച്ചു. 

പക്ഷെ ഇന്ന് തന്റെ ഒടുവിലത്തെ ഇതളും മഴയിൽ അടർന്നു വീഴാനൊരുങ്ങവേ പറയാത്ത പ്രണയത്തെക്കുറിച്ചു അവൾ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??


ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണുപോകുമൊരുനാൾ 
പനിനീരായി പെയ്തൊഴിയും, ഞാനന്നലിയും 
നിന്റെ നിലാമഴയിൽ !

വിരിയുന്നു പുഞ്ചിരി നിന്റെ ചുണ്ടിൽ !
അറിയുന്നോ ? വേദന എന്റെ തണ്ടിൽ .
മിഴിനീരായി പൊഴിയും എന്റെ പ്രണയം 
മൊഴിവാക്കിൽ ചൊന്നതില്ല ഞാനും .

ഒരുനാളുമറിഞ്ഞതില്ല ഞാനീ -
മരുഭൂവിൻ  മരണത്തിൻ ഗന്ധം !
കുളിരോളം തുഴയുമീ തെന്നലും,
മൊഴിയുന്നു ഇന്നെന്റെ മരണം !

ഒരുനാളുമറിഞ്ഞതില്ല രാവ്‌ 
പകലായി ഒഴുകി പൂനിലാവ്.
തുണയേകിയതന്ന് നിലാവെളിച്ചം 
ഭയമേകി നീയില്ലാ-പുലർവെളിച്ചം.

നിത്യം നിഴലാടും നിശയുടെ യാമങ്ങൾ,
മൂകം വിളയാടും ഇരുളിൻ മായങ്ങൾ,
ഞാനീ നനയും വിരഹമഴ, മുഖിൽ
ചെപ്പിൽ നീ കാത്തൊരെൻ മിഴിനീരോ ?

അതിൽ നിൻ ബിംബം പതിഞ്ഞൊരു നീർകണം,
പാത്തുവെക്കുമെൻ തളിരിലകൂട്ടിൽ ഞാൻ.
ഇരുളിൽ ഉരുവാകിയ നിഴലുപോൽ മായുമോ
പുലരി വെളിച്ചത്തിൽ, ഞാൻ കാത്തതെല്ലാം ?

ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണടിയാം പേമാരിയിൽ !
മുള്ളുകൾക്കാവോ തടയാൻ ?
മരണം അതിശക്തം ! നിത്യ സത്യം !

2 comments: